Cricket
വാംഖഡെയിൽ മുംബൈ വിജയ ഗാഥ; ഡൽഹിയെ 29 റൺസിന് തോൽപിച്ചു
Cricket

വാംഖഡെയിൽ മുംബൈ വിജയ ഗാഥ; ഡൽഹിയെ 29 റൺസിന് തോൽപിച്ചു

Sports Desk
|
7 April 2024 12:09 PM GMT

40 പന്തിൽ 66 റൺസെടുത്ത പൃഥ്വി ഷായെ അത്യുജ്ജ്വ യോർക്കറിൽ ജസപ്രീത് ബുംറ പുറത്താക്കിയത് മത്സരത്തിൽ വഴിത്തിരിവായി.

മുംബൈ: ഡൽഹി ക്യാപിറ്റൽസിനെ 29 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസിന് 17ാം സീസണിലെ ആദ്യ ജയം. മുംബൈ വിജയ ലക്ഷ്യമായ 234 റൺസ് പിന്തുടർന്ന ഡെൽഹി ക്യാപിറ്റൽസ് പോരാട്ടം 205 റൺസിൽ അവസാനിച്ചു. വിൻഡീസ് താരം റൊമാരിയ ഷെപ്പേർഡ് അവസാന ഓവറിൽ അടിച്ചെടുത്ത 32 റൺസാണ് മുംബൈ വിജയത്തിൽ നിർണായകമായത്. 25 പന്തിൽ 71 റൺസുമായി ട്രിസ്റ്റൺ സ്റ്റബ്‌സ് ആഞ്ഞടിച്ചെങ്കിലും വിജയത്തിലെത്തിക്കാനായില്ല. മുംബൈക്കായി ജെറാൾഡ് കൊറ്റ്‌സെ നാല് വിക്കറ്റ് വീഴ്ത്തി. സീസണിൽ മുംബൈയുടെ ആദ്യ ജയവും ഡൽഹിയുടെ നാലാം തോൽവിയുമാണിത്. ജയത്തോടെ ഐപിഎൽ ചരിത്രത്തിൽ 250 വിജയങ്ങൾ നേടുന്ന ആദ്യ ടീമെന്ന നേട്ടവും മുംബൈക്ക് സ്വന്തമായി.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങിനിറങ്ങിയ ഡിസിക്ക് തുടക്കത്തിലേ ഓസീസ് താരം ഡേവിഡ് വാർണറിനെ (10) നഷ്ടമായി. റൊമേരിയോ ഷപ്പേർഡിന്റെ പന്തിൽ ഹാർദിക് പാണ്ഡ്യ പിടിച്ചാണ് ഓസീസ് താരം മടങ്ങിയത്. എന്നാൽ പൃഥ്വി ഷായും അഭിഷേക് പോറലും ചേർന്ന് സ്‌കോറിംഗ് മുന്നോട്ട് കൊണ്ടുപോയി. 40 പന്തിൽ 66 റൺസെടുത്ത ഷായെ അത്യുജ്ജ്വ യോർക്കറിൽ ജസപ്രീത് ബുംറ പുറത്താക്കിയത് മത്സരത്തിൽ വഴിത്തിരിവായി. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ റിഷഭ് പന്ത്(1), അക്‌സർ പട്ടേൽ(8), ലളിത് യാദവ്(3), കുമാർ കുശാഗ്ര(0), ജെയ് റിച്ചാർഡ്‌സൺ(2) എന്നിവരെല്ലാം വേഗത്തിൽ കൂടാരം കയറിയതോടെ ഡൽഹി തോൽവിയിലേക്ക് കൂപ്പുകുത്തി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ മുംബൈക്ക് രോഹിത് ശർമ്മയും ഇഷാൻ കിഷനും ചേർന്ന് നൽകിയത് സ്വപ്ന തുടക്കമായിരുന്നു. ഓപ്പണിങ് തൊട്ട് ആഞ്ഞടിച്ച മുംബൈ അവസാരംവരെയും തുടർന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 234 റൺസിന്റെ കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്. 27 പന്തിൽ 49 റൺസ് നേടിയ രോഹിത് ശർമ്മയാണ് ടോപ് സ്‌കോറർ. 21 പന്തിൽ 45 റൺസുമായി ടിം ഡേവിഡും 10 പന്തിൽ 39 റൺസുമായി റൊമാരിയോ ഷെപ്പേർഡും അവസാന ഓവറിൽ തകർത്തടിച്ചു. ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച്ച് നോർക്യ എറിഞ്ഞ 20ാം ഓവറിൽ നാല് സികസറും രണ്ട് ബൗണ്ടറിയും സഹിതം 32 റൺസാണ് ഷപ്പേർഡ് നേടിയത്. അവസാന നാല് ഓവറിൽ മുംബൈ അടിച്ചെടുത്തത് 84 റൺസ്.

അതേസമയം, പരിക്ക് ഭേദമായി ടീമിലേക്ക് മടങ്ങിയെത്തിയ സൂര്യകുമാർ യാദവ് നിരാശപ്പെടുത്തി. ആൻറിച് നോർചെയുടെ ഓവറിൽ സ്‌കൈ പൂജ്യത്തിന് മടങ്ങി. ഖലീൽ അഹമ്മദിന്റെ ഓവറിൽ തിലക് വർമ്മയും (6) വേഗത്തിൽ മടങ്ങി. എന്നാൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ടിം ഡേവിഡും ചേർന്നുള്ള കൂട്ടുകെട്ട് മധ്യ ഓവറുകളിൽ കരുത്തായി. 39 റൺസുമായി ഹാർദിക് പുറത്തായെങ്കിലും ടിം ഡേവിഡും റൊമാരിയോ ഷപ്പേർഡും ചേർന്ന് സ്‌കോർ 200 കടത്തി. നാല് ഒവറിൽ 65 റൺസ് വിട്ടുകൊടുത്ത ആൻറിച്ച് നോർക്യ രണ്ട് വിക്കറ്റ് വീഴ്ത്തി.

Related Tags :
Similar Posts