മുംബൈയോട് 'ജാവോ' പറഞ്ഞ് ബാംഗ്ലൂർ; റോയൽ ചലഞ്ചേഴ്‌സിന് 7 വിക്കറ്റ് ജയം
|അനുജ് 47 പന്തിൽ നിന്ന് 66 റൺസുമായി ടീമിന്റെ ടോപ് സ്‌കോറർ ആയപ്പോൾ കോഹ്ലി 48 റൺസെടുത്തു. മുംബൈ നിരയിൽ ജയദേവ് ഉനദ്ഘട്ട് മാത്രമാണ് ഒരു വിക്കറ്റെടുത്തത്.
മുംബൈ:മുംബൈയെ 7 വിക്കറ്റിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം 7 വിക്കറ്റും 9 പന്തും ബാക്കിയാക്കി ബാംഗ്ലൂർ മറികടന്നു.
ഓപ്പണർ അനുജ് റാവത്തും വിരാട് കോഹ്ലിയും ചേർന്നാണ് ബാംഗ്ലൂരിന് അനായാസ വിജയം സമ്മാനിച്ചത്. അനുജ് 47 പന്തിൽ നിന്ന് 66 റൺസുമായി ടീമിന്റെ ടോപ് സ്‌കോറർ ആയപ്പോൾ കോഹ്ലി 48 റൺസെടുത്തു. മുംബൈ നിരയിൽ ജയദേവ് ഉനദ്ഘട്ട് മാത്രമാണ് ഒരു വിക്കറ്റെടുത്തത്.
അതേസമയം, ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ അവർ 151 റൺസെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കം മുംബൈയ്ക്ക് നൽകിയെങ്കിലും 50 റൺസിലെത്തി നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ ടീം തകർച്ചയിലേക്ക് വീഴുകയായിരുന്നു.
സ്‌കോർ 50 ൽ നിന്ന് 79 ൽ എത്തുമ്പോഴേക്കും മുംബൈയ്ക്ക് 6 വിക്കറ്റുകളാണ് നഷ്ടമായത്. എന്നാൽ വിക്കറ്റുകൾ തുടർച്ചയായി വീണപ്പോഴും സൂര്യകുമാർ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ടീമിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. 37 പന്തിൽ നിന്ന് 68 റൺസാണ് സൂര്യകുമാർ അടിച്ചെടുത്തത്. അതേസമയം, മികച്ച ബൗളിങ് പ്രകടനമാണ് ബാംഗ്ലൂർ ബൗളർമാർ പുറത്തെടുത്തത്. ഹസരങ്കയും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റെടുത്തപ്പോൾ ആകാശ് ദീപ് ഒരു വിക്കറ്റെടുത്തു.