ബുംറയ്ക്കു പകരം ഷമി; സിറാജും ഷർദുലും ബാക്കപ്പിൽ
|അടുത്ത സന്നാഹ മത്സരത്തിനുമുൻപ് ഷമി ടീമിനൊപ്പം ചേരുമെന്ന് ബി.സി.സി.ഐ വാർത്താകുറിപ്പിൽ അറിയിച്ചു
ന്യൂഡല്‍ഹി: പരിക്കേറ്റു പുറത്തായ ജസ്പ്രീത് ബുംറയ്ക്കു പകരക്കാരനായി മുഹമ്മദ് ഷമിയെ ടി20 ലോകകപ്പ് സംഘത്തിൽ ഉൾപ്പെടുത്തി. ബി.സി.സി.ഐ വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലോകകപ്പ് റിസർവ് ടീമിലുണ്ടായിരുന്ന ഷമി നേരത്തെ തന്നെ ആസ്‌ട്രേലിയയിലെത്തിയിട്ടുണ്ട്.
ആസ്‌ട്രേലിയയ്‌ക്കെതിരെ ടി20 പരമ്പരയ്ക്കിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. നേരത്തെയുണ്ടായിരുന്ന പുറംവേദന വീണ്ടും ഗുരുതരമായതാണ് താരത്തിനു തിരിച്ചടിയായത്. ഡോക്ടർമാർ ആറു മാസത്തോളം വിശ്രമവും പ്രത്യേക പരിചരണവും നിർദേശിച്ചതോടെയാണ് ബുംറ ലോകകപ്പ് സംഘത്തിൽനിന്നും പുറത്തായത്.
അടുത്ത സന്നാഹ മത്സരത്തിനുമുൻപ് ഷമി ടീമിനൊപ്പം ചേരുമെന്നാണ് ബി.സി.സി.ഐ വാർത്താകുറിപ്പിൽ പറയുന്നത്. ബാക്കപ്പ് താരങ്ങളായി മുഹമ്മദ് സിറാജും ഷർദുൽ താക്കൂറും ഉടൻ ആസ്‌ട്രേലിയയിലേക്കു തിരിക്കുമെന്നും ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. ബാക്കപ്പ് സംഘത്തിലുണ്ടായിരുന്ന ദീപക് ചഹാറിനും പരിക്കേറ്റതോടെയാണ് ഇരുവരെയും സിറാജിനെയും ഷർദുലിനെയും പകരക്കാരായി തിരഞ്ഞെടുത്തത്.
ഷമി അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടില്ലെന്നത് ആശങ്കയായി നിലനിൽക്കുന്നുണ്ട്. ഏഷ്യാ കപ്പിൽ ഇന്ത്യൻ സംഘത്തിൽ ഷമി ഉൾപ്പെട്ടിരുന്നില്ല. ഇതിനുശേഷം നടന്ന ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരകളിലും കളിച്ചിരുന്നില്ല. ഇതിനിടെ കോവിഡ് ബാധിതനാകുകയും ചെയ്തിരുന്നു.
ഞായറാഴ്ചയാണ് ടി20 ലോകകപ്പിന് തുടക്കമാകുന്നത്. ശ്രീലങ്കയും നമീബിയയും തമ്മിലാണ് ആദ്യ മത്സരം. അടുത്തയാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 23ന് പാകിസ്താനെയാണ് ആദ്യ മത്സരത്തിൽ ഇന്ത്യ നേരിടുന്നത്.
Summary: BCCI officially announces Mohammed Shami as Jasprit Bumrah's replacement in India's T20 World Cup squad while Shardul Thakur and Mohammed Siraj have been added as standby players