Cricket
പത്ത് വിക്കറ്റെടുത്തിട്ടും രക്ഷയില്ല; ന്യൂസിലന്‍ഡ് ടീമില്‍ നിന്ന് അജാസ് പട്ടേല്‍ പുറത്ത്
Cricket

പത്ത് വിക്കറ്റെടുത്തിട്ടും രക്ഷയില്ല; ന്യൂസിലന്‍ഡ് ടീമില്‍ നിന്ന് അജാസ് പട്ടേല്‍ പുറത്ത്

Web Desk
|
23 Dec 2021 3:20 PM GMT

ടീം പ്രഖ്യാപനത്തിനു പിന്നാലെ അജാസ് പട്ടേലിനെ പുറത്തിരുത്തിയത് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചക്കിടയാക്കിയിട്ടുണ്ട്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്. ക്യാപ്റ്റൻ കെയ്ൻ വില്യംസൻ പരുക്കിൽനിന്ന് മോചിതനാകാത്ത സാഹചര്യത്തിൽ ടോം ലാഥം ആണ് പരമ്പരയിൽ ന്യൂസീലൻഡ‍് ടീമിനെ നയിക്കുക. അതേസമയം ഇന്ത്യക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ മിന്നും താരം അജാസ് പട്ടേലിനെ ന്യൂസിലന്‍‌ഡ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ല. രണ്ടു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയ്ക്കുള്ള 13 അംഗ ടീമിനെയാണ് സെലക്ടർമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ടീം പ്രഖ്യാപനത്തിനു പിന്നാലെ അജാസ് പട്ടേലിനെ പുറത്തിരുത്തിയത് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചക്കിടയാക്കിയിട്ടുണ്ട്. ഇന്ത്യക്കെതിരായ ടെസ്റ്റില്‍ പരമ്പര അടിയറവ് വെക്കേണ്ടിവന്നപ്പോഴും റെക്കോര്‍ഡ് നേട്ടവുമായി തലയുയര്‍ത്തി മടങ്ങാന്‍ കിവീസിന് സാധിച്ചത് അജാസ് പട്ടേലിന്‍റെ പ്രകടനമാണ്. ജിം ലേക്കറിനും അനില്‍ കുംബ്ലെക്കും ശേഷം ഒരിന്നിങ്സില്‍ 10 വിക്കറ്റുകളും വീഴ്ത്തുന്ന ആദ്യ ബൌളറെന്ന നേട്ടമാണ് അജാസ് പട്ടേല്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ വംശജനായ അജാസ് പട്ടേല്‍ മുംബൈയിലാണ് ജനിച്ചത്. ജന്മനാട്ടിലെ തന്നെ ഗ്രൌണ്ടില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയാണ് താരം മടങ്ങിയത്. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിലാണ് അജാസ് പട്ടേല്‍ ചരിത്ര നേട്ടം പൂര്‍ത്തിയാക്കിയത്. മുഹമ്മദ് സിറാജിന്‍റെ വിക്കറ്റ് പിഴുതതോടെ ഒരിന്നിങ്സിലെ 10 വിക്കറ്റും സ്വന്തമാക്കിയ താരം കോഹ്‍ലിപ്പടയെ ഒറ്റക്ക് നേരിട്ട പോരാളിയായി മാറി.

മികച്ച ഫോമില്‍ പന്തെറിയുന്ന താരത്തെ സ്ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്നതിന് ന്യൂസിലന്‍ഡ് മാനേജ്മെന്‍റ് കാരണമൊന്നും വ്യക്തമാക്കിയിട്ടുമില്ല. ഇതോടെ ക്ഷുഭിതരായ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. അവസാന ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ ശേഷം ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതെ പോയ കരുൺ നായരുടെ അവസ്ഥയുമായാണ് അജാസ് പട്ടേലിനെ സോഷ്യല്‍ മീഡിയയില്‍ താരതമ്യം ചെയ്യുന്നത്. ട്രിപ്പിൾ സെഞ്ചുറി പ്രകടനത്തിനു തൊട്ടുപിന്നാലെ നടന്ന ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ കരുൺ നായർക്ക് ഇന്ത്യന്‍ ടീമിൽ ഇടംലഭിച്ചിരുന്നില്ല

മുംബൈയില്‍ ജനിച്ച് ന്യൂസിലന്‍ഡിന്‍റെ വിക്കറ്റ് വേട്ടക്കാരനായ താരമാണ് അജാസ് പട്ടേല്‍. തന്‍റെ എട്ടാം വയസില്‍ ന്യൂസിലന്‍ഡിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം കുടിയേറിയ അജാസ്, കഴിഞ്ഞ വര്‍ഷമാണ് കിവീസിന്റെ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ പത്തില്‍ താഴെ ഇന്നിങ്സുകള്‍ മാത്രമേ അജാസ് കളിച്ചിട്ടുള്ളൂവെങ്കിലും ഇതിനോടകം കിവീസ് നിരയിലെ ഏറ്റവും വിനാശകാരിയായി അജാസ് വളര്‍ന്നുകഴിഞ്ഞു.

പാകിസ്താനെതിരെയായിരുന്നു അജാസിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. ആദ്യ ഇന്നിങ്സില്‍ തന്നെ രണ്ടു വിക്കറ്റെടുത്താണ് അജാസ് വരവറിയിച്ചത്. പക്ഷേ അത് വെറും സാമ്പിള്‍ വെടിക്കെട്ട് മാത്രമായിരുന്നുവെന്ന് പാക് പട തിരിച്ചറിഞ്ഞത് രണ്ടാം ഇന്നിങ്സിന് പാഡ് കെട്ടിയപ്പോഴാണ്. രണ്ടാം ഇന്നിങ്സില്‍ പാക് നിരയുടെ അഞ്ച് വിക്കറ്റുകളാണ് അജാസ് എറിഞ്ഞിട്ടത്. ഇതോടെ കിവീസിന്റെ തുറുപ്പുചീട്ടായി അജാസ് മാറുകയും ചെയ്തു.

Similar Posts