Cricket
mohammed shami
Cricket

ബൗളര്‍മാര്‍ക്ക് അനുകൂലമായി പുതിയ നിയമം; ഐ.പി.എല്ലില്‍ ഇനി തീപാറും

Web Desk
|
19 Dec 2023 7:50 AM GMT

17ാം സീസണ്‍ ഐ.പി.എല്ലിന്റെ താരലേലം ഇന്ന് ദുബൈയില്‍ നടക്കാനിരിക്കുകയാണ്

2024ല്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ 17ാം സീസണില്‍ പുതിയ നിയമം കൊണ്ടുവരുന്നു. ബൗളര്‍ക്ക് ഒരു ഓവറില്‍ രണ്ട് ബൗണ്‍സര്‍ എറിയാന്‍ അനുവാദം നല്‍കുന്നതാണ് പുതിയ നിയമം.

കഴിഞ്ഞ മാസം സമാപിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റില്‍ ബി.സി.സി.ഐ ഈ നിയമം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. ഇതാണ് അടുത്ത ഐ.പി.എല്‍ സീസണിലേക്ക് കൊണ്ടുവരുന്നത്. ഇതോടെ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് മത്സരത്തില്‍ കുറച്ചുകൂടി മേധാവിത്വം ലഭിക്കും. പൊതുവെ ബാറ്റര്‍മാര്‍ മികവ് കാണിക്കും വിധമാണ് ഐ.പി.എല്ലിന്റെ നിയമങ്ങള്‍. ഇതിന് ചെറിയ രീതിയിലെങ്കിലും മാറ്റം കൊണ്ടുവരാന്‍ പുതിയ നിയമത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

രണ്ട് ബൗണ്‍സര്‍ എറിയാന്‍ സാധിക്കുന്നത് കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് ഇന്ത്യന്‍ പേസര്‍ ജയദേവ് ഉനദ്കട് പ്രതികരിച്ചു. 'ഇത് ബാറ്റര്‍ക്കെതിരെ കുറച്ചുകൂടി മേധാവിത്വം നല്‍കാന്‍ ബൗളറെ സഹായിക്കും. അവസാന ഓവറുകളിലെല്ലാം ഇതൊരു വജ്രായുധമായി ബൗളര്‍ക്ക് ഉപയോഗിക്കാനാകും' -ഉനദ്കട് കൂട്ടിച്ചേര്‍ത്തു.

17ാം സീസണ്‍ ഐ.പി.എല്ലിന്റെ താരലേലം ഇന്ന് ദുബൈയില്‍ നടക്കാനിരിക്കുകയാണ്. പുതിയ നിയമം വരുന്നതോടെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കായി ലേലത്തില്‍ കടുത്ത മത്സരം നടക്കാന്‍ സാധ്യതയുണ്ട്. 214 ഇന്ത്യന്‍ താരങ്ങളടക്കം 333 പേരാണ് ലേല പട്ടികയിലുള്ളത്. 30 വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 77 പേരെയാണ് പത്ത് ടീമുകള്‍ക്കായി സ്വന്തമാക്കാനാകുക.

Similar Posts