ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിൽ തങ്ങളുടെമേൽ ഒരു ബാഹ്യ സമ്മർദ്ദവുമില്ല: അഫ്ഗാൻ മാനേജർ
|മത്സരഫലം എതിരാളികളായ ന്യൂസിലാൻഡിനും ഗ്രൂപ്പിൽത്തന്നെയുള്ള ഇന്ത്യക്കും സുപ്രധാനമാണ്
ടി 20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ ഇന്ന് കളിക്കുന്ന മത്സരം ഇതര കളികളെ പോലെത്തന്നെയാണെന്നും തങ്ങളുടെ മേൽ ഒരു ബാഹ്യസമ്മർദ്ദവുമില്ലെന്നും അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് മീഡിയ മാനേജർ അബ്ദുല്ല ഖാൻ പക്താനി. മുഹമ്മദ് നബിയുടെ നേതൃത്വത്തിലുള്ള സംഘം സാഹചര്യത്തിനനുസരിച്ച് കളി പ്ലാൻ ചെയ്യുമെന്നും ടീമിന് വേണ്ട മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൂപ്പർ 12 സ്റ്റേജിൽ ഗ്രൂപ്പ് രണ്ടിലെ തങ്ങളുടെ അവസാന മത്സരമാണ് അഫ്ഗാൻ ന്യൂസിലാൻഡിനെതിരെ ഇന്ന് മൂന്നരക്ക് കളിക്കുന്നത്. മത്സരഫലം എതിരാളികളായ ന്യൂസിലാൻഡിനും ഗ്രൂപ്പിൽത്തന്നെയുള്ള ഇന്ത്യക്കും സുപ്രധാനമാണ്. ന്യൂസിലാൻഡ് ജയിച്ചാൽ അവരും തോറ്റാൽ ഇന്ത്യയും സെമി ഫൈനലിലെത്താൻ വഴിയൊരുങ്ങും. ന്യൂസിലാൻഡ് വിജയിച്ചാൽ നേരിട്ട് സെമിയിലെത്തുമെങ്കിൽ ഇന്ത്യക്ക് തിങ്കളാഴ്ച നമീബിയക്കെതിരെ നടക്കുന്ന മത്സരം ജയിച്ച് റൺറേറ്റിൽ മുന്നിലെത്തണം. അതുകൊണ്ട് തന്നെ അഫ്ഗാന്റെ പ്രകടനം ഇന്ത്യക്ക് നിർണായകമാണ്. ഈ സാഹചര്യത്തിലാണ് മാനേജറുടെ പ്രസ്താവന. മികച്ച മാർജിനിൽ ജയിച്ചാൽ അഫ്ഗാനും സെമി സാധ്യതകൾ സജീവമാക്കാം.