ന്യൂസിലൻഡിനെ എറിഞ്ഞിട്ട് ഇന്ത്യ; ന്യൂസിലൻഡിന് 32 റൺസിന്റെ മാത്രം ഒന്നാം ഇന്നിങ്സ് ലീഡ്
|നാല് വിക്കറ്റുമായി കളം നിറഞ്ഞ മുഹമ്മദ് ഷമിയാണ് ന്യൂസിലൻഡ് ഇന്നിങ്സിന്റെ നട്ടെല്ലൊടിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശകളിയിൽ വലിയ ലീഡിലേക്ക് പോകുമെന്ന് കരുതിയ ന്യൂസിലൻഡ് ഒന്നാം ഇന്നിങ്സ് ലീഡ് 32 റൺസിലൊതുക്കി ഇന്ത്യൻ ബോളിങ് നിര. 249 റൺസാണ് ന്യൂസിലൻഡിന് നേടാനായത്.
നാല് വിക്കറ്റുമായി കളം നിറഞ്ഞ മുഹമ്മദ് ഷമിയാണ് ന്യൂസിലൻഡ് ഇന്നിങ്സിന്റെ നട്ടെല്ലൊടിച്ചത്. ഇഷാന്ത് മൂന്ന് വിക്കറ്റ് നേടി. അശ്വിൻ രണ്ട് വിക്കറ്റും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. ബൂമ്രക്ക് വിക്കറ്റ് ഒന്നും നേടാനായില്ല.
നിലവില്‍ രണ്ടാം ഇന്നിങ്സില്‍ വിക്കറ്റ് ഒന്നും നഷ്ടമാകാതെ 11 റണ്‍സ് എന്ന നിലയിലാണ്. ഒമ്പത് റണ്‍സുമായി രോഹിത് ശര്‍മ രണ്ട് റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍.
ഓപ്പണിങ് ഇറങ്ങിയ ടോം ലാതവും (30) ഡെവൻ കോൺവേയും (54) കൂടി ന്യൂസിലൻഡിന് മികച്ച തുടക്കം നൽകിയെങ്കിലും ടോം ലാതത്തെ അശ്വിനും കോൺവേയെ ഇഷാന്തും തിരിച്ചയച്ചതോടെ പിന്നീട് വന്ന നായകൻ കെയിൻ വില്യംസണിന് ഒഴികെ ബാക്കിയാർക്കും പിടിച്ചു നിൽക്കാനായില്ല. വില്യസൺ അർഹിച്ച അർധ സെഞ്ച്വറിക്ക് ഒരു റൺ അകലെ വീണെങ്കിലും 177 പന്ത് നേരിട്ട കെയ്ൻ കൂടെ നിന്നവർ വീണപ്പോഴും പതറാതെ പൊരുതി ടീമിന് ലീഡ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. മൂന്നാമത് ഇറങ്ങിയ ന്യൂസിലൻഡ് കപ്പിത്താൻ എട്ടാമതായാണ് മടങ്ങിയത്. ഇഷാന്തിന്റെ പന്തിൽ ഗില്ലിന് ക്യാച്ച് നൽകിയാണ് വില്യംസൺ മടങ്ങിയത്.
റോസ് ടെയ്ലർ 11 റൺസ് മാത്രം നേടി ഷാമിക്ക് വിക്കറ്റ് നൽകി മടങ്ങി. ഹെന്റി നിക്കോളാസ് ഇഷാന്തിന്റെ പന്തിൽ രോഹിത്തിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ഏഴു റൺസ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നാലെ വന്ന വാട്ലിങ് ഒരു റൺസുമായി ഷമിയുടെ പന്തിൽ ക്ലീൻ ബോൾഡായി. പിടിച്ചു നിൽക്കുമെന്ന് കരുതിയ ഗ്രാൻഡ്ഹോം ഷാമിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി 13 റൺസുമായി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ജയ്മിസൺ 21 റൺസ് നേടി. ഷാമിയുടെ പന്തിൽ ബൂമ്രക്ക് ക്യാച്ച് നൽകിയാണ് അദ്ദേഹം മടങ്ങിയത്. പിന്നെ സൗത്തി ഒന്ന് മിന്നിക്കത്തി. 46 ബോളിൽ 30 റൺസും നേടിയ അദ്ദേഹം രണ്ടും സിക്സും ഒരു ഫോറും പായിച്ചു. രവീന്ദ്ര ജഡേജയുടെ പന്തിൽ ക്ലീൻ ബൗൾഡായി ആയിരുന്നു അദ്ദേഹത്തിന്റെ മടക്കം.
പിന്നാലെയെത്തിയ വാഗ്ണർ റൺസ് എടുക്കും മുമ്പ് തന്നെ രഹാനൈയുടെ കൈയിൽ പന്ത് എത്തിച്ച് അശ്വിൻ ന്യൂസിലൻഡിന്റെ ആദ്യ ഇന്നിങ്സിന്റെ അവസാന ചിറകും അരിഞ്ഞു വീഴ്ത്തി. ബൗൾട്ട് ഏഴു റൺസുമായി പുറത്താകാതെ നിന്നു.
നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ കൂട്ടത്തകർച്ച നേരിട്ടിരുന്നു. കൃത്യതയാർന്ന ആക്രമണത്തിലൂടെ മുൻനിരയെ തകർത്ത ശേഷം ന്യൂസിലൻഡ് ബൗളർമാർ ഇന്ത്യയെ 217 റൺസിന് ചുരുട്ടിക്കെട്ടി. ടെസ്റ്റിൽ വെറും ഏഴാമത്തെ മത്സരം കളിക്കുന്ന കെയിൽ ജാമീസനാണ് അഞ്ച് വിക്കറ്റ് നേട്ടവുമായി കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.