'ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു'; തന്നെ കാത്തിരുന്ന ആരാധികയോട് പാക് താരം ഹസൻ അലി
|ഇന്ത്യൻ വംശജയായ സാമിയ ആർസുവാണ് ഹസൻ അലിയുടെ ഭാര്യ
ഏഷ്യാ കപ്പിനായി ദുബൈയിലെ ഐസിസി ക്രിക്കറ്റ് അക്കാദമിയിൽ കഠിന പരിശീലനത്തിലാണ് ഇന്ത്യയുടെയും പാക്കിസ്താന്റെയും ക്രിക്കറ്റ് താരങ്ങൾ. ഇരുവശത്തുമുള്ള താരങ്ങൾ പരിശീലന സെഷനുകൾക്കിടയിൽ ചിരി പങ്കിടുകയും ക്രിക്കറ്റിനപ്പുറമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാറുമുണ്ട്. പരിശീലനങ്ങൾക്കിടെ തങ്ങളെ കാണാനും സംസാരിക്കാനുമായി കാത്തുനിൽക്കുന്ന ആരാധകരെയും താരങ്ങൾ നിരാശപ്പെടുത്താറില്ല.
പാകിസ്താൻ ആരാധകർ ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കൊപ്പം ഫോട്ടോ എടുക്കാൻ തിടുക്കം കാണിക്കാറുണ്ട്. ഇന്ത്യൻ ആരാധകരാകട്ടെ പാക് സൂപ്പർ താരം ബാബർ അസമിനെയും കൂട്ടരെയും കാണാനും.
പാകിസ്താൻ പേസർ ഹസൻ അലി ഒരു ഇന്ത്യൻ ആരാധികയുമായി സംസാരിക്കുന്നതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചൊവ്വാഴ്ച, പാകിസ്താൻ പരിശീലന സെഷനിൽ, ഒരു ഇന്ത്യൻ യുവതി തന്നെ കാത്തിരിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഐ ലവ് ഇന്ത്യ എന്നാണ് ഹസൻ അലി പറഞ്ഞത്. താങ്കള്‍ക്ക് ഇന്ത്യയില്‍ ഒരുപാട് ആരാധകരുണ്ടെന്ന് പെണ്‍കുട്ടി പറയുകയും ചെയ്തു. താരത്തിനൊപ്പം ഫോട്ടോയെടുത്താണ് ഇവര്‍ മടങ്ങിയത്. ഇന്ത്യൻ വംശജയായ സാമിയ ആർസുവാണ് ഹസൻ അലിയുടെ ഭാര്യ. ദുബൈയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.
പേസ് ബൗളർ മുഹമ്മദ് വസീം പരുക്ക് മൂലം പുറത്തായപ്പോഴാണ് ഏഷ്യാ കപ്പിൽ പകരക്കാരനായി ഹസൻ അലി പാക് ടീമിന്റെ ഭാഗമായത്. എന്നാൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ഹസൻ അലി കളിച്ചിരുന്നില്ല.
എമിറേറ്റ്സ് എയർലൈൻസിൽ എയറനോട്ടിക്കൽ എഞ്ചിനീയറാണ് സാമിയ. ഹരിയാനയിലെ ഫരീദാബാദാണ് സ്വദേശം. ഇന്ത്യക്കാരിയെ വിവാഹം കഴിച്ച അഞ്ചാമത്തെ പാക് ക്രിക്കറ്ററാണ് ഹസൻ അലി. സഹീർ അബ്ബാസ്, മുഹ്സിൻ ഖാൻ, ഷുഹൈബ് മാലിക് എന്നിവരാണ് മറ്റുള്ളവർ.