Cricket
I want to build a house with that money; Naman Dir, who was brought into the Mumbai Indians team, is not a retail person
Cricket

'ആ പണംകൊണ്ടൊരു വീടുവെക്കണം'; മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ച നമാൻ ധിർ ചില്ലറക്കാരനല്ല

Sports Desk
|
26 Nov 2024 3:41 PM GMT

നിരന്തര അവഗണനയെ തുടർന്ന് കളി നിർത്തിയ താരം അച്ഛന്റെ നിർബന്ധത്തിൽ വീണ്ടും തിരിച്ചെത്തുകയായിരുന്നു

ന്യൂഡൽഹി: ഇത്തവണ താരലേലത്തിൽ റൈറ്റ്ടു മാച്ച്(ആർടിഎം)കാർഡ് ഉപയോഗിച്ച് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ച താരമാണ് നമാൻ ധിർ. കഴിഞ്ഞ സീസണിൽ മുംബൈക്കായി കളത്തിലിറങ്ങി യുവതാരം നടത്തിയ മികച്ച പ്രകടനമാണ് ടീമിൽ പിടിച്ചുനിർത്താൻ ആകാശ് അംബാനിയേയും സംഘത്തേയും നയിച്ചത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്‌സ് എന്നീ ഫ്രാഞ്ചൈസികളെല്ലാം താരത്തിനായി രംഗത്തുണ്ടായിരുന്നു. ആർടിഎം കാർഡ് ഉയർത്തിയ മുംബൈ 5.25 കോടിയാണ് താരത്തിനായി ചെലവഴിച്ചത്. പഞ്ചാബിലെ മധ്യവർഗ കുടുംബത്തിൽ ജനിച്ച താരത്തിന് ഈ തുക വലിയ നേട്ടമായി. 'ഈ പണംകൊണ്ട് എനിക്കൊരു വീടുവെക്കണം'. താരലേലത്തിന് പിന്നാലെ നമാൻധിറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. നിലവിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിച്ചുകൊണ്ടിരിക്കുകയാണ് ഈ 24 കാരൻ.

പഞ്ചാബിനായി അണ്ടർ 16 ക്യാമ്പിൽ തുടരവെ താരത്തിന് തുടക്കത്തിൽ നേരിടേണ്ടിവന്നത് വലിയ അവഗണനയായിരുന്നു. മികച്ച പ്രകടനം നടത്തിയിട്ടും അവസരമില്ലാതായതോടെ ഒരുവേള ക്രിക്കറ്റ് ഉപേക്ഷിച്ച് കാനഡയിലേക്ക് മടങ്ങി. അവിടെ പെർമിനന്റ് റസിഡൻസി എടുത്തു. എന്നാൽ വിധി കരുതിവെച്ചത് മറ്റൊന്നായിരുന്നു. കാനഡയിൽ നിന്ന് പഞ്ചാബികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയ സമയത്ത് അവരിൽ ഒരാളായി നമാൻ ധിറും മടക്കടിക്കറ്റെടുത്തു. പിതാവിനും മകൻ ക്രിക്കറ്റിൽ തുടരണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇതോടെ 2022 ഡിസംബറിൽ മടങ്ങിയെത്തി വീണ്ടും ക്രിക്കറ്റിൽ സജീവമായി. രഞ്ജി ട്രോഫിയിൽ അരങ്ങേറി. എന്നാൽ ഇത്തവണ താരത്തിന് വിലങ്ങുനിൽക്കാൻ ആരുമുണ്ടായില്ല. പഞ്ചാബിനായി താരം നടത്തിയ മികച്ച പ്രകടനം മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റ് റഡാറിൽ പതിഞ്ഞു. കഴിഞ്ഞ ഐപിഎൽ സീസണിൽ സ്‌ക്വാർഡിലേക്കും ടീമിലേക്കുമുള്ള വിളിയുമെത്തി.

നമാൻധിറിന്റെ പിതാവ് നരേഷ് മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരനാണ്. അച്ഛന്റെ ചെറിയ ശമ്പളമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. എന്നാൽ മകൻ ക്രിക്കറ്റിലൂടെ അറിയപ്പെടാൻ തുടങ്ങിയതോടെ പിതാവ് നാട്ടിലെങ്ങും ഫെയ്മസായി. എന്നാൽ മകനെ ക്രിക്കറ്ററാക്കണമെന്ന ആഗ്രഹമായിരുന്നു മനസിൽ. ഇതിനിടെ ഒട്ടേറെ പ്രതിബന്ധങ്ങൾ നേരിട്ടെങ്കിലും ഒടുവിൽ വിജയം നേടിയെടുക്കാനായി. പഞ്ചാബിലെ ഫരീദ്‌കോട്ടിൽ നിന്ന് ക്രിക്കറ്റിലേക്ക് ഉയർന്നുവരുന്ന ആദ്യ താരവും നമാൻദിറാണ്. ലേലത്തിൽ ലഭിച്ച തുകകൊണ്ട് സ്വന്തം നാട്ടിലൊരു വീടുമെക്കണമെന്ന ആഗ്രഹമാണ് ഈ 24 കാരന്റെ മനസിലിപ്പോൾ. ഇതോടൊപ്പം മുംബൈ ഇന്ത്യൻസിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടീമിലേക്കെത്തുകയെന്നതും ലക്ഷ്യമിടുന്നു

Similar Posts