Cricket
ODI World Cup: India reach final for fourth time
Cricket

ഏകദിന ലോകകപ്പ്: ഇന്ത്യ ഫൈനലിലെത്തുന്നത് നാലാം തവണ

Web Desk
|
15 Nov 2023 5:47 PM GMT

മികച്ച ബൗളിംഗ് പ്രകടനം നടത്തിയ ഷമിയാണ് സെമിഫൈനലിലെ താരം

മുംബൈ: ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെത്തുന്നത് നാലാം തവണ. 1983, 2003, 2011 എന്നീ വർഷങ്ങളിലും ടീം ഫൈനലിലെത്തിയിരുന്നു. ഇതിൽ 1983ൽ കപിൽ ദേവും സംഘവും 2011ൽ എംഎസ് ധോണിയും സംഘവും കപ്പടിച്ചു. ഇംഗ്ലണ്ടിൽ നടന്ന 1983ലെ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ 43 റൺസിനും 2011ൽ ഇന്ത്യയിലും ബംഗ്ലാദേശിലുമായി നടന്ന ലോകകപ്പിൽ ശ്രീലങ്കയെ ആറ് വിക്കറ്റിനുമാണ് ഇന്ത്യ തോൽപ്പിച്ചിരുന്നത്. എന്നാൽ 2003ൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘത്തെ ആസ്‌ത്രേലിയ 125 റൺസിന് തോൽപ്പിച്ചു. ദക്ഷിണാഫ്രിക്കയിലായിരുന്നു ടൂർണമെൻറ് നടന്നത്.

ഇന്ന് നടന്ന 2023 ഏകദിന ലോകകപ്പിലെ ആദ്യ സെമിയിൽ ന്യൂസിലാൻഡിനെ 70 റൺസിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിലെത്തിയിരിക്കുകയാണ്. ഏഴ് വിക്കറ്റ് നേട്ടവുമായി തകർത്താടിയ മുഹമ്മദ് ഷമിയുടെ മികവിലാണ് ഇന്ത്യ സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിന്റെ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ മുന്നോട്ടുവെച്ച 398 റൺസ് വിജയലക്ഷ്യം മറികടക്കാനുള്ള ന്യൂസിലാൻഡിന്റെ ശ്രമം 48.5 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 327 റൺസ് വരെയെത്തി. മികച്ച ബൗളിംഗ് പ്രകടനം നടത്തിയ ഷമിയാണ് കളിയിലെ താരം.

നവംബർ 19നാണ് ഫൈനൽ. നവംബർ 16ന് നടക്കുന്ന രണ്ടാം സെമിഫൈനലിൽ വിജയിക്കുന്നവർ ഇന്ത്യയോട് ഏറ്റുമുട്ടും. ആസ്ത്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് രണ്ടാം സെമി പോരാട്ടം. കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ ഈ മത്സരം ഉച്ചയ്ക്ക് രണ്ട് മണിക്കാണ്.

ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുന്ന ഷമിയാണ് വാംഖഡെ സ്റ്റേഡിയത്തിൽ വിക്കറ്റ് വേട്ട തുടങ്ങിയത്. ഓപണർമാരായ ഡിവോൺ കോൺവേ(13)യെയും രചിൻ രവീന്ദ്ര(13)യെയും മുഹമ്മദ് ഷമിയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെഎൽ രാഹുൽ പിടികൂടി. വിക്കറ്റ് കീപ്പർ ടോം ലാതത്തെ(0) ഷമി ബൗൾഡാക്കി. 52 റൺസിൽ നിൽക്കവേ കെയ്ൻ വില്യംസന്റെ ക്യാച്ച് ഷമി വിട്ടെങ്കിലും അധികം വൈകാതെ ന്യൂസിലാൻഡ് നായകനെയും താരം പറഞ്ഞയച്ചു. സൂര്യകുമാർ പിടികൂടുകയായിരുന്നു. ന്യൂസിലാൻഡിന്റെ ടോപ് സ്‌കോറർ ഡരിൽ മിച്ചലിനെയും(134) തിരിച്ചയച്ചത് ഷമിയായിരുന്നു. ഒടുവിൽ ടിം സൗത്തിയെയും ലോക്കി ഫെർഗൂസനെയും രാഹുലിന്റെ കൈകളിലെത്തിക്കുകയും ചെയ്തു. 41 റൺസെടുത്ത ഗ്ലെൻ ഫിലിപ്സിനെ ജസ്പ്രീത് ബുംറയും മാർക് ചാപ്മാനെ കുൽദീപ് യാദവും പുറത്താക്കി. രവീന്ദ്ര ജഡേജയുടെ ക്യാച്ചിലാണ് ഇരുവരും പുറത്തായത്. 77 റൺസ് വഴങ്ങിയ സിറാജിന് ആശ്വാസമായി മിച്ചൽ സാൻറ്നറുടെ(9) വിക്കറ്റ് ലഭിച്ചു. രോഹിത് ശർമ പിടികൂടുകയായിരുന്നു.

ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയെന്ന നേട്ടം സ്വന്തമാക്കിയ വിരാട് കോഹ്ലിയുടെയും സെഞ്ച്വറിയടിച്ച ശ്രേയസ് അയ്യരുടെയും ബലത്തിലാണ് ന്യൂസിലാൻഡിനെതിരെ ഇന്ത്യ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ് ടീം ഇന്ത്യ അടിച്ചുകൂട്ടിയത്. കോഹ്ലി 117ഉം ശ്രേയസ് അയ്യർ 105ഉം റൺസെടുത്താണ് പുറത്തായത്. കോഹ്ലിയെ ടിം സൗത്തി കോൺവേയുടെ കൈകളിലെത്തിച്ചപ്പോൾ, അയ്യരെ ബോൾട്ടിന്റെ പന്തിൽ മിച്ചൽ പിടികൂടി. അയ്യർ പുറത്തായതോടെ ഇറങ്ങിയ സൂര്യകുമാർ വന്നതും പോയതും പെട്ടെന്നായിരുന്നു. രണ്ട് പന്ത് നേരിട്ട താരം ടിം സൗത്തിയുടെ പന്തിൽ ഫിലിപ്സിന് ക്യാച്ച് നൽകുകയായിരുന്നു. നേരത്തെ റിട്ടേർഡ് ഹാർട്ടായി തിരിച്ചുകയറിയ ഓപണർ ശുഭ്മാൻ ഗിൽ വീണ്ടുമിറങ്ങി. സ്‌കോർ 80 ആക്കി കെഎൽ രാഹുലി(39)നൊപ്പം പുറത്താകാതെ നിന്നു. രോഹിത് പുറത്തായ ശേഷം കളം നിറഞ്ഞുകളിച്ച ഗിൽ 65 പന്തിൽനിന്ന് 79 റൺസെടുത്ത നിൽക്കവേയാണ് ഗിൽ പേശിവലിവു മൂലം റിട്ടയേഡ് ഹർട്ടായിരുന്നത്.

Similar Posts