ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുഈൻ അലി വീണ്ടും ഇംഗ്ലണ്ട് ടീമിൽ
|ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടത് പ്രകാരം അലി ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുകയായിരുന്നു
ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയ മുഈൻ അലി ആഷസ് ടെസ്റ്റിനുളള ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തി. ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടത് പ്രകാരം അലി ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇംഗ്ലണ്ട് സ്പിന്നർ ജാക്ക് ലീച്ചിന് പരിക്കേറ്റതും അലിയുടെ മടങ്ങിവരവ് 'എളുപ്പമാക്കി'. അയർലാൻഡിനെതിരെ ഏക ടെസ്റ്റ് മത്സരം കഴിഞ്ഞതിന് ശേഷം നടത്തിയ സ്‌കാനിങിലാണ് ലീച്ചിന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്.
മത്സരത്തിൽ പത്ത് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ടെസ്റ്റ് നായകൻ ബെൻസ്റ്റോക്‌സ്, പരിശീലകൻ ബ്രണ്ടൻ മക്കല്ലം ടീം മാനേജർ റോബ് കീ എന്നിവരമായി അലി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് തിരികെ വരാനുള്ള തീരുമാനം അലി സ്വീകരിച്ചത്. എഡ്ജ്ബാസ്റ്റൺ, ലോർഡ്‌സ് എന്നിവിടങ്ങളിൽ നടക്കുന്ന ആദ്യ രണ്ട് ടെസ്റ്റ് ടീമിലേക്കാണ് അലിയെ പരിഗണിച്ചിരിക്കുന്നത്. അതേസമയം ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയതിന് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലൊന്നും അലി കളിച്ചിരുന്നില്ല. 2021ൽ ഇന്ത്യക്കെതിരായ പരമ്പരക്ക് പിന്നാലെയാണ് അലി ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയത്.
എന്നാൽ വിരമിക്കലിന് ശേഷം ഏകദിന-ടി20 ക്രിക്കറ്റിൽ താരം സജീവമാണ്. ഇംഗ്ലണ്ട് ടി20 ലോകകപ്പ് നേടിയപ്പോഴും ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിങ്‌സ് കിരീടം നേടിയപ്പോഴും അലി ടീമിനൊപ്പമുണ്ടായിരുന്നു. 2014-ൽ ശ്രീലങ്കയ്‌ക്കെതിരെ ലോർഡ്‌സിൽ അരങ്ങേറ്റം കുറിച്ച ശേഷം 64 ടെസ്റ്റുകൾ കളിച്ച മുഈൻ അലി, 28.29 ശരാശരിയിൽ അഞ്ച് സെഞ്ചുറികളും 14 അർധസെഞ്ചുറികളും സഹിതം 2,914 റൺസ് നേടിയിട്ടുണ്ട്. 36.66 ശരാശരിയിൽ 195 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ആസ്‌ട്രേലിയയ്‌ക്കെതിരായ 11 ടെസ്റ്റുകളിൽ നിന്ന് 25.05 ശരാശരിയിൽ രണ്ട് അർധസെഞ്ചുറികളോടെ 476 റൺസ് നേടാനെ അലിക്കായുള്ളൂ. ഇംഗ്ലണ്ടിന്റെ ചിരവൈരികൾക്കെതിരെ 20 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
ടീം ഇങ്ങനെ: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), മുഈൻ അലി, ജെയിംസ് ആൻഡേഴ്സൺ, ജോനാഥൻ ബെയർസ്റ്റോ, സ്റ്റുവർട്ട് ബ്രോഡ്, ഹാരി ബ്രൂക്ക്, സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഡാൻ ലോറൻസ്, ഒല്ലി പോപ്പ്, മാത്യു പോട്ട്സ്, ഒല്ലി റോബിൻസൺ, ജോ റൂട്ട്, ജോഷ് ടംഗ്, ക്രിസ് വോക്സ്, മാര്‍ക്ക് വുഡ്