ശ്രീലങ്കയുടെ 'ഇരട്ട സെഞ്ച്വറികൾക്ക്' പാകിസ്താന്റെ മറുപടി; ആറ് വിക്കറ്റിന്റെ ജയവും
|ഓപ്പണർ അബ്ദുള്ള ഷഫീഫും മുഹമ്മദ് റിസ്‌വാനും സെഞ്ച്വറി നേടിയപ്പോൾ ശ്രീലങ്കയ്‌ക്കെതിരെ പാകിസ്താന് ആറ് വിക്കറ്റിന്റെ ആവേശ ജയം.
ഹൈദരാബാദ്: ശ്രീലങ്കയുടെ ഇരട്ട സെഞ്ച്വറികൾക്ക് പാകിസ്താന്റെ മറുപടി അതേ നാണയത്തിൽ. ഓപ്പണർ അബ്ദുള്ള ഷഫീഫും മുഹമ്മദ് റിസ്‌വാനും സെഞ്ച്വറി നേടിയപ്പോൾ ശ്രീലങ്കയ്‌ക്കെതിരെ പാകിസ്താന് ആറ് വിക്കറ്റിന്റെ ആവേശ ജയം.
ശ്രീലങ്ക ഉയർത്തിയ 345 എന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താൻ 48.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
ശ്രീലങ്കയ്ക്കുള്ള മറുപടിയിൽ പാകിസ്താൻ ആദ്യം ഒന്ന് വിരണ്ടെങ്കിലും പിന്നീട് കരകയറുകയായിരുന്നു. 37ന് രണ്ട് എന്ന നിലയിൽ പതറിയ പാകിസ്താൻ മൂന്നാം വിക്കറ്റിലാണ് മത്സരത്തിലേക്ക് തിരച്ചുവന്നത്. അബ്ദുള്ള ഷഫീഖും മുഹമ്മദ് റിസ്‌വാനുമാണ് കളി തിരിച്ചത്. ഷഫീഖ് 103 പന്തുകളിൽ നിന്ന് 113 റൺസ് നേടിയപ്പോൾ റിസ്‌വാൻ റൺസ് നേടി പുറത്താകാതെ നിന്നു.
ബാബർ അസം(10) ഇമാമുൽ ഹഖ്(12) എന്നിവരാണ് ആദ്യം പുറത്തായത്. 31 റൺസുമായി സൗദ് ഷക്കീലും 22 റൺസുമായി ഇഫ്തികാർ അഹമ്മദും പാകിസ്താന്റെ വിജയത്തിൽ പങ്കാളികളായി. 10 ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു അബ്ദുള്ളയുടെ ഇന്നിങ്‌സ്. റിസ്‌വാൻ മൂന്ന് സിക്‌സറുകളും ഒമ്പത് ബൗണ്ടറിയും കണ്ടെത്തി.
ആദ്യ ഇന്നിങ്സ് റിപ്പോര്‍ട്ട്:
ഹൈദരാബാദ്: വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസും മധ്യനിര ബാറ്റർ സദീര സമരവിക്രമയും നേടിയ സെഞ്ച്വറികളുടെ ബലത്തിൽ പാകിസ്താനെതിരെ ശ്രീലങ്കയ്ക്ക് മികച്ച സ്‌കോർ. 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 344 റൺസാണ് ശ്രീലങ്ക നേടിയത്.
ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ ബോർഡിൽ അഞ്ച് റൺസ് എത്തുമ്പോഴേക്ക് ലങ്കയുടെ ആദ്യ വിക്കറ്റ് വീണു. പിന്നാലെയായിരുന്നു ലങ്കൻ ഇന്നിങ്‌സിന്റെ രക്ഷാ പ്രവർത്തനം. കുശാൽ മെൻഡിസ് 77 പന്തുകളിൽ നിന്ന് 122 റൺസ് നേടിയപ്പോൾ സമരവിക്രമ 89 പന്തുകളിൽ നിന്ന് 108 റൺസ് നേടി.
ഇരുവരും ചേർന്ന് പാകിസ്താന്റെ പേര് കേട്ട ബൗളിങ് ഡിപാർട്‌മെന്റിനെ അടിച്ചുവിട്ടു. ഓപ്പണറായ പതും നിസങ്ക 51 റൺസ് നേടി. എന്നാൽ അവസനത്തിൽ നിന്ന് ലങ്കയ്ക്ക് കാര്യമായ പിന്തുണ കിട്ടാതെ പോയതാണ് റൺറേറ്റ് അൽപ്പം താഴ്ന്നത്.
പാകിസ്താന് വേണ്ടി ഹസൻ അലി നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും പത്ത് ഓവറിൽ 71 റൺസ് വിട്ടുകൊടുക്കേണ്ടി വന്നു. ഷഹീൻ അഫ്രീദിക്ക് ഒരു വിക്കറ്റെ വീഴ്ത്താനായുള്ളൂ.