ധോണിയുടെ പഴയ നിയമന ഉത്തരവ് സോഷ്യൽ മീഡിയയിൽ: ശമ്പളം കണ്ട് ഞെട്ടി ആരാധകർ
|നിയമന ഉത്തരവോ, രണ്ടാം ഏകദിന ലോകകപ്പ് ധോണിയുടെ കീഴിൽ ഇന്ത്യക്ക് ലഭിച്ചതിന് ശേഷവും.
റാഞ്ചി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ധോണിയുമായി ബന്ധപ്പെട്ട് എന്തും സമൂഹമാധ്യമങ്ങളിൽ ആഘോഷമാണ്. ഏറ്റവും വരുമാനം സ്വന്തമാക്കുന്ന ക്രിക്കറ്റർമാരിൽ ധോണിയുടെ പേര് വന്നതാണ് ഒടുവിൽ ആഘോഷിക്കപ്പെട്ടത്. ഏകദേശം 1040 കോടിയാണ് ധോണിയുടെ ആസ്തി. വിരാട് കോഹ്ലിയെക്കാളും അൽപ്പം താഴെയാണെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയിട്ടാണ് ധോണി രണ്ടാം സ്ഥാനത്ത് എത്തിയതെന്നതാണ് താരത്തെ വേറിട്ട് നിർത്തുന്നത്.
ഐ.പി.എല്ലും പരസ്യവും ബ്രാൻഡിങുമൊക്കെയാണ് ധോണിയുടെ വരുമാന സ്രോതസ്. ഇപ്പോൾ ധോണി സമൂഹമാധ്യമങ്ങളിൽ നിറയാൻ കാരണം താരത്തിന്റെ പഴയൊരു നിയമന ഉത്തരവാണ്. ഇന്ത്യ സിമന്റ്സിന്റെ വൈസ് പ്രസിഡന്റായുള്ള നിയമനമാണ് വൈറലാകുന്നത്. ഈ നിയമനത്തേക്കാൾ ഉപരി അതിലെ ധോണിയുടെ ശമ്പളമാണ് ഇന്റർനെറ്റിനെ ആകർഷിച്ചത്. 43,000 രൂപയാണ് അതിലെ ധോണിയുടെ ശമ്പളം. ഏറ്റവും രസകരമായ കാര്യം ധോണിയുടെ ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സിന്റെ(സി.എസ്.കെ) ഉടമസ്ഥരിലൊരാളാണ് ഇന്ത്യ സിമന്റ്‌സ്.
നിയമന ഉത്തരവോ, രണ്ടാം ഏകദിന ലോകകപ്പ് ധോണിയുടെ കീഴിൽ ഇന്ത്യക്ക് ലഭിച്ചതിന് ശേഷവും. ഏതായാലും ക്രിക്കറ്റ് ലോകത്ത് ധോണി അടയാളപ്പെടുത്തിയതിന് ശേഷവും വന്ന നിയമന ഉത്തരവ് ആഘോഷമാക്കുകയാണ് ആരാധകർ. 2019ൽ ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയെങ്കിലും സി.എസ്.കെയുടെ നെടുംതൂണാണ് ധോണി. അഞ്ച് ഐ.പി.എൽ കിരീടങ്ങളാണ് ധോണിയുടെ കീഴിൽ ചെന്നൈ നേടിയത്. ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ചാണ് ധോണി അവസാനം കിരീടം ചൂടിയത്. 2010,2011,2018,2021 വർഷങ്ങളിലും ചെന്നൈ സൂപ്പർകിങ്‌സായിരുന്നു ഐ.പി.എൽ ചാമ്പ്യന്മാർ.
അതേസമയം 2024 ഐ.പി.എല്ലിൽ ധോണിയുടെ സേവനം ലഭിക്കുമോ എന്ന കാര്യത്തിൽ ചർച്ചകൾ സജീവമാണ്.വിരമിക്കൽ സൂചനകളൊന്നും ധോണി നൽകിയിട്ടില്ല. തന്റെ ആരോഗ്യം അനുവദിക്കുന്ന കാലത്തോളം സി.എസ്.കെയ്ക്ക് ഒപ്പം ധോണിയുണ്ടാകും. അടുത്തിടെ താരം കാൽമുട്ടിന്റെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കഴിഞ്ഞ ഐ.പി.എൽ കിരീട നേട്ടത്തിന് പിന്നാലെയാണ് താരം ആശുപത്രിയിൽ എത്തിയത്.