ധോണിക്ക് പരിക്ക്, അടുത്ത മത്സരങ്ങളിൽ തല ഉണ്ടാവില്ലേ..? ആരാധകർ നിരാശയിൽ
|അതിവേഗത്തിൽ ഡബിൾ ഓടിയെടുക്കാറുള്ള ധോണി രാജസ്ഥാനെതിരെ പതിവിൽ നിന്ന് വ്യത്യസ്തമായി സിംഗിളുകളിൽ അവസാനിപ്പിക്കുകയായിരുന്നു
രാജസ്ഥാനെതിരെ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ഒരുസമയം ചെന്നെയിയെ നായകൻ എം എസ് ധോണി വിജയത്തിലെത്തിക്കുമെന്ന് വരെ ആരാധകർ കരുതിയിരുന്നു. അവസാനം വരെ പുറത്താവാതെ നിന്ന തലക്ക് അവസാന ബോളിൽ ജയിക്കാൻ വേണ്ടിയിരുന്ന അഞ്ച് റൺസ് നേടാനാകാതെ വന്നപ്പോഴാണ് രാജസ്ഥാൻ മൂന്ന് റൺസിന്റെ ജയം സ്വന്തമാക്കിയത്. കളിയുടെ തോൽവിയേക്കാളുമപ്പുറം ചെന്നൈ ആരാധകരെ കൂടുതൽ നിരാശരാക്കിയത് ആ വാർത്തയായിരുന്നു. മത്സരശേഷം ധോണിക്ക് പരിക്കാണെന്ന് കോച്ച് ഫ്‌ളെമിങ് വാർത്തസമ്മേളനത്തിൽ പറഞ്ഞതായിരുന്നു അത്.
തന്റെ ട്രേഡ് മാർക്ക് സിക്‌സറുകളും രാജസ്ഥാനെതിരെ പായിച്ച ധോണി റണ്ണിനുവേണ്ടി ഓടുന്നതിൽ പ്രായാസപ്പെടുന്നുണ്ടായിരുന്നു. അതിവേഗത്തിൽ ഡബിൾ ഓടിയെടുക്കാറുള്ള ധോണി പതിവിൽ നിന്ന് വ്യത്യസ്തമായി സിംഗിളുകളിൽ അവസാനിപ്പിക്കുകയായിരുന്നു. മറ്റൊരു അതിവേഗ ഓട്ടക്കാരനായ രവീന്ദ്ര ജഡേജ കൂടെയുണ്ടായിട്ടും ധോണിക്ക് സിംഗിളുകൾ ഡബിളുകളാക്കി മാറ്റാനായില്ല. ഇതിന് കാരണം അദ്ദേഹത്തിന്റെ കാൽമുട്ടിനുള്ള പരിക്കാണെന്ന് ഫ്‌ളെമിങ് പറഞ്ഞു
'അദ്ദേഹത്തിന് കാൽമുട്ടിന് പരിക്കുണ്ട്, അത് കഴിഞ്ഞ കളിയിലെ അദ്ദേഹത്തെ സൂക്ഷമമായി നോക്കിയവർക്ക് മനസ്സിലായിട്ടുണ്ടാവും. ടൂർണമെന്റ് ആരംഭിക്കുന്നതിന് ഒരുമാസം മുൻപാണ് അദ്ദേഹം ടീമിനൊപ്പം ജോയിൻ ചെയ്യുന്നത്. അദ്ദേഹം മികച്ച കളിക്കാരനാണ്, കളത്തിൽ അദ്ദേഹം അത്ഭുതമാണ്- ഫളെമിങ് പറഞ്ഞു
17 പന്തിൽ ഒരു ബൗണ്ടറിയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടെ 32റൺസാണ് താരം രാജസ്ഥാനെതിരെ നേടിയത്. സന്ദീപ് ശർമ്മയ്ക്കെതിരായ അവസാന ഓവറിൽ, അവസാന 6 പന്തിൽ 21 റൺസ് വേണ്ടിയിരുന്നപ്പോൾ, ആ ഓവറിൽ രണ്ട് സിക്സറുകൾ പറത്താൻ ധോണിക്ക് കഴിഞ്ഞു, പക്ഷേ സന്ദീപ് തന്റെ ടീമിന് 3 റൺസിന്റെ വിജയം ഉറപ്പാക്കി.
മത്സര ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്ന താരത്തിന്റെ വീഡിയോ സിഎസ്‌കെ പുറത്തുവിട്ടിരുന്നു. താരത്തിന്റെ നടത്തത്തിലെ ബുദ്ധിമുട്ടിൽ നിന്ന് പരിക്ക് വ്യക്തമായിരുന്നു.
ധോണിക്ക് പരിക്ക് ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, വരാനിരിക്കുന്ന ചെന്നൈയുടെ മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്തുമോ എന്നതിൽ സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ പരിക്കേറ്റ പേസർ സിസന്ദ മഗാലക്ക് രണ്ടാഴ്ചത്തേക്ക് കളിക്കാനാവില്ലെന്ന് ഫ്‌ളെമിങ് പറഞ്ഞു.