Cricket
ഇന്ത്യയിൽ ഇതുപോലൊരു ബൗളിങ് യൂണിറ്റ് മുമ്പുണ്ടായിട്ടില്ല:  വാനോളം പുകഴ്ത്തി ഇൻസമാമുൽ ഹഖ്
Cricket

'ഇന്ത്യയിൽ ഇതുപോലൊരു ബൗളിങ് യൂണിറ്റ് മുമ്പുണ്ടായിട്ടില്ല': വാനോളം പുകഴ്ത്തി ഇൻസമാമുൽ ഹഖ്

Web Desk
|
9 Aug 2021 4:56 AM GMT

ട്രെന്‍ഡ് ബ്രിഡ്ജ് ടെസ്റ്റില്‍ ആദ്യദിനം തന്നെ അതിവേഗ ബൗളിങിലൂടെ ഇന്ത്യ ഇംഗ്ലണ്ടിനെ വരുതിയിലാക്കിയെന്ന് ഇന്‍സമാമുല്‍ ഹഖ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ബൗളിങിനെ വാനോളം പുകഴ്ത്തി മുന്‍ പാകിസ്താന്‍ നായകന്‍ ഇന്‍സമാമുല്‍ ഹഖ്. ട്രെന്‍ഡ് ബ്രിഡ്ജ് ടെസ്റ്റില്‍ ആദ്യദിനം തന്നെ അതിവേഗ ബൗളിങിലൂടെ ഇന്ത്യ ഇംഗ്ലണ്ടിനെ വരുതിയിലാക്കിയെന്ന് ഇന്‍സമാമുല്‍ ഹഖ് പറഞ്ഞു.അതേസമയം അവസാന ദിനം മഴയെടുത്തതിനാല്‍ കളി സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇന്ത്യക്ക് മുൻതൂക്കമുണ്ടായിരുന്ന മത്സരമാണ് മഴയെടുത്തത്.

'നായകന്‍ ജോ റൂട്ട് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ബുംറയുടെ മുന്നില്‍ പ്രയാസപ്പെട്ടു. സിറാജും ഷമിയും നന്നായിത്തന്നെ പന്തെറിഞ്ഞു. സമീപകാലത്തായി മികച്ച പേസ് ബൗളിങ് കരുത്ത് ഇന്ത്യക്കുണ്ട്. ആക്രമണോത്സുകതയാണ് ഇവരുടെ മുഖമുദ്ര. ഇത്രയും മികച്ച ആക്രമണോത്സുകയുള്ള ഇന്ത്യന്‍ ബൗളര്‍മാരെ മുമ്പ് കണ്ടിട്ടില്ല'- ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.

ഇതിനമുന്‍പും മികച്ച ഫാസ്റ്റ് ബൗളര്‍മാരെ ടീം ഇന്ത്യ വളര്‍ത്തിയെടുത്തിട്ടുണ്ടെന്നും എന്നാല്‍ ഈ കാലഘട്ടത്തിലെ പേസര്‍മാര്‍ക്ക് ഫാസ്റ്റ് ബൗളര്‍മാരുടെ തനതായ അഗ്രഷനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും അഗ്രഷനുള്ള പേസര്‍മാരുണ്ടെങ്കില്‍ ഇത്തരം പ്രകടനങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ 183 റൺസിനാണ് ഇന്ത്യ ഒതുക്കിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. ഷമിയും ശർദുൽ താക്കൂറും പിന്തുണകൊടുത്തു. ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ശർദുൽ താക്കൂർ രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്‌സിലും ബുംറയുടെ തകർപ്പൻ പ്രകടനമായിരുന്നു. അഞ്ച് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. അതോടെ രണ്ട് ഇന്നിങ്‌സിലുമായി ബുംറ വീഴ്ത്തിയത് ഒമ്പത് വിക്കറ്റുകൾ.

Similar Posts