ജസ്പ്രീത് ബുംറയില്ല; പന്തെറിയാൻ സിറാജിന് പുതിയ 'പാർട്ണർ'?നാലാം ടെസ്റ്റ് വെള്ളിയാഴ്ച
|സർഫാറാസ് ഖാനെപ്പോലെ ആഭ്യന്തര മത്സരങ്ങളിലെ മികവാകും ആകാശ് ദീപിന് തുണയാകുക
റാഞ്ചി: ഇംഗ്ലണ്ടിനെതിരെ റാഞ്ചിയിൽ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിന് പേസർ ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. മികച്ച ഫോമിൽ നിൽക്കെ ജോലിഭാരം കണക്കിലെടുത്താണ് ബുംറക്ക് വിശ്രമം അനുവദിക്കുന്നത്.
പരമ്പരയിൽ മികച്ച ഫോമിൽ പന്തെറിയുന്ന ബുംറക്ക് ആരാകും പകരക്കാരൻ എന്നറിയാനുള്ള ആകാംക്ഷിയിലാണ് ക്രിക്കറ്റ് പ്രേമികൾ. പല പേരുകളും പറഞ്ഞ് കേൾക്കുന്നുണ്ടെങ്കിലും ബംഗാൾ ഫാസ്റ്റ് ബൗളർ ആകാശ് ദീപിന്റെ പേരാണ് സജീവ ചർച്ചയിൽ. ഒരു ദേശീയമാധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ആകാശ് ദീപാകും സിറാജിന് കൂട്ടായി പന്തെറിയുക എന്നാണ്.
താരത്തിന്റെ അരങ്ങേറ്റ മത്സരമാകും റാഞ്ചിയിലേതെന്നാണ് റിപ്പോര്ട്ടുകള്. നേരത്തെ മുകേഷ് കുമാറിന്റെ പേര് സജീവമായിരുന്നുവെങ്കിലും അദ്ദേഹത്തെ 'വെട്ടി'യാകും ആകാശ് ദീപ് കളിക്കുക. രഞ്ജി ട്രോഫിയിൽ മുകേഷ് കുമാറിനെപ്പോലെ ബംഗാളിന്റെ തന്നെ താരമാണ് ആകാശ് ദീപും. സർഫാറാസ് ഖാനെപ്പോലെ ആഭ്യന്തര മത്സരങ്ങളിലെ മികവാകും ആകാശ് ദീപിന് തുണയാകുക
ഇക്കഴിഞ്ഞ ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ട് മത്സരങ്ങളിൽ നിന്ന്, പത്ത് വിക്കറ്റുകൾ വീഴ്ത്തി ഉഗ്രൻ ഫോമിലാണ് ആകാശ് ദീപ്. കഴിഞ്ഞ കുറച്ച് സീസണുകളിലായി ബംഗാളിനായി മികവാർന്ന പ്രകടനമാണ് അദ്ദേഹം പുറത്തെടുക്കുന്നത്. 30 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ നിന്നായി 104 വിക്കറ്റുകൾ താരം വീഴ്ത്തിക്കഴിഞ്ഞു.
വെള്ളിയാഴ്ചയാണ് പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ബുംറക്ക് പുറമെ സീനിയർ താരം ലോകേഷ് രാഹുലും കളിക്കുന്നില്ല. താരത്തിന്റെ ഫിറ്റ്നസ് ഇപ്പോഴും വീണ്ടെടുത്തിട്ടില്ല. പരമ്പരയിൽ ഇന്ത്യയാണ് മുന്നിട്ട് നിൽക്കുന്നത്(2-1). ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെയുള്ള രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ, വമ്പ് കാട്ടുകയായിരുന്നു.