Cricket
Murali Vijay, മുരളി വിജയ്മുരളി വിജയ്
Cricket

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുരളി വിജയ്‌

Web Desk
|
30 Jan 2023 10:43 AM GMT

2002 മുതൽ 2018 വരെയുള്ള തന്റെ ക്രിക്കറ്റ് കരിയറിനെ വൈകാരികമായി സൂചിപ്പിച്ചാണ് വിജയ് തന്റെ വിരമിക്കൽ ട്വിറ്ററിൽ കുറിച്ചിട്ടത്

ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻഇന്ത്യൻ താരം മുരളി വിജയ്. ഇന്ത്യക്ക് വേണ്ടി വിവിധ ഫോർമാറ്റുകളിലായി 87 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 4490 റൺസും സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറുടെ റോളിലെത്തിയ മുരളി വിജയ്, ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാവാത്ത ഒത്തിരി മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് മടങ്ങുന്നത്.

61 ടെസ്റ്റുകളാണ് താരം കളിച്ചത്. നേടിയത് 3982 റൺസും. 17 എകദിനത്തിലും ഒമ്പത് ടി20 മത്സരങ്ങളിലും വിജയിയെ കണ്ടു. 2002 മുതൽ 2018 വരെയുള്ള തന്റെ ക്രിക്കറ്റ് കരിയറിനെ വൈകാരികമായി സൂചിപ്പിച്ചാണ് വിജയ് തന്റെ വിരമിക്കൽ ട്വിറ്ററിൽ കുറിച്ചിട്ടത്. ടെസ്റ്റ് ക്രിക്കറ്റര്‍ എന്ന നിലയിലാണ് മുരളി വിജയ് അറിയപ്പെട്ടിരുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു അതെന്നും തനിക്ക് അവസരം തന്ന എല്ലാവരും നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിങ്‌സ്, ഡൽഹി ഡയർഡെവിൾസ്(ഡൽഹി കാപ്പിറ്റൽസ്), കിങ്‌സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് മുരളി വിജയ് കളിച്ചിരുന്നത്. 106 ഐപിഎൽ മത്സരങ്ങളില്‍ നിന്നായി 121.87 സ്‌ട്രൈക്ക് റൈറ്റിൽ 2619 റൺസാണ് നേടിയത്. രണ്ട് സെഞ്ച്വറികളും 13 അർദ്ധ സെഞ്ച്വറികളും ഐപിഎല്ലിൽ കുറിച്ചു. ടീം ഇന്ത്യയില്‍ അതിഥി വേഷമായിരുന്നുവെങ്കിലും ആഭ്യന്തര- ഐപിഎല്‍ മത്സരങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. എന്നിരുന്നാലും ഒരുകാലത്ത് ടെസ്റ്റ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു താരം.

Related Tags :
Similar Posts