മുൻനിരയെ തകർത്ത് ദക്ഷിണാഫ്രിക്ക; പാകിസ്താന് മോശം തുടക്കം
|തോറ്റാൽ സെമിഫൈനലിൽ കടക്കാതെ പാകിസ്താൻ പുറത്താകും
സിഡ്നി: ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് മോശം തുടക്കം. മുൻനിരയിലെ നാല് ബാറ്റർമാരും സ്കോർബോർഡിൽ 43 റൺസ് തികയുന്നതിനിടെ കൂടാരം കയറി. പേസർമാരായ നോർജേ, ഇങ്കിഡി, പാർനൽ എന്നിവരാണ് വിക്കറ്റ് നേടിയത്. മുഹമ്മദ് ഹാരിസ് മാത്രമാണ് മുൻനിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ക്യാപ്റ്റൻ ബാബർ അസം 6 റൺസെടുത്ത് പുറത്തായപ്പോൾ മുഹമ്മദ് റിസ്വാന് 4 റൺസ് മാത്രമേ നേടാനായുള്ളൂ.
തോറ്റാൽ സെമിഫൈനലിൽ കടക്കാതെ പാകിസ്താൻ പുറത്താകും. ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ അഞ്ചു റൺസ് വിജയം നേടിയതോടെ, പാകിസ്താന്റെ സെമിഫൈനൽ സാധ്യത പരുങ്ങലിലായിട്ടുണ്ട്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളും വിജയിക്കുകയും, മറ്റു ടീമുകളുടെ മത്സരഫലങ്ങളും അനുസരിച്ചായിരിക്കും ടൂർണമെന്റിൽ ബാബർ അസമിന്റെയും സംഘത്തിന്റെയും ഭാവി തീരുമാനിക്കപ്പെടുക.
ഇന്ത്യയോടും സിംബാബ്വെയോടും നേരിട്ട തോൽവികളാണ് പാകിസ്താനെ പ്രതിസന്ധിയിലാക്കിയത്. നെതർലാൻഡ്സിനെതിരെ മാത്രമാണ് പാകി സ്താൻ വിജയിച്ചത്. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താൻ വിജയിക്കുകയും, നെതർലാൻഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കുകയോ, മത്സരം മഴമൂലം ഉപേക്ഷിക്കുകയോ ചെയ്താലാണ് പാകിസ്താന് സെമി സാധ്യത തുറക്കുക.