പലിശസഹിതം വീട്ടി ന്യൂസിലാൻഡ്: ബംഗ്ലാദേശ് തവിടുപൊടി
|മൂന്ന് ബാറ്റർമാർക്ക് അക്കൗണ്ട് പോലും തുറക്കാനായില്ല. ഒരു ഘട്ടത്തിൽ 87ന് ആറ് എന്ന ദയനീയ നിലയിലായിരുന്നു ബംഗ്ലാദേശ്. ടീം സ്‌കോർ 11ൽ മാത്രം നിൽക്കെ വീണത് മൂന്ന് വിക്കറ്റുകൾ.
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ തോറ്റതിന്റെ ക്ഷീണം തീർത്തുകൊടുത്ത് ന്യൂസിലാൻഡ്. ആദ്യ ഇന്നിങ്‌സിൽ ആറിന് 521 എന്ന പടുകൂറ്റൻ സ്‌കോറാണ് ന്യൂസിലാന്‍ഡ് നേടിയത്. മറുപടി ബാറ്റിങിൽ ബംഗ്ലാദേശ് തവിടുപൊടിയായി. 126 റൺസിന് എല്ലാവരും പുറത്ത്. രണ്ടക്കം കടന്നത് രണ്ട് പേർ മാത്രം. യാസിർ അലിയും നൂറുൽ ഹസനും.
യാസിര്‍ അലി 55 റൺസ് നേടിയപ്പോൾ ഹസൻ 44 റൺസാണ് നേടിയത്. മൂന്ന് ബാറ്റർമാർക്ക് അക്കൗണ്ട് പോലും തുറക്കാനായില്ല. ഒരു ഘട്ടത്തിൽ 87ന് ആറ് എന്ന ദയനീയ നിലയിലായിരുന്നു ബംഗ്ലാദേശ്. ടീം സ്‌കോർ 11ൽ മാത്രം നിൽക്കെ വീണത് മൂന്ന് വിക്കറ്റുകൾ.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ട്രെൻഡ് ബൗൾട്ടും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയുമാണ് ബംഗ്ലാദേശിനെ തകർത്തുവിട്ടത്. കെയിൽ ജാമിയേഴ്‌സൺ രണ്ട് വിക്കറ്റ് വീഴ്ത്തി. ബംഗ്ലാദേശ് ഇനിയും 395 റൺസ് പിന്നിലാണ്. രണ്ടാം ദിനം ബംഗ്ലാദേശ് 126ന് 10 എന്ന നിലയിലാണ് ബാറ്റിങ് അവസാനിച്ചത്. മൂന്നാം ദിനത്തിൽ ബംഗ്ലാദേശ് ഫോളോ ഓൺ ചെയ്യേണ്ടി വരും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ടെസ്റ്റിൽ ബംഗ്ലാദേശ് തോൽക്കും.
ഓപ്പണർ ടോം ലാഥം നേടിയ ഇരട്ട സെഞ്ച്വറിയാണ് ന്യൂസിലാൻഡിന് വൻ സ്‌കോർ നേടിക്കൊടുത്തത്. 252 റൺസാണ് ലാഥം നേടിയത്. 373 പന്തുകളിൽ നിന്ന് 34 ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ലാഥമിന്റെ ഇന്നിങ്‌സ്. 109 റൺസ് നേടി ഡെവോൻ കോൺവെ വൻ പിന്തുണ കൊടുത്തു. വാലറ്റത്തിൽ ടോം ബ്ലണ്ഡൽ(60 പന്തിൽ 57) ആഞ്ഞടിച്ചതോടെയാണ് ന്യൂസിലാൻഡ് കൂറ്റൻ സ്‌കോറിൽ എത്തിയത്.
ആദ്യ മത്സരത്തില്‍ ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസിലാന്‍ഡിനെ അവരുടെ തട്ടകത്തിൽ തോൽപിച്ച് ബംഗ്ലാദേശ് വമ്പ് കാട്ടിയിരുന്നു. ചരിത്രത്തിലാദ്യമായാണ് ന്യൂസിലാൻഡിൽ, ബംഗ്ലാദേശ് ഒരു ടെസ്റ്റ് വിജയം സ്വന്തമാക്കിയിരുന്നത്. മാത്രമല്ല ആദ്യമായാണ് ന്യൂസിലാൻഡിനെതിരെ ടെസ്റ്റിൽ ബംഗ്ലാദേശ് വിജയിക്കുന്നതും. എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ബംഗ്ലാദേശ് മുന്നിലെത്തുകയായിരുന്നു.