2021ന് ശേഷം നാട്ടിൽ ടെസ്റ്റ് പരമ്പര വിജയം; ഇംഗ്ലണ്ടിനെതിരെ പാകിസ്താന് 9 വിക്കറ്റ് ജയം
|മോശം ഫോമിലുള്ള ബാബർ അസമിനെ പുറത്തിരുത്തിയാണ് പാകിസ്താൻ ഇറങ്ങിയത്.
റാവൽപിണ്ടി:ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്താന് ഒൻപത് വിക്കറ്റ് ജയം. ഇതോടെ പരമ്പര 2-1ന് സ്വന്തമാക്കി. സ്വന്തം മണ്ണിൽ 2021 ജനുവരിക്ക് ശേഷമാണ് പാക് ടീം ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ട ആതിഥേയർ രണ്ടും മൂന്നും മാച്ചിൽ ഇംഗ്ലണ്ടിനെ തകർത്ത് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. സ്പിന്നർമാരായ സാജിദ് ഖാന്റേയും നോമാൻ അലിയുടെയും മികവിലാണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 112 റൺസിന് പുറത്താക്കിയ ഷാൻ മസൂദും സംഘവും വിജയലക്ഷ്യമായ 35 റൺസ് ഒരു വിക്കറ്റ് നഷ്ടത്തിൽ അനായാസം നേടിയെടുത്തു. സ്കോർ: ഇംഗ്ലണ്ട് 267, 112, പാകിസ്താൻ: 344, 37-1.
24-3 എന്ന സ്കോറിൽ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 112 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. ഏഷ്യൻ മണ്ണിൽ ഇംഗ്ലണ്ടിന്റെ ആറാമത്തെ ചെറിയ ടോട്ടലാണിത്. 33 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ആദ്യ ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്ക് 26 റൺസെടുത്ത് പുറത്തായി. പാകിസ്ഥാനുവേണ്ടി നോമാൻ അലി 42 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. സാജിദ് ഖാൻ 69 റൺസിന് നാലു വിക്കറ്റെടുത്തു. 24-3 എന്ന സ്കോറിൽ ബാറ്റിംഗ് തുടർന്ന ഇംഗ്ലണ്ടിനെ ബ്രൂക്കും റൂട്ടും ചേർന്ന് 50 കടത്തി പ്രതീക്ഷ നൽകിയെങ്കിലും സ്പിൻ കെണിയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ആതിഥേയർ പിടിമുറുക്കി.
1995ൽ സിംബാബ്വെക്കെതിരെ ആദ്യ ടെസ്റ്റ് തോറ്റ് പരമ്പര നേടിയശേഷം ഇതാദ്യമായാണ് പാകിസ്താൻ ആദ്യ ടെസ്റ്റിൽ തോറ്റശേഷം പരമ്പര സ്വന്തമാക്കിയത്. 2015നുശേഷമാണ് ഇംഗ്ലണ്ടിനെതിരെ പാകിസ്താൻ വിജയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ആദ്യ ടെസ്റ്റിലെ തോൽവിക്ക് ശേഷം മുൻ നായകൻ ബാബർ അസമിനെയടക്കം പുറത്തിരുത്തിയാണ് പാകിസ്താൻ ഇറങ്ങിയത്.