Cricket
ആരാധകർക്ക് സന്തോഷ വാർത്ത; ഇന്ത്യൻ ഓൾറൗണ്ടർ തിരിച്ചുവരുന്നു
Cricket

ആരാധകർക്ക് സന്തോഷ വാർത്ത; ഇന്ത്യൻ ഓൾറൗണ്ടർ തിരിച്ചുവരുന്നു

Web Desk
|
3 Jan 2024 5:31 AM GMT

ജിമ്മിൽ വ്യായാമം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചാണ് താരം തിരിച്ചുവരവിന്റെ സൂചന നൽകിയത്.

മുംബൈ: മുംബൈ ഇന്ത്യൻസിന് പ്രതീക്ഷയേകി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തിരിച്ചുവരവിനൊരുങ്ങുന്നു. ജിമ്മിൽ വ്യായാമം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചാണ് താരം തിരിച്ചുവരവിന്റെ സൂചന നൽകിയത്. വരാനിരിക്കുന്ന ഐപിഎല്ലിൽ പരിക്ക് കാരണം കളിക്കില്ലെന്ന അഭ്യൂഹം നിലനിൽക്കെയാണ് താരത്തിന്റെ വീഡിയോ പുറത്ത് വന്നത്. മുംബൈ ഇന്ത്യൻസും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

View this post on Instagram

A post shared by Hardik Himanshu Pandya (@hardikpandya93)

പുതിയ സീസണിലേക്കുള്ള ലേലത്തിന് തൊട്ടുമുൻപാണ് നാടയീക നീക്കത്തിലൂടെ ഗുജറാത്ത് ടൈറ്റൻസ് നായകനായ ഹാർദിക് പാണ്ഡ്യയെ മുംബൈ ടീമിലെത്തിച്ചത്. പിന്നീട് രോഹിത് ശർമ്മയെ മാറ്റി ക്യാപ്റ്റനായി നിശ്ചയിക്കുകയും ചെയ്തിരുന്നു. ഇതോടെ ആരാധകർ രണ്ടുതട്ടിലായി. ഹിറ്റ്മാനെ അപമാനിച്ച് പുറത്താക്കുന്നതിനെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടിലടക്കം സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ കൊഴിഞ്ഞുപോക്കുമുണ്ടായി.

നിലവിൽ ഏകദിന-ട്വന്റി ടീമിലാണ് 30 കാരൻ കളിക്കുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പിനിടെയാണ് കാലിന് പരിക്കേറ്റത്. തുടർന്ന് ലോകകപ്പിൽ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുകയുണ്ടായി. ദക്ഷിണാഫ്രിക്കൻ പരമ്പരയിലും കളിക്കാനായില്ല. ഹർദികിന് പകരം സൂര്യകുമാർ യാദവാണ് ട്വന്റി 20യിൽ ഇന്ത്യയെ നയിച്ചത്. അടുത്താഴ്ച അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 ടീമിലും താരത്തെ ഉൾപ്പെടുത്തിയിട്ടില്ല.

ഇന്ത്യക്കായി 85 ഏകദിനം കളിച്ച ഹാർദിക് 1769 റൺസ് നേടിയിട്ടുണ്ട്. 84 വിക്കറ്റും ഇന്ത്യൻ ഓൾറൗണ്ടർ സ്വന്തമാക്കി. 87 ട്വന്റി 20യിൽ നിന്നായി 1251 റൺസും നേടി. 69 വിക്കറ്റും സ്വന്തമാക്കി. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായ പാണ്ഡ്യ ആദ്യസീസണിൽ തന്നെ ടീമിനെ കിരീടത്തിലെത്തിച്ചിരുന്നു. കഴിഞ്ഞതവണ ഫൈനലിലെത്തിയെങ്കിലും കലാശപോരാട്ടത്തിൽ ചെന്നൈ സൂപ്പർകിങ്‌സിനോട് പരാജയപ്പെട്ടു. മടങ്ങിവരവിനൊരുങ്ങുന്ന ഇന്ത്യൻ ഓൾറൗണ്ടർക്ക് ആശംസയുമായി ഓസീസ് താരം ഡേവിഡ് വാർണറടക്കം രംഗത്തെത്തിയിട്ടുണ്ട്.

Similar Posts