'ഷാറൂഖ് ഖാനുമായി സംസാരിച്ചിട്ടില്ല': ഒത്താൽ ഐ.പി.എൽ കളിക്കാൻ ആമിർ
|എല്ലാവരെയും ഞെട്ടിച്ച് 2019ലാണ് ആമിർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്
ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷം ഇംഗ്ലണ്ടിലാണ് പാകിസ്താന്റെ തീപ്പൊരി ബൗളർ മുഹമ്മദ് ആമിർ കഴിയുന്നത്. നാലു വർഷം കഴിയുന്നതോടെ 2024ൽ ആമിറിന് ബ്രിട്ടീഷ് പൗരത്വം ലഭിക്കും. അങ്ങനെ വന്നാൽ ഇംഗ്ലണ്ടിന് വേണ്ടിയും ഇന്ത്യൻ പ്രീമിയർ ലീഗിലും(ഐപിഎൽ) കളിക്കാനും ആമിറിനാകും. അതിന്റെ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് ആമിർ.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി കളിക്കില്ലെന്ന് ആമിർ പറഞ്ഞു. എന്നാൽ ഐപിഎൽ കളിക്കാനില്ലെന്ന് താരം പറഞ്ഞതുമില്ല. പാകിസ്താനിലെ ഒരു ന്യൂസ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമകളിലൊരാളായ ഷാറൂഖ് ഖാനുമായി സംസാരിച്ചിട്ടില്ലെന്നും ആമിർ പറഞ്ഞു. പാക് കളിക്കാർ ഐ.പി.എൽ കളിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ഇന്ത്യക്കാരുണ്ട്. ആരും ആത് പരസ്യമായി പറയുന്നില്ലെന്ന് മാത്രം- ആമിർ പറഞ്ഞു. ഐ.പി.എല്ലിന്റെ ആദ്യ എഡിഷനിലാണ് പാക് താരങ്ങൾ ഐ.പി.എല്ലിന്റെ ഭാഗമായത്.
എന്നാൽ 2009ന് ശേഷം പാക് കളിക്കാർക്ക് വിലക്ക് വന്നു. വിലക്ക് വന്നതിന് ശേഷവും ഒരു പാക് ക്രിക്കറ്റർ ഐ.പി.എൽ കളിച്ചിരുന്നു. അസ്ഹർ മഹ്മൂദാണ് ആ ക്രിക്കറ്റർ. 2011ൽ ബ്രിട്ടീഷ് പൗരത്വം ലഭിച്ചതിന് പിന്നാലെയാണ് അസ്ഹർ മഹ്മൂദ് കിങ്സ് ഇലവൻ പഞ്ചാബിന്റെ ഭാഗമായത്. അതുപോലൊരു സാഹചര്യമാണ് ഇപ്പോൾ ആമിറിന്റെ മുന്നിലുള്ളത്. 2019ലാണ് 31കാരനായ ആമിർ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയത്. വിരമിച്ചതിന് പിന്നാലെ പാക് ക്രിക്കറ്റ് ബോർഡിനെതിരെ ആമിർ പരസ്യമായി രംഗത്ത് എത്തിയിരുന്നു.
വിവാദങ്ങളും ആമിറിനെ തേടിയെത്തി. ഒത്തുകളിയുടെ പേരിൽ 2010ൽ വിലക്കും വന്നു. വിലക്കിന് ശേഷം തിരിച്ചെത്തിയ ആമിർ തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. വിരമിച്ച ശേഷവും പാക് ക്രിക്കറ്റിലേക്ക് ആമിര്‍ തിരിച്ചുവരുന്നതായുള്ള വാര്‍ത്തകള്‍ സജീവമായിരുന്നു. ഏത് മികച്ച ബാറ്ററും പേടിയോടെയാണ് ആമിറിന്റെ ഓപ്പണിങ് സ്പെല്ലിനെ കാണുന്നത്. കളി കാണുന്നവർക്ക് തന്നെ ആമിറിന്റെ സ്പെല്‍ വിരുന്നാണ്.