Cricket
ടൈറ്റൻസിനോട് വിടപറയാനൊരുങ്ങി നെഹ്‌റ; പകരക്കാരനായി യുവി എത്തുമെന്ന് റിപ്പോർട്ട്?
Cricket

ടൈറ്റൻസിനോട് വിടപറയാനൊരുങ്ങി നെഹ്‌റ; പകരക്കാരനായി യുവി എത്തുമെന്ന് റിപ്പോർട്ട്?

Sports Desk
|
23 July 2024 4:43 PM GMT

ഐ.പി.എല്ലിൽ കളത്തിലിറങ്ങിയ ആദ്യ സീസണിൽ തന്നെ കിരീടം ചൂടിയ ഗുജറാത്ത് ടൈറ്റൻസ് കഴിഞ്ഞ തവണ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

അഹമ്മദാബാദ്: ഐ.പി.എല്ലിൽ കളത്തിലിറങ്ങിയ ആദ്യ സീസണിൽ തന്നെ കിരീടം നേടിയ ഫ്രാഞ്ചൈസിയാണ് ഗുജറാത്ത് ടൈറ്റൻസ്. തൊട്ടടുത്ത സീസണിൽ റണ്ണേഴ്‌സപ്പുമായി അത്ഭുതം തീർത്തു. എന്നാൽ ഗുജറാത്തിൽ ഇപ്പോൾ കാര്യങ്ങൾ അത്ര എളുപ്പമല്ല. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് ചുവട് മാറിയതോടെ കഴിഞ്ഞ സീസണിൽ നയിച്ചത് ശുഭ്മാൻ ഗില്ലായിരുന്നു. യുവതാരത്തിന് കീഴിൽ ഇറങ്ങിയ ടീം എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പ്ലേഓഫ് യോഗ്യത പോലും നേടാനായില്ല.

ഹാർദികിന് പിന്നാലെ പരിശീലകൻ ആശിഷ് നെഹ്‌റയും ടൈറ്റൻസിനോട് വിടപറയാനൊരുങ്ങുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടീം ഡയറക്ടർ വിക്രം സോളങ്കിയും നെഹ്‌റക്കൊപ്പം പടിയിറങ്ങുമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ പുതിയ സീസണിന് മുന്നോടിയായി ടീം വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നാണ് റിപ്പോർട്ട്. 2022ലാണ് നെഹ്‌റയും സോളങ്കിയും ഗുജറാത്ത് പരിശീലന ചുമതലയിലേക്കെത്തുന്നത്. 2022 കിരീടത്തിന് പിന്നാലെ 2023 ഫൈനലിലെത്തിക്കാനും ഈ കൂട്ടുകെട്ടിനായി. ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് കീഴടങ്ങുകയായിരുന്നു. ആദ്യമായാണ് പരിശീലക റോളിലേക്ക് നെഹ്‌റ എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ മുൻ ഇന്ത്യൻ പേസർ ശ്രദ്ധയാകർഷിച്ചിരുന്നു. ബൗണ്ടറി ലൈനിനരികെ ചടുലമായ നീക്കങ്ങളിലൂടെ ഫുട്‌ബോൾ പരിശീലകരെ ഓർമിപ്പിക്കും വിധമായിരുന്നു താരത്തിന്റെ കോച്ചിങ്. പലമത്സരങ്ങളുടേയും ഗതിമാറ്റാനും നെഹ്‌റയുടെ പെട്ടെന്നുള്ള തന്ത്രങ്ങൾ ടീമിന് ഗുണമായിരുന്നു.

നെഹ്‌റുയുടെ പിൻഗാമിയിയായി ടെറ്റൻസ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങിനെ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണ്. എന്നാൽ കളി മതിയാക്കിയ ശേഷം ഇതുവരെ ഐ.പി.എല്ലിൽ പരിശീലക സ്ഥാനത്തേക്ക് യുവി എത്തിയിട്ടില്ല. പലപ്പോഴും അവസരം ലഭിച്ചെങ്കിലും താരം പിൻമാറുകയായിരുന്നു. ടി20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട യുവി അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടന്ന ചാമ്പ്യൻഷിപ്പിൽ സജീവമായുണ്ടായിരുന്നു. ഗുജറാത്ത് നായകൻ ശുഭ്മാൻ ഗില്ലും യുവരാജും തമ്മിലുള്ള മികച്ച ബന്ധവും താരത്തെ പരിഗണിക്കുന്നതിലേക്ക് ഗുജറാത്ത് മാനേജ്‌മെന്റിനെയെത്തിച്ചതായാണ് വിവരം.

Similar Posts