ഇനി വേറെ ടീം, ക്യാപ്റ്റൻ; അയർലാൻഡിലേക്ക് ഇന്ത്യ, കൂടെ സഞ്ജുവും
|പരിക്കേറ്റ് ഏറെക്കാലം പുറത്തായിരുന്ന ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുന്നത്
മുംബൈ: വെസ്റ്റ്ഇൻഡീസിനെതിരായ പരമ്പര തോൽവിക്ക് പിന്നാലെ ഇനി ഇന്ത്യൻ ടീമിന് പുതിയ ദൗത്യം അതും പുതിയ നായകന് കീഴിൽ. അയർലാൻഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കാണ് ഇന്ത്യ ഇനി ഒരുങ്ങുന്നത്. പരിക്കേറ്റ് ഏറെക്കാലം പുറത്തായിരുന്ന ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുന്നത്. വിൻഡീസിനെതിരെ സമാപിച്ച ടി20 ടീമിലെ പ്രമുഖ കളിക്കാർക്കെല്ലം വിശ്രമം നൽകിയപ്പോൾ പുതിയ ടീമുമായാണ് ഇന്ത്യ അയർലാൻഡിലേക്ക് പറക്കുന്നത്.
മലയാളി താരം സഞ്ജു സാംസണ് അയർലാൻഡിനെതിരെ 'ഡ്യൂട്ടി'യുണ്ട്. വിക്കറ്റ് കീപ്പർ ബാറ്ററായാണ് സഞ്ജുവിന്റെ സ്ഥാനം. വിൻഡീസിനെതിരായ പരമ്പരയിൽ വൻ പരാജയമായ സഞ്ജുവിന് തിരിച്ചുവരാനുള്ള അവസാന തുരുത്താണ് അയർലാൻഡിലേത്. ബുംറയുടെ കീഴിൽ വിമാനത്തില്‍ ഇരിക്കുന്ന ഏതാനും കളിക്കാരുടെ ചിത്രം ബി.സി.സി.ഐ എക്സിൽ പങ്കുവെച്ചു. ഈ മാസം 18,20,23 തിയതികളില്‍ അയർലാൻഡിലെ മലാഹിഡെയിലാണ് മത്സരങ്ങള്‍.
ബി.സി.സി.ഐ പങ്കുവെച്ച ചിത്രങ്ങളിൽ സഞ്ജു ഇല്ല. കരീബിയൻ ദ്വീപിൽ നിന്നും താരം നേരെ അയർലാൻഡിലേക്ക് പറക്കും എന്നാണ് റിപ്പോർട്ടുകൾ. ബുംറക്ക് പുറമെ പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൺ സുന്ദർ, ഋതുരാജ് ഗെയിക് വാദ്, ശിവം ദുബെ, റിങ്കു സിങ് എന്നിവരുടെ ചിത്രങ്ങളാണ് ബി.സി.സി.ഐ പങ്കുവെച്ചത്. പരിക്കേറ്റ് ഏറെക്കാലം പുറത്തായിരുന്ന ബുംറ തിരിച്ചെത്തുന്നു എന്നതാണ് ഈ പരമ്പരയുടെ പ്രധാന ഹൈലൈറ്റ്. ഏഷ്യാകപ്പും ഏകദിന ലോകകപ്പും അടുത്തിരിക്കെ ബുംറയുടെ ഫോമും തിരിച്ചുവരവും ഇന്ത്യക്ക് ഏറെ പ്രധാനമാണ്.
അതേസമയം മുതിർന്ന താരങ്ങളൊന്നും അയർലാൻഡിലേക്കും ഇല്ല. തിലക് വർമ്മ, യശസ്വി ജയ്സ്വാൾ, മുകേഷ് കുമാർ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ് എന്നിവരാണ് സഞ്ജുവിനെക്കൂടാതെ വിൻഡീസിൽ നിന്നും അയർലാൻഡിലേക്ക് പറക്കുന്നത്. ഇതിൽ സഞ്ജു ഒഴികെ എല്ലാവരും മികച്ച ഫോമിലും. വിൻഡീസ് പരമ്പരയിലെ കണ്ടെത്തലുകളാണ് തിലക് വർമ്മയും മുകേഷ് കുമാറുമൊക്കെ. ഏതായാലും ഈ വർഷം പ്രധാന ടി20 ടൂർണമെന്റുകളൊന്നും ഇല്ലാത്തതിനാൽ ഇന്ത്യക്ക് അയർലാൻഡിനെതിരായ പരമ്പര അത്ര പ്രധാനമില്ല.
എന്നാൽ ഹാർദിക് പാണ്ഡ്യയുടെ കീഴിൽ ഇന്ത്യൻ ടീം വിൻഡീസിനോട് തോറ്റതിനാൽ ബുംറക്കും സംഘത്തിനും ശ്രദ്ധയോടെ കളിക്കേണ്ടിവരും. ഒരു ടി20 പരമ്പര കൂടി തോൽക്കുന്നത് ഇന്ത്യൻ ആരാധകർക്ക് സഹിക്കില്ല.