Cricket
Pakistan women cricket player opts out of Asian Games
Cricket

'കുഞ്ഞിനെ കൊണ്ടുപോകാനാകില്ല': ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി പാക് വനിതാ ക്രിക്കറ്റ് താരം

Web Desk
|
25 July 2023 1:44 PM GMT

എഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിന് 15 അംഗ ടീമിനെ പ്രഖ്യാപിക്കവേയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ബിസ്മയുടെ തീരുമാനമറിയിച്ചത്

കറാച്ചി: 2023ലെ എഷ്യൻ ഗെയിംസ് ബഹിഷ്‌കരിച്ച് പാക് വനിതാ ക്രിക്കറ്റ് താരം ബിസ്മ മറൂഫ്. ഗെയിംസിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് കുഞ്ഞുങ്ങളെ ഒപ്പം കൊണ്ടുപോകാനാവില്ല എന്ന നിയമത്തെ തുടർന്നാണ് ബിസ്മയുടെ പിന്മാറ്റം. മുൻ പാക് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയാണ് ബിസ്മ.

എഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിന് 15 അംഗ ടീമിനെ പ്രഖ്യാപിക്കവേയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ബിസ്മയുടെ തീരുമാനമറിയിച്ചത്. കുഞ്ഞിനെ കൊണ്ടുപോകുന്നതിന് തടസ്സമുള്ളതിനാൽ ഗെയിംസിൽ ബിസ്മക്ക് പങ്കെടുക്കാനാവില്ലെന്നും ബിസ്മയുടെ അഭാവം ടീമിന് വലിയ നഷ്ടമായിരിക്കുമെന്നും പാക് വനിതാ ക്രിക്കറ്റ് ടീം ഹെഡ് താനിയ മാലിക്ക് അറിയിച്ചു.

സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 8 വരെ നടക്കുന്ന ഗെയിംസിൽ 19 മുതൽ 26 വരെയാണ് വനിതാ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുക. ഹാട്രിക് സ്വർണം ലക്ഷ്യമിട്ടാണ് പാക് ടീം മത്സരത്തിനിറങ്ങുന്നതും. കഴിഞ്ഞ രണ്ട് തവണ ചൈനയിലെ ഗ്വാങ്ഷുവിലും ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിലും നടന്ന ഏഷ്യൻ ഗെയിംസിൽ പാക് വനിതാ ക്രിക്കറ്റ് ടീം സ്വർണം നേടിയിരുന്നു.

ഐസിസി റാങ്കിങ് പ്രകാരം പാക് ടീമിന് സെപ്റ്റംബർ 22 മുതൽ 24 വരെ നടക്കുന്ന ക്വാർട്ടർ ഫൈനൽ മുതൽ മത്സരിച്ചാൽ മതിയാകും. സെപ്റ്റംബർ 25നാണ് സെമി ഫൈനൽ, 26ന് ഫൈനൽ മത്സരം നടക്കും.

നേരത്തേ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വനിതാ ക്രിക്കറ്റ് താരം ആയിഷ നസീം അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന് വേണ്ടി ആയിഷ നാല് ഏകദിനങ്ങളും 30 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Similar Posts