![നന്ദിയുണ്ട്; അർഷ്ദീപ്, ബ്രാൻഡൻ കിങ്.. ഈ പരിക്കിന്: ചിത്രം പങ്കുവെച്ച് നിക്കോളസ് പുരാൻ നന്ദിയുണ്ട്; അർഷ്ദീപ്, ബ്രാൻഡൻ കിങ്.. ഈ പരിക്കിന്: ചിത്രം പങ്കുവെച്ച് നിക്കോളസ് പുരാൻ](https://www.mediaoneonline.com/h-upload/2023/08/15/1383912-deep.webp)
'നന്ദിയുണ്ട്; അർഷ്ദീപ്, ബ്രാൻഡൻ കിങ്.. ഈ പരിക്കിന്': ചിത്രം പങ്കുവെച്ച് നിക്കോളസ് പുരാൻ
![](/images/authorplaceholder.jpg?type=1&v=2)
'ഫൈനൽ' ടി20യിൽ പുരാനും ബ്രാൻഡൻ കിങും ചേർന്നാണ് ഇന്ത്യൻ പ്രതീക്ഷകളെ അസ്തമിപ്പിച്ചത്.
ഡൊമിനിക്ക: ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ മികച്ച ഫോമിലായിരുന്നു നിക്കോളസ് പുരാൻ. വിൻഡീസിന് പരമ്പര നേടിക്കൊടുക്കുന്നതിൽ പുരാന്റെ ബാറ്റിന് ചെറുതല്ലാത്ത നിലയിൽ ശബ്ദിച്ചിട്ടുണ്ട്. 'ഫൈനൽ' ടി20യിൽ പുരാനും ബ്രാൻഡൻ കിങും ചേർന്നാണ് ഇന്ത്യൻ പ്രതീക്ഷകളെ അസ്തമിപ്പിച്ചത്.
166 റൺസ് എന്ന വിജയലക്ഷ്യത്തിന് മുന്നിൽ വിൻഡീസ് ബാറ്റർമാർ കരുത്ത് കാട്ടിയപ്പോൾ രണ്ട് ഓവറുകൾ ബാക്കിയാക്കി ഇന്ത്യ വിജയിച്ച് കയറുകയായിരുന്നു. പുരാൻ 47 റൺസെടുത്തപ്പോൾ ബ്രാൻഡൻ കിങ് പുറത്താകാതെ 85 റൺസ് നേടി. 55 പന്തുകളിൽ നിന്നായിരുന്നു കിങിന്റെ ഇന്നിങ്‌സ്. പൊരിഞ്ഞ മത്സരത്തിനിടയിൽ പുരാന് പരിക്കേറ്റിരുന്നു. ഈ പരിക്കിന്റെ ചത്രം താരം പങ്കുവെക്കുകയും ചെയ്തു.
കൈക്കും വയറിനും പരിക്കേറ്റ ചിത്രം താരം തന്റെ എക്‌സ് ഹാൻഡിലിലാണ് പങ്കുവെച്ചത്. ഈ പരിക്കിന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ അർഷ്ദീപ് സിങിനിനോടും സഹതാരം ബ്രാൻഡൻ കിങിനോടും കടപ്പെട്ടിരിക്കുന്നു എന്നാണ് സ്‌മൈലി ഇമോജ് സഹിതം അദ്ദേഹം പങ്കുവെച്ചത്. അർഷ്ദീപിന്റെ മാരക ഏറിലാണ് പുരാന്റെ അടിവയറിന്റെ ഭാഗത്ത് പരിക്കേൽക്കുന്നത്. പുരാൻ നേരിട്ട രണ്ടാം പന്തിൽ തന്നെയായിരുന്നു പരിക്ക്. മറ്റൊന്ന് ബ്രാൻഡൻ കിങിന്റെ ഷോട്ടിൽ നിന്നായിരുന്നു. നോൺ സ്‌ട്രൈക്കിൽ നിൽക്കെയാണ് ബ്രാൻഡന്റെ ഷോട്ട് പുരാന്റെ കയ്യിൽ പതിക്കുന്നത്.
എന്നാൽ പരിക്ക് ഗുരുതരമല്ല. അതേസമയം ഇന്ത്യക്കെതിരായ പരമ്പര വിജയം ആഘോഷമാക്കുകയാണ് വെസ്റ്റ്ഇൻഡീസ്. തുടർ തോൽവികളിൽ വലഞ്ഞ വിൻഡീസിന് ഒരു പരമ്പര ജയം അതും ശക്തരായ ഇന്ത്യക്കെതിരെ നൽകുന്ന ആത്മവിശ്വാസം വലുതാണ്. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് യോഗ്യത പോലും നേടാൻ കഴിയാതെ പോയവരാണ് വിൻഡീസ്.