Cricket
ഇന്ത്യ അവസാന ഐ.സി.സി ട്രോഫി നേടിയത് ഒമ്പത് കൊല്ലം മുമ്പ്
Cricket

ഇന്ത്യ അവസാന ഐ.സി.സി ട്രോഫി നേടിയത് ഒമ്പത് കൊല്ലം മുമ്പ്

Sports Desk
|
23 Jun 2022 9:31 AM GMT

2013 ജൂൺ 23നാണ് ധോണിപ്പട ചാമ്പ്യൻസ് ട്രോഫി നേടിയത്

ഇന്ത്യയുടെ അവസാന ഐ.സി.സി ട്രോഫി നേട്ടത്തിന് ഒമ്പതാണ്ട്. നിർണിത ഓവർ പുരുഷ ക്രിക്കറ്റിന്റെ മൂന്നു ഐ.സി.സി ട്രോഫികളും നേടിയ ആദ്യ നായകനായി മാറാൻ മഹേന്ദ്രസിങ് ധോണിക്ക് അവസരം ലഭിച്ച ചാമ്പ്യൻസ് ട്രോഫി വിജയത്തിനും ഒമ്പത് വർഷത്തിന്റെ ഓർമത്തിളക്കം. 2013 ജൂൺ 23നായിരുന്നു രാജ്യം അവസാനമായി ക്രിക്കറ്റിന്റെ രാജകിരീടങ്ങളിലൊന്ന് നേടിയത്. ഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയായിരുന്നു കിരീടധാരണം.


മഴ മൂലം 20 ഓവറായി ചുരുക്കിയ ഫൈനൽ മത്സരത്തിൽ വിരാട് കോഹ്‌ലിയുടെയും രവീന്ദ്ര ജഡേജയുടെയും മികവിൽ 129 റൺസാണ് ടീം ഇന്ത്യ നേടിയിരുന്നത്. ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി പൊരുതിയ ഇന്ത്യക്കായി കോഹ്‌ലി 34 പന്തിൽ 43 റൺസും ജഡേജ പുറത്താകാതെ 25 പന്തിൽ 33 റൺസും നേടി. 24 പന്തിൽ 31 റൺസ് നേടിയ ശിഖർ ധവാനായിരുന്നു ഇന്ത്യൻ ടീമിൽ നിന്ന് രണ്ടക്കം കണ്ട മൂന്നാം ബാറ്റർ.


എന്നാൽ ഇന്ത്യയുടെ ടോട്ടൽ മറികടക്കാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമം 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 124 റൺസിലൊതുങ്ങി. ഇതോടെ ടീം ഇന്ത്യ അഞ്ചു റൺസിന്റെ വിജയം നേടി. പുറത്താകാതെ 33 റൺസ് നേടുകയും 24 റൺസ് വിട്ടു കൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ജഡേജയായിരുന്നു മത്സരത്തിലെ താരം. 363 റൺസ് നേടിയ ശിഖർ ധവാൻ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.


ഇംഗ്ലണ്ടിന്റെ മുൻനിര ബാറ്റർമാർ പതറിയ മത്സരത്തിൽ ഇയാൻ മോർഗനും രവി ബൊപാരയും ചേർന്നുള്ള കൂട്ടുകെട്ട് 64 റൺസ് നേടി ഭീതിയുയർത്തി. എന്നാൽ 18ാം ഓവറിൽ ഇരുവരെയും പറഞ്ഞയച്ച് ഇഷാന്ത് ശർമ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ജോസ് ബട്‌ലർ ജഡേജയുടെ അവസാന ഓവറിൽ സംപൂജ്യനായി പുറത്തായി. ടിം ബ്രെസ്‌നൻ രണ്ട് റൺസ് നേടി റണ്ണൗട്ടായി.


അവസാന ഓവറിൽ 15 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനെ രവി ചന്ദ്രൻ അശ്വിൻ വിജയിക്കാൻ അനുവദിച്ചില്ല. ജയിക്കാൻ ആറു റൺസ് വേണ്ടിയിരിക്കെ അവസാന പന്ത് നേരിട്ട ജെയിംസ് ട്രേഡ് വെല്ലിന് റൺസൊന്നും നേടാനായില്ല. ഇതോടെ ഇന്ത്യ തങ്ങളുടെ രണ്ടാം ചാമ്പ്യൻസ് ട്രോഫിയുമായി ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽനിന്ന് നാട്ടിലേക്ക് തിരിച്ചു.

മത്സരത്തിൽ ഒരു മെയ്ഡൻ ഓവറടക്കം നാലു ഓവറിൽ 15 റൺസ് വിട്ടുകൊടുത്ത് അശ്വിൻ രണ്ട് വിക്കറ്റ് നേടി. നാലു ഓവറിൽ 36 റൺസ് വിട്ടുകൊടുത്താണ് ഇഷാന്ത് രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തിയത്. രണ്ടോവർ എറിഞ്ഞ ഉമേഷ് യാദവ് ഒരു വിക്കറ്റും നേടി.

Nine years to India's last ICC Trophy victory

Similar Posts