Cricket
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര: റെക്കോർഡ് നേട്ടത്തിലേക്ക് ഇന്ത്യയും
Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര: റെക്കോർഡ് നേട്ടത്തിലേക്ക് ഇന്ത്യയും

Web Desk
|
11 Oct 2022 3:18 PM GMT

ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ വിജയങ്ങളെന്ന ആസ്ട്രേലിയയുടെ റെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യയെത്തിയത്.

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യക്കൊരു റെക്കോര്‍ഡ് കൂടി. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ വിജയങ്ങളെന്ന ആസ്ട്രേലിയയുടെ റെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യയെത്തിയത്. മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഈ വര്‍ഷം വിവിധ ഫോര്‍മാറ്റുകളിലായി ഇന്ത്യ നേടുന്ന 38-ാം ജയമാണിത്.

ആസ്ട്രേലിയക്കും ഒരു കലണ്ടര്‍ വര്‍ഷം 38 ജയങ്ങളുണ്ട്. 2003ലായിരുന്നു ആസ്ട്രേലിയയുടെ നേട്ടം. 30ഏകദിനം, എട്ട് ടെസ്റ്റ് എന്നിങ്ങനെയായിരുന്നു ആസ്ട്രേലിയയുടെ വിജയങ്ങള്‍. രണ്ട് ടെസ്റ്റ്, 13 ഏകദിനം, 23 ടി20 എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ വിജയങ്ങള്‍. ദക്ഷിണാഫ്രിക്കക്കെതിരെ ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ നേടുന്ന എറ്റവും വലിയ ജയമാണ് ഡല്‍ഹിയിലേത്. 185 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഇന്ത്യ ഇന്ന് ജയിച്ചു കയറിയത്. 12 വര്‍ഷത്തിനു ശേഷമാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ, ഇന്ത്യയില്‍ ഏകദിന പരമ്പര നേടുന്നത്.

നേരത്തെ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയില്‍ ആദ്യ ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 100 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 19.1ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1നാണ് സ്വന്തമാക്കിയത്. നേരത്തെ ടി20 പരമ്പരയും ഇന്ത്യയ്ക്കായിരുന്നു. സ്പിന്നർമാരാണ് ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കൂട്ടിയത്. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് കേമൻ.

ഇന്ത്യക്കായി ശുഭ്മാൻ ഗിൽ (49) ശ്രേയസ് അയ്യർ(28) എന്നിവർ തിളങ്ങി. ശിഖർ ധവാൻ എട്ട് റൺസെടുത്ത് റൺഔട്ടായി. ഇഷൻ കിഷൻ 10 റൺസ് നേടി. അർധ സെഞ്ച്വറിക്ക് ഒരു റൺസ് അകലെ വെച്ച് ഗില്ലിനെ എൻഗിഡി വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. മറുപടി ബാറ്റിങിൽ ഒരു ഘട്ടത്തിൽ പോലും ഇന്ത്യയെ വെല്ലുവിളിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ആയില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തി എന്നത് മാത്രമായി അവർക്ക് ആശ്വസിക്കാം. സഞ്ജു സാംസൺ രണ്ട് റൺസ് നേടി പുറത്താകാതെ നിന്നു.

Related Tags :
Similar Posts