'കോഹ്ലിയെ സ്ലെഡ്ജ് ചെയ്യാറില്ല, പണികിട്ടും': മുഷ്ഫിഖുർ റഹീം
|''സ്ലെഡ്ജ് ചെയ്താൽ കൂടുതൽ ശക്തിയോടെ കളിക്കാൻ അവനിഷ്ടപ്പെടും അതിനാലാണ് സ്ലെഡ്ജിങ്ങിന് മുതിരാത്തത്''
പൂനെ: ഇന്ത്യയുമായി ആവേശകരമായ നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയെ സ്ലെഡ്ജ് ചെയ്യാറില്ലെന്ന് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഷ്ഫിഖുര്‍ റഹീം.
'സ്ലെഡ്ജ് ചെയ്താൽ കൂടുതൽ ശക്തിയോടെ കളിക്കാൻ അവനിഷ്ടപ്പെടും അതിനാലാണ് സ്ലെഡ്ജിങ്ങിന് മുതിരാത്തത്. എന്നാല്‍ ഞാന്‍ ബാറ്റ് ചെയ്യുമ്പോഴെല്ലാം സ്ലെഡ്ജ് ചെയ്യാൻ കോഹ്ലി ശ്രമിക്കാറുണ്ട്. കാരണം കോഹ്ലി മത്സരബുദ്ധിയുള്ള കളിക്കാരനാണ്. ഒരു മത്സരവും തോല്‍ക്കുന്നത് കോഹ്ലിയ്ക്ക് ഇഷ്ടമുള്ള കാര്യമല്ല. അതിനാല്‍ തന്നെ അദ്ദേഹത്തെയും ഇന്ത്യയെയും നേരിടുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു'- മുഷ്ഫിഖുര്‍ റഹീം വ്യക്തമാക്കി.
ലോകകപ്പില്‍ ഇന്ത്യ ബംഗ്ലാദേശ് മത്സരം ഇന്ന് നടക്കുന്ന പശ്ചാത്തലത്തിലാണ് മുഷ്ഫിഖുര്‍ മനസ്സ് തുറന്നത്. അതേസമയം ലോകകപ്പില്‍ തുടർച്ചയായ നാലാം ജയം തേടി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങും. ആദ്യ മൂന്ന് മത്സരങ്ങളിലെ വമ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ബംഗ്ലാദേശാവട്ടെ അവസാനം കളിച്ച രണ്ട് മത്സരങ്ങളും തോറ്റാണ് ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. ഉച്ചയ്ക്ക് 2 ന് പൂനെയിലാണ് മത്സരം.
ബാറ്റിംഗിനെ പിന്തുണയ്ക്കുന്ന പൂനെയിലെ പിച്ചിൽ ഇന്ത്യ നിലവിലെ ഫോം തുടർന്നാല്‍ കാര്യമായ വെല്ലുവിളിയില്ലാതെ ഇന്ത്യയക്ക് വിജയിക്കാനാവും. എന്നാല്‍ ഇന്ത്യക്കെതിരെ അസാമാന്യ പോരാട്ട വീര്യം പുറത്തെടുക്കുന്ന പാരമ്പര്യമാണ് ബംഗ്ലാദേശനുള്ളത്. ഇക്കഴിഞ്ഞ ഏഷ്യാകപ്പിലും ഇന്ത്യയെ പരാജയപ്പെടുത്താൻ ബംഗ്ലാദേശിനായിരുന്നു. 2007ലെ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗ്രൂപ്പ് സ്റ്റേജിൽ തന്നെ മടക്ക ടിക്കറ്റ് ലഭിച്ചതും ബംഗ്ലാദേശിനോടേറ്റ പരാജയത്തോടെയായിരുന്നു. അതുകൊണ്ട് തന്നെ അയൽപക്കകാർ തമ്മിലുള്ള വീറും വാശിയും ഏറുന്ന ഒരു പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നതും.