ഏഷ്യൻ ചാമ്പ്യന്മാരെ തകർത്തിട്ടും സൂപ്പർ 12 ലേക്ക് നമീബിയ ഇല്ല; യോഗ്യത നേടി ശ്രീലങ്കയും നെതർലാന്റ്‌സും
|മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് മത്സരങ്ങൾ വീതം ജയിച്ച ശ്രീലങ്കയും നെതർലാന്റ്‌സുമാണ് ഗ്രൂപ്പ് എയിൽ നിന്ന് യോഗ്യത നേടിയ ടീമുകൾ
വിക്ടോറിയ: ആദ്യ മത്സരത്തിൽ ഏഷ്യൻ ചാമ്പ്യന്മാരെ തകർത്ത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച നമീബിയ ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പർ 12 ലേക്ക് യോഗ്യത നേടിയില്ല. അവസാന മത്സരത്തിൽ യുഎഇയോട് തോറ്റതോടെയാണ് നമീബിയയുടെ സൂപ്പർ 12 പ്രതീക്ഷകൾ അസ്തമിച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് മത്സരങ്ങൾ വീതം ജയിച്ച ശ്രീലങ്കയും നെതർലാന്റ്‌സുമാണ് ഗ്രൂപ്പ് എയിൽ നിന്ന് യോഗ്യത നേടിയ ടീമുകൾ.
ഇന്ന് ആദ്യം നടന്ന ശ്രീലങ്ക -നെതൽലാന്റ്‌സ് മത്സരത്തിൽ 16 റൺസിന് ശ്രീലങ്ക ജയിച്ചിരുന്നു. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക കുശാൽ മെൻഡീസിന്റെ അർധസെഞ്ച്വറിയുടെ ബലത്തിൽ 162 റൺസാണ് എടുത്തത്. 163 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നെതർലാന്റ്‌സിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എടുക്കാൻ മാത്രമേ സാധിച്ചുള്ളൂ. ശ്രീലങ്കയ്ക്കായി വനിദു ഹസരങ്കയും സംഘവും നടത്തിയ മിന്നുന്ന ബൗളിങ് പ്രകടനമാണ് തുണയായത്.
രണ്ടാം മത്സരത്തിൽ യുഎഇ 7 റൺസിനാണ് നമീബിയയെ തോൽപ്പിച്ചത്. ആദ്യം ബാറ്റുചെയ്ത യുഎഇ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണ് എടുത്തത്. ക്യാപ്റ്റൻ റിസ്വാനും ഓപ്പണർ മുഹമ്മദ് വസീമുമാണ് യുഎഇയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. എന്നാൽ, 149 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നമീബിയയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. മത്സരഫലങ്ങൾ പുറത്തുവന്നതോടെ ഗ്രൂപ്പ് എയിൽ നിന്ന് സൂപ്പർ 12 ലേക്ക് യോഗ്യതനേടിയവരുടെ പൂർണചിത്രമായി.