Cricket
മുംബൈയ്ക്ക് ബൈ; പ്ലേഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീം
Cricket

മുംബൈയ്ക്ക് 'ബൈ'; പ്ലേഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീം

Sports Desk
|
8 May 2024 6:42 PM GMT

നിലവിൽ 12 മത്സരങ്ങളിൽ എട്ട് പോയന്റാണ് മുംബൈയുടെ സമ്പാദ്യം. ഇനിയുള്ള രണ്ട് മത്സരങ്ങൾ ജയിച്ചാലും പ്ലേഓഫിലെത്താനാവില്ല.

മുംബൈ: ഐപിഎല്ലിൽ നിന്ന് പ്ലേഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്. സൺറൈസേഴ്‌സ് ഹൈദരാബാദ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തോൽപിച്ചതോടെയാണ് ഹർദിക് പാണ്ഡ്യക്കും സംഘത്തിനുമുണ്ടായിരുന്ന വിദൂര സാധ്യതയും അസ്തമിച്ചത്. നിലവിൽ 12 മത്സരങ്ങളിൽ എട്ട് പോയന്റാണ് മുംബൈയുടെ സമ്പാദ്യം. ഇനിയുള്ള രണ്ട് മത്സരങ്ങൾ ജയിച്ചാലും പ്ലേഓഫിലെത്താനാവില്ല.

തകർപ്പൻ ജയത്തോടെ 14 പോയന്റുമായി സൺറൈസേഴ്‌സ് ഹൈദരാബാദ് മൂന്നാംസ്ഥാനത്തേക്കുയർന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് 16 പോയന്റുമായി ടോപ്പിൽ. ഇതേ പോയന്റുള്ള രാജസ്ഥാൻ റോയൽസ് നെറ്റ് റൺറേറ്റിന്റെ വ്യത്യാസത്തിൽ രണ്ടാമത് നിൽക്കുന്നു. ഡൽഹി ക്യാപിറ്റൽസ്-ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മത്സരത്തിൽ ഏതു ടീം വിജയിച്ചാലും 14 പോയന്റാകും. മഴമൂലം മത്സരം ഉപേക്ഷിച്ചാലും ഓരോ പോയന്റ് ലഭിക്കുമ്പോൾ 13 ആയി മുംബൈക്ക് മുകളിലെത്തും.

ഈ സീസണിൽ ഹാർദിക് പാണ്ഡ്യക്ക് കീഴിൽ ഇറങ്ങിയ മുംബൈയുടെ തുടക്കം മോശമായിരുന്നു. തുടരെ തോൽവി നേരിട്ട ടീം കഴിഞ്ഞ മാച്ചിൽ സൺറൈസേഴ്‌സിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റൻ പാണ്ഡ്യയും രോഹിത് ശർമയും തമ്മിലുള്ള പ്രശ്‌നങ്ങളും ടീം കോമ്പിനേഷനിലെ പ്രശ്‌നങ്ങളുമെല്ലാം നീലപടക്ക് തിരിച്ചടിയായി. ബൗളിങിൽ ജസ്പ്രീത് ബുംറയുടെ മികച്ച പ്രകടനമാണ് ആശ്വാസമായത്. 12 മത്സരങ്ങളിൽ 18 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ സ്റ്റാർ ബൗളർ വിക്കറ്റ് വേട്ടക്കാരിലും മുന്നിലാണ്. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് പഴയ ടീമിനൊപ്പം ചേർന്ന ഹാർദികിനും ഈസീസൺ മികച്ചതായില്ല. 11 ഇന്നിങ്‌സുകളിൽ നിന്നായി 198 റൺസാണ് സമ്പാദ്യം. 11 വിക്കറ്റാണ് നേടിയത്. വിദേശതാരങ്ങളായ റൊമാരിയോ ഷെപ്പേർഡ്, മുഹമ്മദ് നബി, നുവാൻ തുഷാര എന്നിവരും മികവിലേക്കുയർന്നില്ല. മികച്ചൊരു സ്പിന്നറുടെ കുറവും ടീം പ്രകടനത്തിൽ നിഴലിച്ചു.

Similar Posts