Cricket
പിച്ച് തിരിയുന്നുണ്ട്, അശ്വിൻ തീർക്കും: രണ്ടാം ടെസ്റ്റിൽ പ്രവചനവുമായി സിറാജ്
Cricket

'പിച്ച് തിരിയുന്നുണ്ട്, അശ്വിൻ തീർക്കും': രണ്ടാം ടെസ്റ്റിൽ പ്രവചനവുമായി സിറാജ്

Web Desk
|
24 July 2023 1:32 PM GMT

ഒരു ദിനം ബാക്കിയിരിക്കെ ഇന്ത്യക്ക് ജയിക്കാൻ എട്ട് വിക്കറ്റ് മതി

ഡൊമിനിക്ക: വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയത്തിന് അടുത്താണ്. ഒരു ദിനം ബാക്കിയിരിക്കെ ഇന്ത്യക്ക് ജയിക്കാൻ എട്ട് വിക്കറ്റ് മതി. എന്നാൽ വിൻഡീസിനാകട്ടെ ജയിക്കാൻ വേണ്ടത് 289 റൺസും. പ്രതിരോധിച്ച് സമനില നേടാനൊന്നും വിൻഡീസിന് കഴിയില്ല. ഇന്ത്യയുടെ ടോപ് ഓർഡർ ബൗളർമാരെ കീറിമുറിക്കാൻ പോന്ന ബാറ്റർമാരൊന്നും നിലവിൻ വിൻഡീസ് നിരയിൽ ഇല്ല താനും.

രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ പുറത്തെടുത്തത് പോലെ ബേസ്‌ബോൾ പ്രകടനം വിൻഡീസിന് കാഴ്ചവെക്കാനായാൽ അവര്‍ക്ക് പ്രതീക്ഷയുണ്ട് താനും. എന്നാൽ അതിനൊന്നും സാധ്യതയില്ലെന്ന് പറയുകയാണ് പേസ് ബൗളർ മുഹമ്മദ് സിറാജ്. വിൻഡീസ് ബാറ്റിങ് ഓർഡറിൽ അശ്വിൻ നാശംവിതക്കുമെന്ന് സിറാജ് പറഞ്ഞു.

'വിക്കറ്റിന്റെ സ്വഭാവം നോക്കുകയാണെങ്കിൽ അശ്വിന് അനുകൂലമാണ്. പന്ത് തിരിയുന്നുണ്ട്'- സിറാജ് പറഞ്ഞു. രണ്ടാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റ് പ്രകടനവുമായി കളം നിറഞ്ഞിരുന്നു സിറാജ്. തന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തെ മതിപ്പോടെയാണ് സിറാജ് നോക്കുന്നത്.

ഫ്‌ളാറ്റ് വിക്കറ്റിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് സിറാജ് പറഞ്ഞു. 'മത്സരത്തിന് മുമ്പെ ഞാനൊരു പ്ലാൻ ഉണ്ടാക്കിവെച്ചിരുന്നു, പ്രത്യേകിച്ച് പന്ത് സ്വിങ് ചെയ്യാൻ തുടങ്ങിയപ്പോൾ. ലൈനും ലെങ്തും വേണ്ട രീതിയിൽ ഉപയോഗിച്ചു. സ്റ്റമ്പ് ടു സ്റ്റമ്പ് എറിഞ്ഞതോടെ കാര്യങ്ങൾ എളുപ്പമായി'- സിറാജ് പറഞ്ഞു. നാലാം ദിനം കളി നിർത്തുമ്പോൾ വിൻഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 76 റണ്‍സെന്ന നിലയിലാണ്. ടാഗ്‌നരേയ്ൻ ചന്ദ്രപോൾ ജർമെയ്ൻ ബ്ലാക്ക്‌വുഡ് എന്നിവരാണ് ക്രീസിൽ.

ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ 181 എന്ന നിലയിൽ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. അതിവേഗത്തിൽ അർധ സെഞ്ച്വറി തികച്ച് നായകൻ രോഹിത് ശർമ്മയും ഇഷാൻ കിഷനുമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ നേടിക്കൊടുത്തത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കായിരുന്നു ജയം.

Similar Posts