ന്യൂസിലാൻഡിനെ എറിഞ്ഞൊതുക്കി; പാകിസ്താന് വിജയലക്ഷ്യം 135
|നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫാണ് ന്യൂസിലാൻഡിനെ തകർത്തത്
ദുബൈ: ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ പാകിസ്താന് 135 റൺസിന്റെ വിജയലക്ഷ്യം. തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത പാക് ബൗളർമാർ എതിരാളികളെ 134 റൺസില്‍ ഒതുക്കുകയായിരുന്നു. ന്യൂസിലാൻഡിന് എട്ടുവിക്കറ്റ് നഷ്ടമായി. നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫാണ് ന്യൂസിലാൻഡ് ബാറ്റിങ്ങിന്‍റെ നട്ടെല്ലൊടിച്ചത്.
ടോസ് നേടിയ പാക് നായകൻ ബാബർ അസം ന്യൂസിലാൻഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപണർമാരായ മാർട്ടിൻ ഗപ്ടിലും ഡാരിൽ മിച്ചലും താരതമ്യേന മികച്ച തുടക്കമാണ് ന്യൂസിലാൻഡിന് നൽകിയത്. സ്‌കോർ 36ൽ നിൽക്കവെ 20 പന്തിൽനിന്ന് 17 റൺസെടുത്ത ഗപ്ടിലാണ് ആദ്യം പുറത്തായത്. ഹാരിസ് റൗഫിന്റെ പന്തിൽ ക്ലീൻ ബൗൾഡ്. ഒമ്പതാം ഓവറിൽ 27 റൺസെടുത്ത മിച്ചലും പുറത്തായി. 20 പന്തിൽ നിന്ന് രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും സഹിതമായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇമാദ് വസീമിന്റെ പന്തിൽ ഫഖർ സമാൻ പിടിച്ചാണ് മിച്ചൽ പുറത്തായത്.
വൺഡൗണായി എത്തിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ നങ്കൂരമിട്ടു കളിച്ചെങ്കിലും 25 റൺസെടുത്തു നിൽക്കവെ റൺഔട്ടായി. പിന്നാലെ വന്ന ജെയിംസ് നീഷമിന് രണ്ടു പന്തിൽ ഒരു റൺസെടുക്കാനേ ആയുള്ളൂ. എന്നാൽ പിന്നീടെത്തിയ ഡെവൻ കൊൺവേയും ഗ്ലൻ ഫിലിപ്‌സും പിടിച്ചുനിന്നു. എന്നാൽ തൊട്ടടുത്ത പന്തുകളിൽ ഹാരിസ് റൗഫ് ഇരുവരെയും പുറത്താക്കിയതോടെ ന്യൂസിലാൻഡ് പ്രതിരോധത്തിലായി.
വാലത്ത് ടിം സീംഫെർട്ടിനും (8) മിച്ചൽ സാന്റ്‌നറിനും (6) സോധിക്കും (2) കാര്യമായി ഒന്നും ചെയ്യാനായില്ല. ഷഹീൻ അഫ്രീദിയും ഇമാദ് വസീമും മുഹമ്മദ് വസീമും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് പാകിസ്താൻ കളത്തിലിറങ്ങിയത്.