ക്യാപ്റ്റനായതിന് ശേഷമുള്ള ടീമിന്റെ ഏറ്റവും വലിയ വിജയം: ബെൻസ്റ്റോക്‌സ് പറയുന്നു...
|''സ്പിന്നർമാർക്ക് വേണ്ടി രോഹിത് ഫീൽഡ് ഒരുക്കിയതൊക്കെ നോക്കിയിരുന്നു, അതിൽ നിന്ന് കുറെ മനസിലാക്കാനായി''
ഹൈദരാബാദ്: ആദ്യ ടെസ്റ്റിലെ ഗംഭീര വിജയത്തിന്റെ ത്രില്ലിൽ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സ്. 28 റൺസിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് അനായാസം വിജയിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും എട്ടാം വിക്കറ്റിൽ പിറന്നൊരു കൂട്ടുകെട്ട്(അശ്വിൻ-ഭരത് സഖ്യം) അവരെ അസ്വസ്ഥമാക്കി.
എന്നാൽ ഭരതിനെ മനോഹരമായി ക്ലീൻബൗൾഡാക്കി ടോം ഹാട്ട്‌ലി ടീമിനെ വിജയവഴിയിലെത്തിച്ചു. ഇങ്ങനെയൊരു വിജയത്തിൽ അഭിമാനിക്കാനേറെയുണ്ടെന്ന് പറയുകയാണ് ബെൻ സ്റ്റോക്‌സ്.
''നായകനായ ശേഷം ടീം എന്ന നിലയിൽ ഒത്തിരി മനോഹരമായ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. പല മഹത്തായ വിജയങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. പക്ഷെ എനിക്ക് തോന്നുന്നത്, ആർക്കെതിരെ, എവിടെയാണോ കളിക്കുന്നത് എന്നതിനാൽ ഈ വിജയത്തിനാണ് മാറ്റ് കൂടുതൽ. അതിനാൽ ക്യാപ്റ്റനായ ശേഷം ടീം എന്ന നിലയിൽ എന്റെ ഏറ്റവും വലിയ വിജയമാണിത്- സ്റ്റോക്‌സ് പറഞ്ഞു.
''സത്യസന്ധമായി കാര്യങ്ങൾ പറയട്ടെ, നായക ചുമതലയുമായി ആദ്യമായാണ് ഇന്ത്യയിലേക്ക് വരുന്നത്. കളിയെ ഗാര്യമായി തന്നെ ഞാൻ വീക്ഷിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ ഞങ്ങൾക്ക് ഫീൽഡ് ഒരുക്കിയതിലൂടെ ഒത്തിരികാര്യങ്ങൾ മനസിലാക്കാനായി, പ്രത്യേകിച്ച് എങ്ങനെയാണ് ഇന്ത്യൻ സ്പിന്നർമാർക്ക് വേണ്ടി നായകൻ രോഹിത് ഫീൽഡൊരുക്കിയതെന്ന്. അതിൽ നിന്ന് മനസിലാക്കിയാണ് ഇന്ത്യൻ ബാറ്റർമാർക്കു വേണ്ടിയും ഫീൽഡ് തയ്യാറാക്കിയത്''- സ്റ്റോക്സ് പറഞ്ഞു.
''എല്ലാവരും ഈ വിജയത്തിന് വേണ്ടി പ്രയത്‌നിച്ചിട്ടുണ്ട്. ടോം ഹാട്ട്ലിയുടെത് അരങ്ങേറ്റമാണ്. ഒമ്പത് വിക്കറ്റുകളാണ് വീഴ്ത്തിയത്(രണ്ട് ഇന്നിങ്‌സിലും). തോളിനേറ്റ പരിക്ക് ഭേദമായതിന് ശേഷമുള്ള ആദ്യ പരമ്പരയാണ് പോപ്പിന്റേത്. എല്ലാവരുടെതും അവിശ്വസനീയമായ പരിശ്രമമായിരുന്നു- സ്റ്റോക്‌സ് കൂട്ടിച്ചേർത്തു.
അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഏകദേശം ഒരുമാസത്തോളമാണ് പരമ്പര നീണ്ടുനിൽക്കുന്നത്. ഫെബ്രുവരി രണ്ടിന് വിശാഖപ്പട്ടണത്താണ് രണ്ടാം മത്സരം. ആദ്യ മത്സരത്തിലെ തോൽവി ഇന്ത്യയെ പൊതുവെ ബാധിക്കാറില്ല. ആദ്യ മത്സരം തോറ്റിട്ടും പരമ്പര വിജയിച്ച ചരിത്രമാണ് ഇന്ത്യക്ക് പലഘട്ടങ്ങളിലും ഉണ്ടായിട്ടുള്ളത്. ആ വഴിക്ക് തന്നെ കാര്യങ്ങൾ നീങ്ങുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.