Cricket
സ്റ്റൈലായി ഫിനിഷിങ്; തല എപ്പോതും തല താൻ
Cricket

സ്റ്റൈലായി ഫിനിഷിങ്; തല എപ്പോതും തല താൻ

Shaheer
|
22 April 2022 3:10 AM GMT

ക്രിക്കറ്റ് കമന്റേറ്റര്‍ ഇയാൻ ബിഷപ്പ് ഇന്നലെ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയായിരുന്നു: മറ്റു ബാറ്റർമാരെല്ലാം കളി അവസാന ഓവറിലേക്ക് നീളാൻ അനുവദിക്കരുതെന്ന തിയറി പിന്തുടരുമ്പോൾ, എം.എസ് ധോണിക്ക് എപ്പോഴും ഉത്സാഹം മത്സരം ഏറ്റവും ഒടുവിലേക്കെടുക്കാനാണ്. കളി ഫിനിഷ് ചെയ്യുകയെന്നത് ഒരു വിസ്മയകലയാണ്!

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ട് 18 വർഷം പിന്നിട്ടു. പ്രായം 40ഉം കടന്നു. ഇപ്പോഴും അവസാന ഓവർവരെ അസാധ്യമെന്നുറപ്പിച്ച മത്സരങ്ങൾ അനായാസം കൈപ്പിടിയിലൊതുക്കാൻ അയാളെപ്പോലൊരു താരം ഉദയം ചെയ്തിട്ടില്ല. കൈവിട്ട ഏതു മത്സരവും സ്‌റ്റൈലായി ഫിനിഷ് ചെയ്യാൻ തന്നെക്കാളും മികച്ചൊരു താരമില്ലെന്ന് കരിയറിന്റെ ഈ അസ്തമയഘട്ടത്തിലും പ്രഖ്യാപിച്ചിരിക്കുകയാണ് മഹേന്ദ്ര സിങ് ധോണി.

നെഞ്ചിടിപ്പേറ്റി വീണ്ടുമൊരു സ്റ്റൈലന്‍ ഫിനിഷ്

ഇന്നലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ അവസാന ഓവർ എറിയാൻ ജയദേവ് ഉനദ്കട്ടിനെ മുംബൈ നായകൻ രോഹിത് ശർമ പന്തേൽപ്പിക്കുമ്പോൾ ചെന്നൈക്ക് ജയിക്കാൻ ആറു പന്തിൽ 17 റൺസ് വേണമായിരുന്നു. സീസണിലെ ആദ്യജയം ഏറെക്കുറെ രോഹിതും സംഘവും ഉറപ്പിച്ച ഘട്ടമായിരുന്നു അത്. ഒരുവശത്ത് എം.എസ് ധോണിയെന്ന പഴയ മാസ്റ്റർ ഫിനിഷറുണ്ടെങ്കിലും പഴയ ടച്ചിലല്ല താരമുള്ളതെന്ന് ധോണി ആരാധകർക്കു തന്നെ നിശ്ചയമുണ്ട്. അല്ലാതെ 20-ാം ഓവറിൽ ഉനദ്കട്ടിനെതിരെ 427 സ്‌ട്രൈക്ക് റൈറ്റുള്ള ധോണി ഒരുവശത്ത് നിൽക്കെ രോഹിതിനെപ്പോലെ മികച്ചൊരു നായകൻ അത്തരമൊരു ഭാഗ്യപരീക്ഷണത്തിന് മുതിരുമായിരുന്നില്ല.


രോഹിതിന്റെ കണക്കുകൂട്ടൽ പോലെത്തന്നെ അവസാന ഓവറുകളിൽ വമ്പനടിയുമായി കത്തിനിന്ന ഡൈ്വൻ പ്രിട്ടോറിയസിനെ വിക്കറ്റിനു മുന്നിൽകുരുക്കി ഉനദ്കട്ട് പവലിയനിലേക്ക് തിരിച്ചയക്കുന്നു. അടുത്തതായി വരുന്നത് കരിയറിന്റെ അവസാനത്തിലുള്ള മറ്റൊരു വെറ്ററൻതാരം ഡൈ്വൻ ബ്രാവോ. അടുത്ത പന്തിൽ സിംഗിളെടുത്ത് ബ്രാവോ ധോണിക്ക് സ്‌ട്രൈക്ക് കൈമാറുന്നു.

പിന്നെയവിടെ കണ്ടത് വിന്റേജ് ധോണിയെയായിരുന്നു. നാല് പന്തിൽ 16 റൺസ് എന്ന വിജയലക്ഷ്യം മനസിലുറപ്പിച്ച ധോണി ഉനദ്കട്ടിന്റെ ക്രോസ് സീം ലോങ്ഓണിലൂടെ ഗാലറിയിലേക്ക് പറത്തി. വിമർശകരെല്ലാം പഴയ ധോണി സംഹാരഭാവം അതേവീര്യത്തിൽ കണ്ട ആദ്യനിമിഷമായിരുന്നു അത്. രോഹിത് ഓടിവന്ന് ബൗളർക്ക് ആത്മവിശ്വാസം പകർന്നു. അടുത്ത പന്ത് സ്‌ളോ ബൗൺസറായിരുന്നു. എന്നാൽ, ഫൈൻ ലെഗിലൂടെ അനായാസമത് ധോണി ബൗണ്ടറി കടത്തി.

നാല് പന്തിൽ 16 എന്നത് രണ്ടു പന്തിൽ ആറായി ചുരുങ്ങി. ധോണി ഇങ്ങനയൊരു ഭാവത്തിൽ അപ്പുറത്തുള്ളപ്പോൾ സമ്മർദം എപ്പോഴത്തേതുമെന്ന പോലെ ഉനദ്കട്ടിൽ തന്നെയായിരുന്നു. എന്നാൽ, മികച്ചൊരു പന്തിലൂടെ താരം മുംബൈ സംഘത്തിന് അവസാന ആശ്വാസം പകർന്നു. അതിനിടയിലും ക്രീസിനിടയിലെ അസാമാന്യ ഓട്ടത്തിലൂടെ രണ്ടു റൺസെടുത്ത് ധോണി. അവസാന പന്തിൽ ജയിക്കാൻ ചെന്നൈക്ക് വേണ്ടത് നാലു റൺസ്. ബൗണ്ടറിയോ സിക്‌സറോ അല്ലാതെ മറ്റൊരു സാധ്യതയും മുന്നിലുണ്ടായിരുന്നില്ല. ലെഗ് സ്റ്റംപ് ലക്ഷ്യംവച്ച് ഉനദ്കട്ട് എറിഞ്ഞ യോർക്കർ അനായാസം ധോണി ഷോർട്ട് ഫൈൻ ലെഗിലൂടെ ബൗണ്ടറിയിലേക്ക് പായിച്ചു. വീണ്ടും, ഒരിക്കൽകൂടി സ്‌റ്റൈലായി ധോണി കൈവിട്ടുപോയ മറ്റൊരു മത്സരം റാഞ്ചിയെടുക്കുന്നത് ആരാധകരും കളിപ്രേമികളുമെല്ലാം രോമാഞ്ചത്തോടെ നോക്കിനിന്ന നിമിഷം. ധോണി എന്ന ഫിനിഷർ ഇൻ ചീഫിനെ കണ്ടുപരിചയിച്ച ക്രിക്കറ്റ് ലോകത്തിനൊന്നും മറ്റൊരു ഫലത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല.


20-ാം ഓവറിലെ മഹാരാജാവ്

അനായാസം ജയിക്കാവുന്ന കളിയും, ഒരിക്കലും ജയിക്കില്ലെന്നുറപ്പിച്ച കളിയും അവസാന ഓവർവരെ നീട്ടി ആരാധകരുടെ നെഞ്ചിടിപ്പേറ്റുക. മത്സരം അവസാന പന്തിലേക്കും നീട്ടി ഒടുവിൽ ബൗണ്ടറികളിലൂടെയും സിക്‌സറുകളിലൂടെയും സ്‌റ്റൈലായി ഫിനിഷ് ചെയ്യുക. വല്ലപ്പോഴും പറ്റിപ്പോകുന്ന ഒരു ഭാഗ്യമല്ല ഇത് എം.എസ് ധോണിക്കെന്ന് വിമർശകർ പോലും സമ്മതിക്കും.

അവസാന ഓവറിൽ എതിരാളികളുടെയും ആരാധകരുടെയുമെല്ലാം നെഞ്ചിലേക്ക് തീകോരിയിടുന്ന അപകടകാരിയായ ഫിനിഷറാണയാൾ. നിരന്തരം ഇങ്ങനെ കളികൾ പുഷ്പംപോലെ തീർത്തു കൈയിൽകൊടുക്കാൻ കെൽപുള്ള ഒരു താരവും ലോക ക്രിക്കറ്റിലുണ്ടായിട്ടില്ലെന്നു തന്നെ പറയാം. 20-ാം ഓവറും ധോണിയും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. ടി20 ക്രിക്കറ്റിൽ അവസാന ഓവറിൽ ലോകത്ത് ഒരു താരത്തിനുമില്ലാത്ത റെക്കോർഡ് ധോണിക്കുണ്ട്. 121 പന്ത് നേരിട്ട് 323 റൺസാണ് താരം 20-ാം ഓവറിൽ മാത്രം അടിച്ചെടുത്തിട്ടുള്ളത്. അതിൽ 26 വീതം സിക്‌സും ബൗണ്ടറിയും. സ്‌ട്രൈക്ക് റൈറ്റ് 266.94!

ഐ.പി.എൽ ചരിത്രത്തിലും നിരവധി അവസാന ഓവർ റെക്കോർഡുകൾ ധോണിയുടെ പേരിലുണ്ട്. അവസാന നാല് പന്തുകളിൽ ഏറ്റവും ഉയർന്ന സ്‌കോർ പിന്തുടർന്നുള്ള ആദ്യ നാലു ജയങ്ങളുടെ റെക്കോർഡ് ടേബിളിലും ധോണിയുടെ പേര് രണ്ടിടത്ത് കാണാം. ഇത്തവണ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ ഡെവിഡ് മില്ലറും രാഹുൽ തെവാട്ടിയയും ചേർന്ന് നേടിയ 17 റൺസാണ് ഏറ്റവും വലിയ ചേസിങ്. 2012ൽ പൂനെ വാരിയേഴ്‌സിനെതിരെ എ.ബി ഡിവില്ലിയേഴ്‌സും മില്ലറും ചേർന്ന് നേടിയ 16 റൺസാണ് രണ്ടാം സ്ഥാനത്തുള്ളത്. റൈസിങ് പൂനെയ്ക്കു വേണ്ടി 2016ൽ ധോണി ഒറ്റയ്ക്ക് നേടിയ 16 റൺസാണ് മൂന്നാം സ്ഥാനത്തുള്ളത്. ഇപ്പോഴിതാ വീണ്ടും ധോണി ഒറ്റയ്ക്ക് 16 റൺസുമായി മറ്റൊരു വിജയം എതിരാളികളിൽനിന്ന് തട്ടിപ്പറിച്ചിരിക്കുന്നു.


മുൻ വെസ്റ്റിൻഡീസ് താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ഇയാൻ ബിഷപ്പ് ഇന്നലെ ചെന്നൈ-മുംബൈ മത്സരശേഷം ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയായിരുന്നു:

മറ്റു ബാറ്റർമാരെല്ലാം കളി അവസാന ഓവറിലേക്ക് നീളാൻ അനുവദിക്കരുതെന്ന തിയറി പിന്തുടരുമ്പോൾ, എം.എസ് ധോണിക്ക് എപ്പോഴും ഉത്സാഹം മത്സരം ഏറ്റവും ഒടുവിലേക്കെടുക്കാനാണ്. കളി ഫിനിഷ് ചെയ്യുകയെന്നത് ഒരു വിസ്മയകല തന്നെയാണ്!

Summary: MS Dhoni and art of finishing games in style

Similar Posts