Cricket
ഫീൽഡിങ്ങിലെ പിഴവൊന്നുമല്ല.. ആ കളിക്കാരനാണ് ഇന്ത്യയുടെ തോൽവിക്ക് കാരണക്കാരന്‍ - സുനില്‍ ഗവാസ്‍കര്‍
Cricket

''ഫീൽഡിങ്ങിലെ പിഴവൊന്നുമല്ല.. ആ കളിക്കാരനാണ് ഇന്ത്യയുടെ തോൽവിക്ക് കാരണക്കാരന്‍'' - സുനില്‍ ഗവാസ്‍കര്‍

Web Desk
|
1 Nov 2022 9:08 AM GMT

''ക്യാച്ച് പാഴാക്കുന്നതും റണ്ണൗട്ട് നഷ്ടപ്പെടുത്തുന്നതുമൊക്കെ ക്രിക്കറ്റിൽ സ്വാഭാവികമായി സംഭവിക്കുന്ന പിഴവുകളാണ്''

കഴിഞ്ഞ ദിവസം ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ അഞ്ച് വിക്കറ്റിന്‍റെ തോൽവി വഴങ്ങിയതോടെ ആശങ്കയിലാണ് ആരാധകർ. സെമിയിൽ പ്രവേശിക്കണമെങ്കിൽ ഇനിയുള്ള മുഴുവൻ മത്സരങ്ങളും ഇന്ത്യക്ക് നിർണ്ണായകമാണ്. ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ത്യയെ പോലെ തന്നെ രണ്ട് ജയവും ഒരു തോല്‍വിയുമായെത്തുന്ന ബംഗ്ലാദേശിനും മത്സരം നിര്‍ണ്ണായകമാണ്..

മുൻ നിര തകർന്നതും ഫീൽഡിങ്ങിലെ പിഴവുകളുമൊക്കെയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ തോൽവിക്ക് കാരണമായി ആരാധകരും ക്രിക്കറ്റ് വിശാരദരുമൊക്കെ ഒരേ സ്വരത്തിൽ പറയുന്നത്. എന്നാൽ ഇന്ത്യയുടെ തോൽവിക്ക് കാരണം ഫീൽഡിങ്ങിലെ പിഴവൊന്നുമല്ലെന്നും നിർണ്ണായക ഘട്ടത്തിൽ ഒരു താരം വിട്ടു നൽകിയ റണ്ണാണ് തോൽവിക്ക് കാരണമെന്നുമാണ് മുൻ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ സുനിൽ ഗവാസ്‌കറിന്‍റെ പക്ഷം.

''ക്യാച്ച് പാഴാക്കുന്നതും റണ്ണൗട്ട് നഷ്ടപ്പെടുത്തുന്നതുമൊക്കെ ക്രിക്കറ്റിൽ സ്വാഭാവികമായി സംഭവിക്കുന്ന പിഴവുകളാണ്. അതിനാൽ തോൽവിയുടെ പേരിൽ ഒരു താരത്തേയും പഴിക്കാനാവില്ല. വലിയ വലിയ താരങ്ങൾ വരെ ക്യാച്ചുകൾ നഷ്ടപ്പെടുത്താം... ഞാൻ കരുതുന്നത് ഒരു താരം വിട്ടു നൽകിയ റണ്ണാണ് തോൽവിയുടെ പ്രധാന കാരണമെന്നാണ്. ആര്‍. അശ്വിന്‍ നാല് ഓവറിൽ 43 റൺസാണ് വിട്ടു നൽകിയത്. ''- ഗവാസ്‌കർ പറഞ്ഞു.

മുന്‍ നിര ബാറ്റര്‍മാരെല്ലാം തുടരെ കൂടാരം കയറിയതോടെ തകര്‍ന്നടിഞ്ഞ ഇന്ത്യയെ സൂര്യകുമാര്‍ യാദവിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ഭേധപ്പെട്ട സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങില്‍ 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക വിജയം കൈപ്പിടിയിലാക്കി.

Similar Posts