വൻകരയിലെ ക്രിക്കറ്റ് പോരാട്ടത്തിന് ദിവസങ്ങൾ മാത്രം; ഏഷ്യാകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു
|പാകിസ്താന് പുറമെ ശ്രീലങ്കയും മത്സരങ്ങൾക്ക് വേദിയാകും
ഇസ്ലാമാബാദ്: 2023ലെ ഏഷ്യാകപ്പിനും അഫ്ഗാനിസ്ഥാനിലെ പരമ്പരയ്ക്കുമായുള്ള ടീമിനെ പാകിസ്താൻ പ്രഖ്യാപിച്ചു. ബാബർ അസം തന്നെയാണ് നായകൻ.
അംഗങ്ങൾ: ഫഖർ സമാൻ, മുഹമ്മദ് റിസ്വാൻ (വിക്കറ്റ്കീപ്പർ), ഷാദാബ് ഖാൻ, അബ്ദുല്ലാ ഷഫീഖ്, ഫഹീം അഷ്റഫ്, ഹാരിസ് റൗഫ്, മുഹമ്മദ് നവാസ്, ഇഫ്തിഖാർ അഹമ്മദ്, ഇമാമുൽ ഹഖ്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് വസീം ജൂനിയർ, സൗദ് ഷക്കീൽ, നസീം ഷാ, ആഗാ സൽമാൻ, ഷഹീൻ അഫ്രീദി, ത്വയ്യിബ് താഹിർ, ഉസാമ മിർ. ഇവരിൽ ഫഹീം അഷ്റഫ്, സൗദ് ഷക്കീൽ, ത്വയ്യിബ് താഹിർ എന്നിവർ അഫ്ഗാൻ പര്യടനത്തിന് മാത്രമാണുണ്ടാകുക. ന്യൂസിലാൻഡിനെതിരെയുള്ള ഏകദിനത്തിൽ കളിച്ച ഷാൻ മസൂദ്, ഇഹ്സാനുല്ലാഹ് എന്നിവർക്ക് ടീമിൽ ഇടം നഷ്ടമായി.
ഏഷ്യാകപ്പ് മത്സരക്രമം
നീണ്ട നാടകീയതകൾക്കൊടുവിലാണ് ഈ വർഷത്തെ ഏഷ്യാകപ്പിനുള്ള മത്സരക്രമം പ്രഖ്യാപിച്ചു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ജയ് ഷായാണ് മത്സരക്രമവും വേദികളും പ്രഖ്യാപിച്ചത്. നേരത്തെ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചത് പോലെ ഹൈബ്രിഡ് മോഡലിലാണ് മത്സരങ്ങൾ. പാകിസ്താന് പുറമെ ശ്രീലങ്കയും മത്സരങ്ങൾക്ക് വേദിയാകും.
പാകിസ്താന്റെ മുൾട്ടാനിലാണ് ഉദ്ഘാടന മത്സരം (ആഗസ്ത് 30). പാകിസ്താനും നേപ്പാളും തമ്മിലാണ് മത്സരം. പാകിസ്താനിൽ നാല് മത്സരങ്ങളും ഫൈനൽ ഉൾപ്പെടെ ശ്രീലങ്കയിൽ ഒമ്പത് മത്സരങ്ങളും അരങ്ങേറും. മുൽത്താന് പുറമെ ലാഹോറാണ് മറ്റൊരു വേദി. 31ന് ശ്രീലങ്കയിലെ കാൻഡിയിൽ വച്ച് ബംഗ്ലാദേശ്-ശ്രീലങ്ക പോരാട്ടം നടക്കും.
സെപ്റ്റംബർ രണ്ടിന് കാൻഡിയിൽ(ശ്രീലങ്ക) വെച്ചാണ് ടൂർണമെൻറിലെ ആദ്യ ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടം. സെപ്റ്റംബർ 3ന് പാകിസ്ഥാനിലെ ലാഹോറിൽ ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ മത്സരവും 4ന് കാൻഡിയിൽ തന്നെ ഇന്ത്യ-നേപ്പാൾ അങ്കവും നടക്കും.
അഞ്ചാം തിയതി ലാഹോറിൽ ശ്രീലങ്ക-അഫ്ഗാൻ പോരാട്ടത്തോടെ ആദ്യ റൗണ്ട് മത്സരങ്ങൾ തീരും. ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ല എന്ന് ബിസിസിഐ നിലപാടെടുത്തതോടെയാണ് ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലിൽ നടത്താൻ തീരുമാനമായത്. ഇത് ആതിഥേയരായ പാകിസ്ഥാൻ അംഗീകരിക്കുകയും ചെയ്തു. ഏകദിന ലോകകപ്പ് മുൻനിർത്തി ഇക്കുറി ഏകദിന ഫോർമാറ്റിലാണ് ഏഷ്യാകപ്പ്. കഴിഞ്ഞ വർഷം ടി20 ഫോർമാറ്റിലായിരുന്നു. ശ്രീലങ്കയാണ് നിലവിലെ ചാമ്പ്യന്മാർ.
ആറ് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 30 മുതൽ സെപ്തംബർ 17വരെയാണ് മത്സരങ്ങൾ. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്താനും. നേപ്പാളാണ് മറ്റൊരു അംഗം. ശ്രീലങ്ക, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ.
Pakistan Cricket Team Announced for Asia Cup