Cricket
ശ്രീയെ പിന്നിലിരുത്തി റോഡിലൂടെ ചീറിപ്പാഞ്ഞ് മഹി; ട്രെന്‍ഡിങ്ങായി പഴയ ബൈക്ക് റൈഡ് വീഡിയോ
Cricket

ശ്രീയെ പിന്നിലിരുത്തി റോഡിലൂടെ ചീറിപ്പാഞ്ഞ് മഹി; ട്രെന്‍ഡിങ്ങായി പഴയ ബൈക്ക് റൈഡ് വീഡിയോ

Web Desk
|
16 Jun 2023 8:40 AM GMT

നിരവധി ആരാധകരാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്

ന്യൂ ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി എന്ന് ആരാധകരുടെ മഹിയുടെ ബൈക്കുകളോടുള്ള കമ്പം അറിയാത്തവര്‍ വിരളമാണ്. അദ്ദേഹത്തിന്റെ റാഞ്ചിയിലുള്ള വീട്ടിലെ ബൈക്കുകളുടെ കമനീയ ശേഖരം കണ്ട് കണ്ണ് തള്ളിയവരാണ് വാഹന പ്രേമികള്‍.

മഹിയുടെ പഴയൊരു ബൈക്ക് റൈഡിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ ട്രെന്‍ഡിങ്ങായിക്കൊണ്ടിരിക്കുന്നത്. മലയാളിയും മുന്‍ ഇന്ത്യന്‍ പേസറുമായ ശ്രീശാന്തിനെ തന്റെ ബൈക്കിന്റെ പിന്നിലിരുത്തി തിരക്കുള്ള റോഡിലൂടെ ചീറിപ്പായുകയാണ് മഹി വീഡിയോയിയില്‍.

ട്രാഫിക് സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ താരങ്ങളെ ആശ്ചര്യത്തോടെ ഉറ്റുനോക്കുന്ന ആരാധകരേയും വീഡിയോയില്‍ കാണാം. നിരവധി ആരാധകരാണ് മഹിയുടെ ഈ അപൂര്‍വ്വ ബൈക്ക് റൈഡ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, കാല്‍മുട്ടിലെ പരിക്കുമായാണ് മഹി ഇത്തവണ ഐ.പി.എല്ലിനിറങ്ങി ടീമിനെ കിരീട നേട്ടത്തിലേക്ക് നയിച്ചത്. പരിക്ക് കാരണം താരത്തിന് കളിക്കളത്തിലുണ്ടായ ബുദ്ധിമുട്ടുകള്‍ ആരാധകരേയും ഒരേപോലെ നിരാശരാക്കിയിരുന്നു. ടൂര്‍ണമെന്റിന് ശേഷം താരം ശസ്ത്രക്രയക്ക് വിധേയനാവുകയും ചെയ്തു.

പരിക്കിന്റെ പിടിയിലായിരുന്നെങ്കിലും അടുത്ത സീസണില്‍ തിരിച്ചുവരുമെന്ന വാക്ക് ആരാധകര്‍ക്ക് കൊടുത്തിട്ടാണ് മഹി മടങ്ങിയത്. അടുത്ത സീസണില്‍ ടീമിന് വേണ്ടി കളിക്കാനായി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും മഹി വ്യക്തമാക്കി.

'എനിക്ക് വിരമിക്കല്‍ പ്രഖ്യാപനം നടത്താന്‍ പറ്റിയ ഏറ്റവും നല്ല സമയമാണിത്. പക്ഷേ, ഈ വര്‍ഷം മുഴുവന്‍ പലയിടങ്ങളില്‍ നിന്നായി എനിക്ക് ലഭിച്ച സ്‌നേഹത്തിന് തിരിച്ചൊരു നന്ദി പറയുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ ഇനിയൊരു ഒമ്പത് മാസം കൂടി കഠിനപ്രയത്‌നം ചെയ്ത് അടുത്ത സീസണില്‍ തിരിച്ചെത്തുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്. ഇതെല്ലാം എന്റെ ആരോഗ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. അടുത്ത സീസണില്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണെങ്കില്‍ അത് ആരാധകര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും. അതൊരിക്കലും എളുപ്പമാകില്ലെന്ന് എനിക്കറിയാം. എന്നാലുമവര്‍ നല്‍കിയ സ്‌നേഹത്തിന് പകരമായി എനിക്കെന്തെങ്കിലും ചെയ്‌തേ മതിയാകൂ.' ധോണി പറഞ്ഞു.

Similar Posts