Cricket
Mohammed Shami Wife Goes To Supreme Court For Arrest Warrant
Cricket

'ബിസിസിഐ ടൂറിനിടെ പരസ്ത്രീ ബന്ധം'; ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ സുപ്രിം കോടതിയിൽ

Web Desk
|
3 May 2023 2:49 AM GMT

കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് ഹസിൻ ജഹാൻ സുപ്രിംകോടതിയെ സമീപിച്ചത്.

ഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ സുപ്രിംകോടതിയില്‍. ഷമിക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കണമെന്നാണ് ആവശ്യം. അറസ്റ്റ് വാറന്‍റിലെ സ്റ്റേ നീക്കാതിരുന്ന കല്‍ക്കത്ത ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് ഹസിൻ ജഹാൻ സുപ്രിംകോടതിയെ സമീപിച്ചത്.

2018ലാണ് ഹസിന്‍ ഷമിക്കെതിരെ ഗാര്‍ഹിക പീഡന പരാതി ഉന്നയിച്ചത്. ഷമി സ്ത്രീധനം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നാണ് ഹസിന്‍ ജഹാന്‍റെ ആരോപണം. ലൈംഗികത്തൊഴിലാളികളുമായി ഷമിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഹസിന്‍ ആരോപിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പര്യടനങ്ങൾക്കിടെ ഹോട്ടൽ മുറികളിൽ വച്ചാണ് ഇതൊക്കെ നടന്നതെന്നും ഹസിൻ ജഹാൻ പരാതിയില്‍ പറയുന്നു.

ഹസിന്‍റെ പരാതിയിൽ 2019 ആഗസ്ത് 29ന് അലിപൂരിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. ഈ വിധിക്കെതിരെ 2019 സെപ്തംബര്‍ 9ന് ഷമി സെഷൻസ് കോടതിയെ സമീപിച്ചു. സെഷൻസ് കോടതി ഷമിക്കെതിരായ അറസ്റ്റ് വാറന്‍റും മുഴുവന്‍ ക്രിമിനല്‍ വിചാരണാ നടപടികളും സ്റ്റേ ചെയ്തു. തുടർന്ന് ഹസിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ നീക്കിയില്ല. 2023 മാര്‍ച്ച് 28നുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹസിന്‍ ഇപ്പോള്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

വേഗത്തിലുള്ള വിചാരണയ്ക്കുള്ള തന്റെ അവകാശം ലംഘിക്കുന്ന വിധിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്ന് ഹസിന്‍ ജഹാന്‍ ആരോപിച്ചു. സെലിബ്രിറ്റികൾക്ക് നിയമത്തില്‍ പ്രത്യേക പരിഗണന നൽകരുത്. കഴിഞ്ഞ നാലു വര്‍ഷമായി വിചാരണയില്‍ ഒരു പുരോഗതിയുമില്ല. അറസ്റ്റ് വാറന്‍റിനെതിരെ മാത്രമാണ് പ്രതി കോടതിയെ സമീപിച്ചത്. വിചാരണക്കെതിരെയല്ല. സെഷന്‍സ് കോടതി പക്ഷപാതപരമായി പ്രവര്‍ത്തിച്ചെന്നും ഹസിന്‍ ഹരജിയില്‍ ആരോപിച്ചു.

Summary- The wife of Indian cricket team player Mohammed Shami on Tuesday moved the Supreme Court against the Calcutta High Court order which had dismissed her plea seeking to lift stay on the arrest warrant against Shami by issued by a local court

Related Tags :
Similar Posts