Cricket
ദ്രാവിഡ് കോച്ചാകുമോ? പത്രങ്ങളിൽ വായിച്ച അറിവേയുള്ളൂവെന്ന് ഗാംഗുലി
Cricket

ദ്രാവിഡ് കോച്ചാകുമോ? പത്രങ്ങളിൽ വായിച്ച അറിവേയുള്ളൂവെന്ന് ഗാംഗുലി

Web Desk
|
24 Oct 2021 7:38 AM GMT

കോച്ചാകാൻ നേരത്തെ ദ്രാവിഡിനോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നതായും എന്നാൽ അദ്ദേഹം അതു നിരസിക്കുകയായിരുന്നു എന്നും ഗാംഗുലി വെളിപ്പെടുത്തി

മുംബൈ: ടീം ഇന്ത്യയുടെ കോച്ചായി രാഹുൽ ദ്രാവിഡ് വരുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ഇക്കാര്യത്തിൽ പത്രങ്ങളിൽ വായിച്ചുള്ള അറിവേയുള്ളൂവെന്ന് ഗാംഗുലി പറഞ്ഞു. ആജ് തക് ചാനലിന്റെ സലാം ക്രിക്കറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇക്കാര്യത്തിൽ ഉറപ്പില്ല. ഞാനത് പത്രങ്ങളിൽ വായിച്ചു. ചില നടപടിക്രമങ്ങളുണ്ട്. അത് പ്രസിദ്ധപ്പെടുത്തും. അദ്ദേഹത്തിന് ആഗ്രഹമുണ്ടെങ്കിൽ അപേക്ഷിക്കാം' - എന്നായിരുന്നു ഗാംഗുലിയുടെ വാക്കുകൾ. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടറായ ദ്രാവിഡ് ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചാൻ സമ്മതിച്ചു എന്നായിരുന്നു വാർത്തകൾ. മുൻനിര ദേശീയ മാധ്യമങ്ങളെല്ലാം വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

ഐപിഎൽ ഫൈനലിനിടെ നടത്തിയ ചർച്ചയ്ക്കിടെയാണ് ദ്രാവിഡ് ഹെഡ് കോച്ചാകാൻ സമ്മതം മൂളിയത് എന്നായിരുന്നു റിപ്പോർട്ടുകൾ. ബിസിസിഐ സെക്രട്ടറി ജെയ് ഷായും ചർച്ചയിൽ പങ്കെടുത്തതായി മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനിടെയാണ്, ഗാംഗുലി ഇക്കാര്യത്തിൽ മനസ്സു തുറന്നത്.

'ഇപ്പോൾ അദ്ദേഹം ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാനാണ്. എൻസിഎയെ കുറിച്ച് ചർച്ച ചെയ്യാൻ അദ്ദേഹം ദുബൈയിലെത്തിയിരുന്നു. എങ്ങനെ അതു മുമ്പോട്ടുകൊണ്ടു പോകാം എന്നായിരുന്നു ചർച്ച. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയിൽ നിർണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് അക്കാദമി. അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ചയ്ക്കു വന്നത്.' - ഗാംഗുലി വ്യക്തമാക്കി.

ടീം ഇന്ത്യയുടെ കോച്ചാകാൻ നേരത്തെ ദ്രാവിഡിനോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നതായും എന്നാൽ അദ്ദേഹം അതു നിരസിക്കുകയായിരുന്നു എന്നും ഗാംഗുലി വെളിപ്പെടുത്തി. 'നേരത്തെ ഇതുസംബന്ധിച്ച് അദ്ദേഹവുമായി ഒരു സംസാരമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം താത്പര്യം കാണിച്ചില്ല. അതു തന്നെയാണ് ഇപ്പോഴും അദ്ദേഹത്തിന്റെ നിലപാട്. കുറച്ചുകൂടി സമയം അദ്ദേഹം ചോദിച്ചിട്ടുണ്ട്. നമുക്ക് കാത്തിരുന്നു കാണാം.'- മുൻ ഇന്ത്യൻ നായകൻ കൂട്ടിച്ചേർത്തു.

ദ്രാവിഡ് പരിശീലകനാകുന്നതിനെ കുറിച്ച് അറിയില്ലെന്ന് നായകൻ വിരാട് കോലിയും പ്രതികരിച്ചിരുന്നു. ട്വന്റി20 ലോകകപ്പിന് മുമ്പായുള്ള വാർത്താ സമ്മേളനത്തിലാണ് കോഹ്ലിയുടെ പ്രതികരണം.

Similar Posts