അത്ര കൂളല്ലേ 'ക്യാപ്റ്റന്‍ കൂള്‍' ?; ബ്രാവോയോട് ദേഷ്യപ്പെട്ട് ധോനി
|മുബൈയ്ക്കെതിരെ നടന്ന മത്സരത്തില്‍ മുംബൈയുടെ ബാറ്റിങിനിടെയായിരുന്നു സംഭവം
ഐപിഎല്ലിന്റെ രണ്ടാംഘട്ടം കഴിഞ്ഞ ദിവസമാണ് യുഎഇയില്‍ പുനരാരംഭിച്ചത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് മുംബൈ ഇന്ത്യന്‍സിന് തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് 'ക്യാപ്റ്റന്‍ കൂള്‍' എന്ന വിളിപ്പേരുള്ള ധോനി ടീമംഗമായ ഡ്വെയ്ന്‍ ബ്രാവോയോട് ദേഷ്യപ്പെട്ടതാണ്. മുബൈയ്ക്കെതിരെ നടന്ന മത്സരത്തില്‍ മുംബൈയുടെ ബാറ്റിങിനിടെയായിരുന്നു സംഭവം. 18ാം ഓവറില്‍ സൗരഭ് തിവാരിയുടെ വിക്കറ്റ് നേടാനുള്ള അവസരം ഇല്ലാതാക്കിയതിനാണ് ധോനി ബ്രാവോയോട് ക്ഷുഭിതനായത്.
തിവാരി ഉയര്‍ത്തി അടിച്ച പന്ത് ക്യാച്ച് ചെയ്യാന്‍ ധോനി പിറകിലോട്ട് ഓടുകയായിരുന്നു. എന്നാല്‍ അതേസ്ഥാനത്ത് നിന്ന ബ്രാവോയും ക്യാച്ച് ചെയ്യാനായി നിന്നു. രണ്ടുപേര്‍ക്കും ക്യാച്ച് എടുക്കാന്‍ സാധിക്കാതെ ആ അവസരം നഷ്ടപ്പെടുകയായിരുന്നു. ഇതാണ് ധോനിയെ ക്ഷുഭിതനാക്കിയത്.
#CSKvsMI 😟 pic.twitter.com/iH10Bj2Y14
— Kart Sanaik (@KartikS25864857) September 19, 2021
അതേസമയം, ഇന്നലെ നടന്ന മത്സരത്തില്‍ റിതുരാജ് ഗെയ്ക് വാദിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ പിന്‍ബലത്തിലാണ് ചെന്നൈ മുംബൈയെ തോല്‍പ്പിച്ചത്.ചെന്നൈ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യത്തിലെത്താന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. മുംബൈ നിരയില്‍ സൗരഭ് തിവാരി മാത്രമാണ് പൊരുതിയത്.
19 റണ്‍സ് നല്കി രണ്ട് വിക്കറ്റെടുത്ത ദീപക് ചഹാറിന്റെ ബൗളിങ് പ്രകടനം ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഡി കോക്കിനെയും അന്മോള് പ്രീതിനെയും ചാഹറാണ് പുറത്താക്കിയത്. പിന്നീടെയത്തിയ സൂര്യകുമാര്‍ യാദവ് മൂന്നും ഇഷാന് കിഷന് 11 റണ്‍സും എടുത്ത് പുറത്തായതോടെ മുംബൈ പരുങ്ങലിലായി. ചെന്നൈയ്ക്കെതിരെ എന്നും തിളങ്ങാറുള്ള പെള്ളാര്‍ഡും 15 റണ്‍സെടുത്ത് കൂടാരം കയറിയപ്പോള്‍ മുംബൈ തോല്‍വി ഏറെക്കുറെ ഉറപ്പിച്ചു.
എന്നാല്‍, അവസാനം സൗരഭ് തിവാരിക്ക് ഒപ്പം നിന്ന് മില്‍നെ പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ചെന്നൈയ്ക്ക് വേണ്ടി ബ്രാവോ മൂന്നും ദീപക് ചാഹര്‍ രണ്ടും ഹേസല്‍വുഡ്, ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അതേസമയം, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ 6 വിക്കറ്റ് നഷ്ടത്തില്‍156 റണ്‍സ് എടുത്തു. ചെന്നൈയ്ക്ക് വേണ്ടി ഓപ്പണര്‍ റിതുരാജ് ഗെയ്ക്വാദ് നടത്തിയ പ്രകടനമാണ് അവര്‍ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. റിതുരാജ് പുറത്താകാതെ 88 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ബ്രാവോ നടത്തിയ വെടിക്കെട്ടും ടീമിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിക്കുന്നതിന് സഹായകരമായി. തകര്‍ച്ചയോടെയായിരുന്നു ചെന്നൈയുടെ തുടക്കം. ആദ്യ മൂന്ന് ഓവറുകളില്‍ മൂന്ന് വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. മൂന്നാമനായി എത്തിയ അമ്പാട്ടി റായിഡു മില്‍നെയുടെ പന്ത് കൈയ്യില്‍ കൊണ്ട് പരിക്കേറ്റ് പവലിയനിലേക്ക് മടങ്ങിയത് ചെന്നൈയ്ക്ക് തിരിച്ചടിയായി.
ഒന്നാം ഓവറിന്റെ അഞ്ചാം പന്തില്‍ ഫാഫ് ഡുപ്ലസിയും രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ മൊയില് അലിയും കൂടാരം കയറി. രണ്ടുപേരും റണ്‍സൊന്നും എടുക്കാതെയാണ് മടങ്ങിയത്. റായിഡു റിട്ടയേഡ് ഹട്ടായി മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ സുരേഷ് റെയ്ന നാല് റണ്‍സ് സംഭാവന നല്കി മടങ്ങി. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ധോനി മൂന്ന് റണ്‍സെടുത്ത് പുറത്തായി. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ട്രന്റ് ബോള്‍ട്ടും ആദം മില്‍നെയും ജസ്പ്രീത് ബുറയും രണ്ട് വിക്കറ്റുകള്‍ വീതം നേടി.