ഇത് സാമ്പിൾ വെടിക്കെട്ട്; പരിശീലനത്തിൽ കൂറ്റൻ ഹെലികോപ്റ്റർ സിക്‌സ് പറത്തി എംഎസ് ധോണി-വീഡിയോ
|2020ൽ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ റാഞ്ചിക്കാരൻ തുടർന്ന് ഐപിഎലിൽ മാത്രമാണ് ബാറ്റ് വീശിയത്.
ചൈന്നൈ: ഐപിഎലിൽ ഉദ്ഘാടന മത്സരത്തിന് രണ്ട് ദിവസം ബാക്കിനിൽക്കെ പരിശീലനത്തിൽ തിളങ്ങി ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം.എസ് ധോണി. തന്റെ ട്രേഡ്മാർക്ക് ഹെലികോപ്റ്റർ ഷോട്ട് പറത്തിയാണ് 42കാരൻ അമ്പരപ്പിച്ചത്. പുതിയ സീസണിലും ഫിനിഷറുടെ റോളിൽ താനുണ്ടാകുമെന്ന് എതിരാളികൾക്കുള്ള മുന്നറിയിപ്പ് കൂടിയായി ഈ അത്യുഗ്രൻ ഷോട്ട്. മൈതാനത്ത് ഏറെനേരം ചെലവഴിച്ച എംഎസ്ഡി വിന്റേജ് ധോണിയെ ഓർമിപ്പിക്കും വിധമാണ് ബാറ്റ് വീശിയത്. ഡേവൻ കോൺവെ ഉൾപ്പെടെ പ്രധാന താരങ്ങൾ പരിക്കിന്റെ പിടിയിലായിരിക്കവെ നായകൻ പന്ത് കണക്ട് ചെയ്തുകളിക്കുന്നത് മഞ്ഞപ്പടക്ക് വലിയ ആശ്വാസമാണ്.
We Sure gonna see few Helicopters this Season if he bats a bit longer unlike last season @msdhoni 🔥 pic.twitter.com/zXp6STLhkm
— 🎰 (@StanMSD) March 19, 2024
2020ൽ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ റാഞ്ചിക്കാരൻ തുടർന്ന് ഐപിഎലിൽ മാത്രമാണ് ബാറ്റ് വീശിയത്. ധോണിയുടെ കീഴിൽ ഇറങ്ങിയ ചെന്നൈ സൂപ്പർകിങ്‌സ് ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ച് കഴിഞ്ഞതവണ കിരീടത്തിൽ മുത്തമിട്ടിരുന്നു. പരിശീലനത്തിൽ ധോണി പുലർത്തുന്ന കൃത്യത പരിശീലകൻ സ്റ്റീഫൻ ഫ്‌ളെമിങും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചെന്നൈയുടെ പ്രീസീസൺ ക്യാമ്പിന്റെ സമയം വർദ്ധിച്ചിരിക്കുകയാണ്. കാരണം എം എസ് ധോണി വളരെ നേരത്തെ ക്യാമ്പിനെത്തും. യുവതാരങ്ങൾക്ക് ധോണിയിൽ നിന്നും ഏറെ പഠിക്കാനുണ്ട്. ചെന്നൈ സൂപ്പർ കിംഗ്‌സിൽ ഇതിഹാസ നായകന്റെ റോൾ വളരെ വലുതാണെന്ന് മുൻ ന്യൂസിലാൻഡ് താരം പറഞ്ഞു.