മുഷീർ ഖാൻ, ഉദയ് സഹാരൻ... ഇന്ത്യൻ ക്രിക്കറ്റിൽ പുതു വസന്തം; അണ്ടർ 19 ലോകകപ്പ് ഫൈനലിൽ നീലപ്പട
|വിരാട് കോഹ്‌ലിയും മുഹമ്മദ് കൈഫുമടക്കമുള്ള ഒരുപാട് ഇതിഹാസ താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിലേക്ക് എത്തിയത് അണ്ടർ 19 ലോകകപ്പുകളിലൂടെ
വിരാട് കോഹ്‌ലിയും മുഹമ്മദ് കൈഫുമടക്കമുള്ള ഒരുപാട് ഇതിഹാസ താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിലേക്ക് എത്തിയത് അണ്ടർ 19 ലോകകപ്പുകളിലൂടെയാണ്. 2000ത്തിൽ കൈഫും 2008ൽ കോഹ്‌ലിയും കൗമാര ലോകകപ്പിൽ ഇന്ത്യയുടെ വിജയ നായകരായി. 2012ൽ ഉന്മുക്ത് ചന്ദ്, 2018ൽ പൃഥ്വി ഷാ, 2022ൽ യാഷ് ധുൾ എന്നിവരും ലോകകിരീടം ഇന്ത്യയിലെത്തിച്ചു. ഇപ്പോഴിതാ ഉദയ് സഹാരനും സംഘവും മറ്റൊരു കിരീടം നേടാൻ ഒരുങ്ങി നിൽക്കുന്നു. സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തകർത്ത് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിലെത്തിയിരിക്കുകയാണ്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം 48.5 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ഇന്ത്യക്കായി അർധ സെഞ്ച്വറികളുമായി സച്ചിൻദാസ്, ക്യാപ്റ്റൻ ഉദയ് സഹാരൻ എന്നിവർ മികച്ച പ്രകടനം നടത്തി. അഞ്ചാം വിക്കറ്റിൽ ഇരുവരുടേയും 171 റൺസ് കൂട്ടുകെട്ടാണ് വിജയത്തിൽ നിർണായകമായത്. ക്യാപ്റ്റൻ സഹാരനാണ് മാൻ ഓഫ് ദി മാച്ച്.
ടൂർണമെൻറിലെ ഏറ്റവും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലും ഇന്ത്യൻ താരങ്ങളാണ്. നായകൻ ഉദയ് സഹാരൻ 64.83 ശരാശരിയിൽ 389 റൺസാണ് അടിച്ചുകൂട്ടിയത്. ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരൻ മുഷീർ ഖാൻ 67.60 ശരാശരിയിൽ 338 റൺസ് നേടി തൊട്ടു പിന്നിലുണ്ട്. ടൂർണമെൻറിലെ ഉയർന്ന രണ്ട് സ്‌കോറുകൾ മുഷീറിന്റെ പേരിലാണ്. ന്യൂസിലൻഡിനെതിരെ 131 റൺസും അയർലൻഡിനെതിരെ 118 റൺസുമാണ് താരം നേടിയത്.
73.50 ശരാശരിയിൽ 294 റൺസ് നേടിയ സച്ചിൻ ദാസാണ് റൺവേട്ടക്കാരിൽ മൂന്നാമത്. വിക്കറ്റ് നേട്ടത്തിൽ ഇന്ത്യൻ ബൗളർ സൗമി കുമാർ പാണ്ഡ്യ രണ്ടാമതുണ്ട്. 17 വിക്കറ്റാണ് താരം വീഴ്ത്തിയിട്ടുള്ളത്.
ഗ്രൂപ്പ് എയിൽ കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ചാണ് ടീം ഇന്ത്യ ഫൈനലിലെത്തിയത്. ആറ് പോയിൻറുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ടീം. സെക്കൻഡ് ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യൻ ടീം തോൽവിയറിഞ്ഞിട്ടില്ല. നാലു മത്സരങ്ങളും വിജയിച്ച് എട്ട് പോയിൻറ് നേടി. ഇതേ രീതിയിൽ തന്നെ മുന്നേറുന്ന പാകിസ്താനും ആസ്‌ത്രേലിയയും സെമി ഫൈനലിലെത്തിയിരിക്കുകയാണ്. ഇവർ തമ്മിൽ നാളെ നടക്കുന്ന സെമിഫൈനലിൽ ജയിക്കുന്നവരെയാണ് ടീം ഇന്ത്യ ഫെബ്രുവരി 11ന് ഫൈനലിൽ നേരിടുക. എതിരാളികൾ ആരായാലും തകർപ്പൻ പ്രകടനവുമായി കിരീടം കൊണ്ടുവരാനാകും ഇന്ത്യ ഇറങ്ങുക. ഒപ്പം ലോകക്രിക്കറ്റിലേക്കും ഐപിഎല്ലിലേക്കും പുതു താരങ്ങളെ സമ്മാനിച്ചുകൊണ്ടും...