Cricket
സഞ്ജുവിന് എന്ത്‌കൊണ്ട് മതിയായ അവസരം ലഭിക്കുന്നില്ല? ചോദ്യവുമായി അസ്ഹറുദ്ദീന്‍
Cricket

സഞ്ജുവിന് എന്ത്‌കൊണ്ട് മതിയായ അവസരം ലഭിക്കുന്നില്ല? ചോദ്യവുമായി അസ്ഹറുദ്ദീന്‍

Web Desk
|
15 April 2021 8:02 AM GMT

എന്തുകൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിന് മതിയായ അവസരങ്ങള്‍ കിട്ടുന്നില്ലെന്ന് അസ്ഹറുദ്ദീന്‍ ചോദിക്കുന്നു.

പഞ്ചാബ് കിങ്സ് ഇലവനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ സഞ്ജുവിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. എന്തുകൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിന് മതിയായ അവസരങ്ങള്‍ കിട്ടുന്നില്ലെന്ന് അസ്ഹറുദ്ദീന്‍ ചോദിക്കുന്നു. പഞ്ചാബ് കിങ്‌സ് ഇലവനെതിരായ മത്സരത്തിന് ശേഷം സഞ്ജുവിന്റെ പ്രകടനം കണ്ടാല്‍ എല്ലാവരും ചിന്തിക്കുന്ന കാര്യമാണിതെന്നും ട്വിറ്ററിലെഴുതിയ കുറിപ്പില്‍ അസ്ഹര്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ സ്‌ട്രോക്ക് പ്ലേയും ഇന്നിങ്‌സിനെ വേഗത്തിലാക്കാനുള്ള കഴിവും കാണേണ്ട കാഴ്ചയാണെന്നും അസ്ഹര്‍ അഭിപ്രായപ്പെടുന്നു.

63 പന്തിൽ 12 ഫോറും ഏഴ് സിക്‌സറുകളും സഹിതം 119 റൺസാണ് മത്സരത്തില്‍ സഞ്ജു നേടിയത്. രാജസ്ഥാൻ നാല് റൺസിന് മത്സരം കൈവിട്ടെങ്കിലും ഐപിഎല്ലില്‍ തന്‍റെ മൂന്നാം സെഞ്ചുറി കുറിക്കാന്‍ സഞ്ജുവിനായി. റണ്‍സ് ചേസ് ചെയ്യുമ്പോള്‍ രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറില്‍ വീരേന്ദര്‍ സെവാഗിന്‍റെ നേട്ടത്തിനൊപ്പമെത്താനും സഞ്ജുവിനായി. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്(ഇപ്പോഴത്തെ ഡല്‍ഹി ക്യാപിറ്റല്‍സ്) താരമായിരുന്ന വീരു 2011ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ 119 റണ്‍സ് നേടിയിരുന്നു.

ഇതേ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ പഞ്ചാബിനായി പുറത്താകാതെ 120 റണ്‍സ് നേടിയ പോള്‍ വാല്‍ത്താട്ടിയാണ് ഇരുവര്‍ക്കും മുന്നിലുള്ളത്. നേരത്തെ സഞ്ജുവിന് പിന്തുണയുമായി ബ്രായാന്‍ ലാറയും രംഗത്ത് എത്തിയിരുന്നു. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ അവസാന ഓവറിൽ സിംഗിൾ ഓടാതിരുന്നതുമായി ബന്ധപ്പെട്ട വിവാദത്തിനായിരുന്നു ലാറയുടെ പിന്തുണ. അതേസമയം ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

Similar Posts