Cricket
ഏകദിന പരമ്പര; ഇന്ത്യൻ ടീം സിംബാബ്വെയിലെത്തി, മത്സരങ്ങൾ എവിടെ കാണാം?
Cricket

ഏകദിന പരമ്പര; ഇന്ത്യൻ ടീം സിംബാബ്വെയിലെത്തി, മത്സരങ്ങൾ എവിടെ കാണാം?

Sports Desk
|
14 Aug 2022 2:30 AM GMT

കെ.എൽ രാഹുൽ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണടക്കമുള്ളവരുണ്ട്

ഹരാരെ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പരക്കായി ഇന്ത്യൻ ടീം ഹരാരെയിലെത്തി. കെ.എൽ രാഹുൽ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണടക്കമുള്ളവരുണ്ട്. ഈ മാസം 18 മുതലാണ് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. 20, 22 തിയ്യതികളിൽ മറ്റു രണ്ടു മത്സരങ്ങൾ നടക്കും. ഇന്നലെ ഹരാരെയിലെത്തിയ ഇന്ത്യൻ ടീം ഇന്ന് പരിശീലനത്തിന് ഇറങ്ങും.

നിലവിലെ കോച്ച് രാഹുൽ ദ്രാവിഡിന് ബി.സി.സി.ഐ താൽക്കാലിക വിശ്രമം അനുവദിച്ചതിനാൽ വി.വി.എസ് ലക്ഷ്മൺ ഇന്ത്യയുടെ മുഖ്യ പരിശീലകനാകും. ഈയിടെ നടന്ന അയർലൻഡിനെതിരായ പരമ്പരയിലും ലക്ഷ്മൺ ഇന്ത്യയുടെ പരിശീലകനായിരുന്നു. സീനിയർ താരങ്ങളെ മാറ്റി നിർത്തിയാണ് സിംബാബ്‌വെക്കെതിരായ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ശിഖർ ധവാനാണ് ടീം വൈസ് ക്യാപ്റ്റൻ.

സിംബാബ്വെ പര്യടനത്തിൽ കളിക്കുന്ന ദീപക് ഹൂഡയും കെ.എൽ.രാഹുലും ഏഷ്യ കപ്പിനുള്ള ടീമിലും ഇടം നേടിയിട്ടുണ്ട്. ഹൂഡയും രാഹുലും സിംബാബ്വെയിൽ നിന്ന് നേരിട്ട് ദുബായിലേക്ക് പറക്കുമെന്നാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചിരിക്കുന്നത്.

മത്സരങ്ങൾ എവിടെ കാണാം...?

ഇന്ത്യയുടെ വെസ്റ്റിൻഡീസ് പരമ്പര ഡി.ഡി സ്‌പോർട്‌സിലാണ് ആരാധകർ കണ്ടിരുന്നതെങ്കിൽ ഇത്തവണ സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിലൂടെ ഇന്ത്യ-സിംബാബ്‌വെ പരമ്പര കാണാം. സോണി ലിവിലും മത്സരം പ്രദർശിപ്പിക്കും. മൂന്നു മത്സരങ്ങളും ഇന്ത്യൻ സമയം ഉച്ചക്ക് ഒരു മണിക്കാണ് തുടങ്ങുക. ഹാരാരെ സ്പോർട്സ് ക്ലബ്ബിലാണ് ഏകദിന മത്സരങ്ങൾ നടക്കുക.

മൂന്നു ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: കെ.എൽ രാഹുൽ (ക്യാപ്റ്റൻ), ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, കുൽദീപ് യാദവ്. പട്ടേൽ, അവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.

ODI Series; Indian team arrives in Zimbabwe, where to watch the matches?

Similar Posts