Cricket
Sarfaraz Khanസര്‍ഫറാസ് ഖാന്‍
Cricket

'വാതിൽ മുട്ടുകയല്ല, കത്തിക്കുകയാണ്': സർഫറാസ് ഖാനെകുറിച്ച് രവിചന്ദ്ര അശ്വിൻ

Web Desk
|
30 Jan 2023 9:09 AM GMT

ആസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ മാത്രമാണ് സെലക്ടര്‍മാര്‍ ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

ചെന്നൈ: ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുണ്ടായിട്ടും ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഇടം നേടാന്‍ കഴിയാതിരുന്ന മുംബൈ താരം സര്‍ഫറാസ് ഖാനെ പുകഴ്ത്തി ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. സര്‍ഫറാസ് സെലക്ടര്‍മാരുടെ വാതിലില്‍ മുട്ടുകയല്ല, വാതില്‍ കത്തിക്കുകയാണ് ചെയ്യുന്നതെന്ന് അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

'എന്താണ് അവനെക്കുറിച്ച് പറയുക, സര്‍ഫറാസിനെ ടീമിലെടുക്കണോ എന്നതിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. പക്ഷെ അതൊന്നും അവനെ ബാധിക്കുന്നില്ല. 2019-20 സീസണിലും 2020-21 സീസണിലും രഞ്ജി ട്രോഫിയില്‍ 900 ത്തിലേറെ റണ്‍സടിച്ചു കൂട്ടി സര്‍ഫ്രാസ്. ഈ സീസണില്‍ ഏതാണ് 600ല്‍ അധികം റണ്‍സും. കഴിഞ്ഞ മൂന്ന് സീസണുകളിലും അവന്‍റെ ശരാശരിയ 100ന് മുകളിലാണ്. ഈ പ്രകടനങ്ങളോടെ അവന്‍ ഇന്ത്യന്‍ ടീമിലെത്താനുള്ള ശക്തമായ അവകാശവാദമാണ് ഉന്നയിക്കുന്നത്'- അശ്വിന്‍ പറഞ്ഞു.

'സെലക്ടര്‍മാരുടെ വാതിലില്‍ മുട്ടുകയല്ല, വാതില്‍ കത്തിക്കുകയാണ് അവനിപ്പോള്‍ ചെയ്യുന്നത്. നിര്‍ഭാഗ്യം കൊണ്ടാണ് അവന് ആസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ടീമിലെത്താനാവാതെ പോയത്, സര്‍ഫറാസ് അധികം വൈകാതെ ഇന്ത്യന്‍ ടീമിലെത്തുമെന്നും അശ്വിന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

സർഫറാസിനെ അവഗണിച്ചതില്‍ ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ സെലക്ഷൻ കമ്മിറ്റിയെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ വിമർശിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലായിരുന്നിട്ടും സർഫറാസ് ടീമിൽ നിന്ന് പുറത്തായതിൽ മുൻ ക്രിക്കറ്റ് താരങ്ങളും നിരാശ പ്രകടിപ്പിച്ചിരുന്നു.

അതേസമയം ആസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ മാത്രമാണ് സെലക്ടര്‍മാര്‍ ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. റിഷഭ് പന്തിന്‍റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെയും ബാറ്ററായി സൂര്യകുമാര്‍ യാദവിനെയുമാണ് സെലക്ടര്‍മാര്‍ ടീമിലെടുത്തത്.

Related Tags :
Similar Posts