അവസാന ഓവറിലെ രണ്ട് സിക്‌സറുകൾ: പാകിസ്താനെ വിജയത്തിലെത്തിച്ച നസീം ഷായുടെ ബാറ്റ് ലേലത്തിന്
|സൂപ്പർഫോറിലെ വാശിയേറിയ മത്സരങ്ങളിലൊന്നായിരുന്നു പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ
ദുബൈ: ഏഷ്യാകപ്പില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ സിക്‌സർ പറത്തി പാകിസ്താനെ വിജയത്തിലെത്തിച്ച നസീം ഷായുടെ ബാറ്റ് ലേലത്തിന്. ഏഷ്യാകപ്പിലെ തന്നെ വാശിയേറിയ പോരാട്ടങ്ങളിലൊന്നായിരുന്നു അഫ്ഗാനിസ്താൻ-പാകിസ്താൻ മത്സരം. മത്സരഫലം അങ്ങോട്ടും ഇങ്ങോട്ടും തിരിയാമെന്ന് നിൽക്കെ സിക്‌സർ പായിച്ചാണ് പാകിസ്താൻ വിജയം ആഘോഷിച്ചത്.
അതോടെ ഏഷ്യാകപ്പിൽ പാകിസ്താൻ ഫൈനലിലെത്തി. നസീം ഷായാണ് വിജയത്തിന്റെ കപ്പിത്താൻ. ലേലത്തലൂടെ ലഭിക്കുന്ന തുക പാകിസ്താനിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് താരം സംഭാവന ചെയ്യും. പാകിസ്താന്റെ തന്നെ ചരിത്രത്തിലെ മഹാപ്രളയത്തിനാണ് ഇക്കുറി സാക്ഷ്യം വഹിച്ചത്. കിലോമീറ്ററോളം റോഡുകളും പാലങ്ങളുമാണ് വെള്ളപ്പൊക്കത്തിൽ തകർന്നത്. അതേസമയം നസീം ഷാക്ക് ഈ ബാറ്റ് സമ്മാനിച്ചത് മറ്റൊരു സഹതാരമായിരുന്ന മുഹമ്മദ് ഹസ്‌നൈനാണ്.
അവസാന ഓവറിലാണ് ഈ രണ്ട് മനോഹര സിക്‌സറുകളും പറന്നത്. അവസാന ഓവറിൽ പതിനൊന്ന് റൺസായിരുന്നു പാകിസ്താന് ജയിക്കാൻ വേണ്ടിയിരുന്നത്. ഫാറൂഖിയുടെ ആദ്യ രണ്ട് പന്തും ഗ്യാലറിയിലെത്തിച്ചാണ് നസീം ഷാ പാകിസ്താന് ഫൈനൽ ടിക്കറ്റ് നേടിക്കൊടുത്തത്. രണ്ട് പന്തുകളും ഫുള്‍ടോസ് ആയത് നസീം ഷാക്ക് കാര്യങ്ങള്‍ എളുപ്പമായി. മത്സരത്തിൽ ഒരു റൺസിന്റെ ത്രസിപ്പിക്കുന്ന ജയമാണ് പാകിസ്താൻ സ്വന്തമാക്കിയത്. അതേസമയം ഏഷ്യാകപ്പ് ഫൈനലില്‍ പാകിസ്താന്‍ ശ്രീലങ്കയെ നേരിടും.