ധോണിയാണ് ആ അപകടകാരിയായ ബൗളര്‍; തുറന്നുപറഞ്ഞ് റെയ്ന
|താന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും അപകടകാരിയായ ബൗളര്‍ ആരാണെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു റെയ്ന
ന്യൂഡല്‍ഹി: നെറ്റ്സില്‍ വെച്ച് താന്‍ നേരിട്ടതില്‍ ഏറ്റവും അപകടകാരിയായ ബൗളര്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്സ് നായകനുമായ എം.എസ്. ധോണിയാണെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന.
ജിയോ സിനിമയിലെ 'ഹോം ഓഫ് ഹീറോസ്' എന്ന അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റെയ്ന.
ധോണിയും റെയ്നയും തമ്മിലുള്ള ആത്മബന്ധം ഇന്ത്യന്‍ ടീമില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം നീണ്ടകാലത്തെ ബന്ധമാണ് ഇരുവരും തമ്മിലുള്ളത്.
നെറ്റ്സില്‍ വെച്ച് ധോണിയുടെ ബൗളില്‍ ഔട്ടായാല്‍ അദ്ദേഹം കളിയാക്കുമെന്നും, ഓഫ് സ്പിന്‍ മുതല്‍ മീഡിയം പേസ് വരെ വൈവിദ്യമാര്‍ന്ന ഏത് തരത്തിലും ധോണി ബൗള്‍ ചെയ്യുമെന്നും റെയ്ന പറഞ്ഞു. താന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും അപകടകാരിയായ ബൗളര്‍ ആരാണെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു റെയ്ന.
ഹൈലികോപ്റ്റര് ഷോട്ടുകള്‍കൊണ്ടും മാസ്മരിക കീപ്പിങ് പ്രകടനങ്ങള്കൊണ്ടുമാണ് അറിയപ്പെടുന്നതെങ്കിലും നെറ്റ്സിലെ തന്റെ ബൗളിങ്ങിന്റെ മികവുകൊണ്ട് നേരത്തെ തന്നെ ചെന്നൈ സൂപ്പര്‍ കിങ്സ് നായകനായ ധോണി ശ്രദ്ധിക്കപ്പെട്ടിരുന്നു.
നെറ്റ്സിലെ പെര്‍ഫോമന്‍സ് കൂടാതെ ഏകദിനത്തില്‍ ഒരു വിക്കറ്റാണ് ധോണിയുടെ സമ്പാദ്യം. ടെസ്റ്റിലാകട്ടെ മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ കെവിന് പീറ്റേഴിസന്റെ വിക്കറ്റ് താന്‍ എടുത്തതായി ധോണി അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ പേരില്‍ താരങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.