Cricket
മുംബൈ നിരയിൽ തിളങ്ങി തിലക്; ബാറ്റർമാരെ പിടിച്ചുകെട്ടി ചെന്നൈ
Cricket

മുംബൈ നിരയിൽ തിളങ്ങി തിലക്; ബാറ്റർമാരെ പിടിച്ചുകെട്ടി ചെന്നൈ

Web Desk
|
21 April 2022 4:13 PM GMT

ഐ.പി.എല്ലിന്റെ 15ാം പതിപ്പിൽ മോശം പ്രകടനമാണ് ഇരുടീമുകളും ഇതുവരെ പുറത്തെടുത്തത്

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയുള്ള മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് 7 വിക്കറ്റുകളാണ് ഓരോന്നോരാന്നായി നഷ്ടപ്പെട്ടത്. മികച്ച ബൗളിംഗിലൂടെ ചെന്നൈ ബൗളർമാർ മുംബൈ ഇന്ത്യൻസിനെ 155 ൽ പിടിച്ചുകെട്ടുകയായിരുന്നു. അർധസെഞ്ചുറി തികച്ച തിലക് വർമ (43 പന്തിൽ 51) ആണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്.

മൂന്ന് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത ചെന്നൈ ബോളർ മുകേഷ് ചൗധരിയാണ് ബൗളിംഗ് നിരയിലെ കേമൻ. 14 റൺസിന് കീറോൺ പൊള്ളാർഡിനെ തീക്ഷണ പുറത്താക്കി. ഇതു രണ്ടാം തവണ മാത്രമാണ് മുംബൈയുടെ രണ്ട് ഓപ്പണർമാരും ഡക്കിനു പുറത്താകുന്നത്. ഐപിഎലിൽ ഏറ്റവും കൂടുതൽ തവണ ഡക്കിനു പുറത്താകുന്ന താരമെന്ന നാണംക്കെട്ട റെക്കോർഡ് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയുടെ പേരിലുമായി. 14 തവണയാണ് രോഹിത് റണ്ണൊന്നുമെടുക്കാതെ പുറത്തായത്.

തിലക് വർമയ്ക്കു പുറമെ സൂര്യകുമാർ യാദവ് (21 പന്തിൽ 32), അരങ്ങേറ്റക്കാരൻ ഹൃത്വിക് ഷോക്കീൻ (25 പന്തിൽ 25) എന്നിവർ മാത്രമാണ് മുംബൈ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഡെവാൾഡ് ബ്രവിസ് (7 പന്തിൽ 4), കീറോൺ പൊള്ളാർഡ് ( 9 പന്തിൽ 14), ഡാനിയൽ സാംസ് (3 പന്തിൽ 5) എന്നിങ്ങനെയാണ് മറ്റു മുംബൈ ബാറ്റർമാരുടെ സ്‌കോറുകൾ. 9 പന്തിൽ 19 റൺസെടുത്ത് ജയ്‌ദേവ് ഉനദ്കട്ട് പുറത്താകാതെനിന്നു. മുകേഷ് ചൗധരിക്കു പുറമെ ചെന്നൈയ്ക്കായി ഡ്വെയ്ൻ ബ്രാവോ രണ്ടും മിച്ചൽ സാന്റ്‌നർ, മഹേഷ് തീക്ഷണ എന്നിവർ ഓരോ വിക്കറ്റു നേടി.

14 ഐ.പി.എൽ സീസണുകളിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമാണ് ഇരുവരും. 5 തവണ മുംബൈയും 4 തവണ ചെന്നൈയും ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ടത്. അതേസമയം, ഐ.പി.എല്ലിന്റെ 15ാം പതിപ്പിൽ മോശം പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്. 6 കളിയിൽ നിന്ന് 2 പോയിന്റുമായി ചെന്നൈ പട്ടികയിൽ 9ാം സ്ഥാനത്തും അത്രയും കളിയിൽ നിന്ന് ഒരു പോയിന്റും നേടാതെ മുംബൈ പട്ടികയിൽ അവസാനക്കാരുമാണ്.

Similar Posts