Cricket
New Zealand are on course for victory against Sri Lanka
Cricket

ശ്രീലങ്കയുടെ 'ഗുഡ്‌ടൈം ഔട്ട്'; ന്യൂസിലൻഡിന് അഞ്ച് വിക്കറ്റ് വിജയം

Sports Desk
|
9 Nov 2023 1:49 PM GMT

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക പത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി 171 റൺസ് മാത്രമാണ് നേടിയത്

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയുടെ നല്ല സമയം പുറത്ത് തന്നെ. ഇന്ന് ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിലും ടീം തോറ്റു. അഞ്ച് വിക്കറ്റ് വിജയമാണ് കിവികൾ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 46.4 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി 171 റൺസ് മാത്രമാണ് നേടിയത്. താരതമ്യേന ചെറിയ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ കിവികൾ 23.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു.

ന്യൂസിലൻഡിനായി ഡിവോൺ കോൺവേയും (45), രചിൻ രവീന്ദ്രയും (42), ഡരിൽ മിച്ചൽ (43) എന്നിവരാണ് തിളങ്ങിയത്. കോൺവേയും രചിനും ധനജ്ഞയ ഡി സിൽവ പിടിച്ചാണ് പുറത്തായത്. കോൺവേ ദുഷ്മന്ത് ചമീരയുടെയും രചിൻ തീക്ഷണയുടെയും പന്തിലാണ് മടങ്ങിയത്. മിച്ചലിന്റെ എയ്ഞ്ചലോ മാത്യൂസിന്റെ പന്തിൽ ചരിത് അസലങ്ക പിടികൂടി. നായകൻ കെയ്ൻ വില്യംസണെ(14) മാത്യൂസ് ബൗൾഡാക്കി. മാർക്ക് ചാംപ്മാനെ(7) സധീര റണ്ണൗട്ടുമാക്കി. ഗ്ലെൻ ഫിലിപ്‌സും (17) ടോം ലാതമും (2) പുറത്താകാതെ നിന്നു.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത നായകന്റെ തീരുമാനം ശരിവെച്ച് ന്യൂസിലൻഡ് ബൗളർമാർ തകർത്താടുകയായിരുന്നു. ട്രെൻറ് ബൗൾട്ട് മൂന്നും ലോക്കി ഫെർഗൂസൻ, മിച്ചൽ സാൻറ്‌നർ, രചിൻ രവീന്ദ്ര എന്നിവർ രണ്ട് വീതവും വിക്കറ്റുകൾ നേടി. ടിം സൗത്തി ഒരു വിക്കറ്റ് വീഴ്ത്തി. അർധ സെഞ്ച്വറി നേടിയ കുശാൽ പെരേരയാണ് (51) ശ്രീലങ്കൻ നിരയിലെ ടോപ് സ്‌കോറർ. മഹീഷ് തീക്ഷണ 91 പന്തിൽ 38 റൺസടിച്ചു. മറ്റാരും കാര്യമായി തിളങ്ങിയില്ല.

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ വിജയത്തോടെ ന്യൂസിലൻഡ് സെമി പ്രതീക്ഷ സജീവമാക്കി. നാല് വിജയങ്ങളോടെ മികച്ച പ്രകടനവുമായി ലോകകപ്പ് തുടങ്ങിയ ന്യൂസിലൻഡിന് അവസാന നാല് മത്സരങ്ങളിലെ തോൽവി സെമി പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയായിരുന്നു. ശ്രീലങ്കക്കെതിരെ ജയിച്ചതോടെ 10 പോയിന്റുമായി സെമി ബർത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് ടീം. അവസാന നാലിലെത്താൻ മറ്റ് മത്സരങ്ങളുടെ ഫലങ്ങൾ ഇനി അനുകൂലമാവണം. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനോട് ഏറ്റ തോൽവിയോടെ ശ്രീലങ്കയുടെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചിരുന്നു. അവസാന മത്സരം ജയിച്ച് 2025 ലെ ചാമ്പ്യൻസ് ട്രോഫി യോഗ്യത നേടാനുള്ള ലങ്കയുടെ ലക്ഷ്യം നടന്നില്ല.

Similar Posts